Skip to main content

കൃഷി (2)

മനുഷ്യജീവിതത്തിന് അനിവാര്യമായ കൃഷി സമ്പ്രദായം ഏറ്റവും പുരാതനമായ തൊഴിലും വരുമാനമാര്‍ഗവുമാണ്. മനുഷ്യന്‍ ശാരീരികവും ബൗദ്ധികവുമായ മറ്റെല്ലാ തൊഴിലുകളും അധ്വാനവും നിര്‍വഹിക്കുന്നത് ഭക്ഷണമെന്ന അടിസ്ഥാന ആവശ്യത്തെ കേന്ദ്രീകരിച്ചാണ്. ലോകത്ത് ഏറ്റവുമേറെ ആളുകള്‍ തൊഴിലെടുക്കുന്നത് ഈ മേഖലയിലാണ്. ആഹാരമില്ലാതെ ഏതാനും മണിക്കൂറുകള്‍ക്കപ്പുറത്തേക്ക് മനുഷ്യന് ജീവന്‍ നിലനിര്‍ത്തുക സാധ്യമല്ല. ഈ അടിസ്ഥാന ആവശ്യനിര്‍വഹണത്തിന് പ്രപഞ്ച വിധാതാവ് മനുഷ്യന് നല്കിയ പ്രധാന അറിവും അനുഗ്രഹവുമാണ് കൃഷി. 

''അങ്ങനെ ആ വെള്ളം കൊണ്ട് നാം നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു'' (23:19).

''ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോട്ടങ്ങളും കൃഷികളും ഒരു മുരടില്‍ നിന്ന് പല ശാഖകളായി വളരുന്നതും വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്''(13: 4).

മനുഷ്യന്റെ പ്രധാന ഭക്ഷണ സ്രോതസ്സ് കൃഷിയാണ്. മാംസവും പാലും മുട്ടയുമെല്ലാം കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഭൂമിയില്‍ സ്രഷ്ടാവ് സംവിധാനിച്ച എല്ലാ ചെടികളും കായ്കനികളും ഭക്ഷ്യയോഗ്യമല്ല. മാത്രമല്ല അവ പലപ്പോഴും മനുഷ്യന് എളുപ്പത്തില്‍ പ്രാപ്തവുമല്ല. കൂടാതെ പഴക്കം ചെന്നാല്‍ എളുപ്പം നശിച്ചുപോകുന്ന ഇവ കൂടുതല്‍കാലം ശേഖരിച്ചു സൂക്ഷിക്കലും സാധ്യമായിരുന്നില്ല. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയില്‍  ലഭ്യമായവ ശേഖരിക്കാനും തനിക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇടങ്ങളില്‍ സൂക്ഷിക്കാനും വളര്‍ത്താനും ആവശ്യാനുസരണം വര്‍ധിപ്പിക്കാനുമായി മനുഷ്യന്‍ ആരംഭിച്ചതാണ് കൃഷി. ഇതിന് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. മനുഷ്യാധ്വാനത്തേക്കാള്‍ ദൈവത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് കൃഷി. ''മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കട്ടെ, നാം ശക്തിയായി വെള്ളം ചൊരിഞ്ഞ് കൊടുത്തു; പിന്നീട് നാം ഭൂമിയെ പിളര്‍ത്തിക്കൊടുത്തു, എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്നു നില്ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും പുല്ലും നാം മുളപ്പിച്ചു; നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്'' (80:24-32).

“എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ആ വിള നാം തുരുമ്പാക്കിത്തീര്‍ ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരന്നു; തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു. അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്”(56:63-67).

