Skip to main content

നോമ്പ് (26)

ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന അനുഷ്ഠാനങ്ങളില്‍ ഒന്നാണ് നോമ്പ് അഥവാ വ്രതം. ഇസ്‌ലാമിക സൗധത്തിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണിത്. സ്വൗം എന്ന അറബി പദമാണ് മലയാളത്തില്‍ വ്രതം, നോമ്പ്, ഉപവാസം എന്നെല്ലാം വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഈ പദത്തിന്റെ ഭാഷാര്‍ഥം ഇംസാക്ക് അഥവാ പിടിച്ചുവെക്കല്‍, സംയമനം, നിയന്ത്രണം, പരിവര്‍ജനം എന്നിങ്ങനെയാണ്. ഈസാ നബിയുടെ മാതാവായ മര്‍യം(അ)യുടെ (യേശുക്രിസ്തുവിന്റെ മാതാവ്) പ്രസവത്തോടനുബന്ധിച്ച് മൂന്നു ദിവസം സംസാരം ഉപേക്ഷിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നുണ്ട്. ''ഇനി നീ മനുഷ്യരില്‍ ആരെയെങ്കിലും കാണുന്നപക്ഷം ഇപ്രകാരം പറഞ്ഞേക്കുക, ഞാന്‍ പരമകാരുണികന്റെ പ്രീതിക്കായി നോമ്പെടുത്തിരിക്കുകയാണ് അതിനാല്‍ ഇന്നു ഞാന്‍ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല'' (19:26). ജനങ്ങളുടെ പരിഹാസച്ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി അല്ലാഹു നിര്‍ദേശിക്കുന്ന  മൗനത്തെ ഇവിടെ സൗം എന്നാണ്  ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.


    
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ട്, പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങളും ലൈംഗിക ബന്ധങ്ങളും വര്‍ജിക്കുക എന്നതാണ് ഇസ്‌ലാമിലെ വ്രതത്തിന്റെ സാങ്കേതികാര്‍ഥം. പാപങ്ങളില്‍നിന്ന് മാറിനില്‍ക്കുക, നന്‍മകള്‍ ഏറെ പ്രവര്‍ത്തിക്കുക എന്നതാണ് നോമ്പിന്റെ പൂര്‍ണത.
 

ഇസ്‌ലാമിലെ വ്രതത്തിന് കൃത്യമായ ലക്ഷ്യവും നിയതമായ രൂപവുമുണ്ട്. വര്‍ഷത്തില്‍ ഒരു മാസം നിര്‍ബന്ധ വ്രതാനുഷ്ഠാനമുണ്ട്. ചാന്ദ്ര വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമായ റമദാന്‍ ആണ് നിര്‍ബന്ധവ്രതത്തിന് നിശ്ചയിക്കപ്പെട്ടത്. ഭക്തിയും പുണ്യവും വര്‍ധിക്കുവാനായി നിര്‍ബന്ധ കര്‍മത്തിനു പുറമെ നിര്‍വഹിക്കുന്ന ഐഛിക വ്രതങ്ങളുമുണ്ട്. അവ ഏതെല്ലാം ദിവസങ്ങളിലാണെന്ന് നബി(സ്വ) വിശദീകരിച്ചു തന്നിട്ടുണ്ട്. 

ചില പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി വ്രതാനുഷ്ഠാനം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിന് നിശ്ചിത ദിവസങ്ങളില്ല. എന്നാല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാണ്. നിര്‍ബന്ധമല്ലാത്ത ഏതെങ്കിലും നോമ്പുകള്‍ താന്‍ നിര്‍വഹിക്കുമെന്ന് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ ആ നോമ്പ് നിര്‍വഹിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു.

Feedback
  • Saturday Dec 14, 2024
  • Jumada ath-Thaniya 12 1446