കാര്‍ഷികോത്പന്നങ്ങള്‍ക്ക് കച്ചവടം, നാണയങ്ങള്‍ എന്നിവയെക്കാള്‍  കൂടിയ സകാത്ത് ശതമാനം നിശ്ചയിക്കാനുള്ള കാരണം ഇതാണെന്ന് പണ്ഡിതര്‍ നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ ഇത്രയേറെ പുരോഗമിച്ചിട്ടും മുഷ്യന് ഭക്ഷിക്കാവുന്ന വസ്തു ജലജീവികള്‍ക്കു പുറമെ കൃഷിയുത്പന്നങ്ങളല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ല എന്നതും വിളയുടെ ലഭ്യതയില്‍ ഒരു ഉറപ്പും നല്കാന്‍ കഴിയുന്നില്ലെന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കര്‍ഷകര്‍ ദൈവാരാധനയിലും പ്രാര്‍ഥനയിലും മറ്റുള്ളവരെ അപേക്ഷിച്ച് മുന്നിലായിരിക്കുമെന്ന സാമൂഹ്യശാസ്ത്രജ്ഞരുടെ നിരീക്ഷണയുക്തിയും ഇതു തന്നെയാണ്.

മനുഷ്യന് ഇത്രത്തോളം ഉപകാരപ്രദമായ കൃഷിയെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും നല്ല വരുമാനമായി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. കൃഷിയുടെ മഹത്വം സൂചിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ വിശുദ്ധഖുര്‍ആനിലും പ്രവാചകചര്യയിലും കാണാവുന്നതാണ്. ഇസ്‌ലാമിന്റെ സാക്ഷ്യവാക്യങ്ങളെ ഫല സമൃദ്ധവും വേരുറച്ചതുമായ വടവൃക്ഷത്തോടാണ് ഖുര്‍ആന്‍ ഉപമിക്കുന്നത് (14:24,25). ദാനധര്‍മത്തിന്റെ മഹത്വം സൂചിപ്പിക്കുന്നത് ഒന്നിന് എഴുനൂറായി ഇരട്ടിക്കുന്ന ധാന്യക്കുലയോടുപമിച്ചുകൊണ്ടാണ് (2: 261). ആദം(അ) കര്‍ഷകനായിരുന്നുവെന്ന് നബി(സ്വ) ഉണര്‍ത്തിയത് മഹത്തുക്കളുടെ കാര്‍ഷികപാരമ്പര്യം സൂചിപ്പിക്കാനാണ്. മദീനക്കാരായ പ്രവാചകന്റെ അനുയായികള്‍ കര്‍ഷകരായിരുന്നു.  ആ കര്‍ഷകര്‍ക്കുവേണ്ടി റസൂല്‍(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അബു ഹുറയ്‌റ(റ) പറയുന്നു. ജനങ്ങള്‍ കൃഷിയില്‍ ആദ്യത്തെ ഫലം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ അത് റസൂല്‍(സ്വ)യുടെ അടുത്ത് കൊണ്ട്‌വരും. അപ്പോള്‍ അത് സ്വീകരിച്ചുകൊണ്ട് അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിക്കും, അല്ലാഹുവേ, ഞങ്ങളുടെ ഫലങ്ങളില്‍ നീ ഞങ്ങള്‍ക്ക് അനുഗ്രഹം ചൊരിയേണമേ(തിര്‍മിദി). അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധനയാണ് നമസ്‌കാരം. അത് കൂടുതല്‍ സമയമെടുത്ത് നിര്‍വഹിക്കുന്നത് പുണ്യം ഏറെ ലഭിക്കാന്‍ കാരണമാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാകുന്ന വിധത്തില്‍, പ്രഭാത നമസ്‌കാരം ദീര്‍ഘിപ്പിച്ച ഇമാമിനെ ശാസിക്കുകയാണ് നബി(സ്വ)ചെയ്തത്. മലവും മൂത്രവുമെല്ലാം ഇസ്‌ലാം മാലിന്യമായി പരിഗണിക്കുമ്പോള്‍, മണ്ണും ചെളിയും വിയര്‍പ്പുമൊന്നും ആ ഗണത്തിലില്ല, അത് അവന്റെ ആരാധനക്ക് തടസ്സമാവുകയില്ല. അന്ത്യദിനം മുന്നില്‍ കാണുമ്പോഴും കൈയിലുള്ള ചെടിത്തൈ കൃഷിചെയ്യണമെന്ന് നബി(സ്വ) പഠിപ്പിച്ചു.
 
ലാഭനഷ്ട ആശങ്കകളും അധ്വാനവും ഏറെയുള്ള കാര്‍ഷിക രംഗത്തെ പ്രചോദിപ്പിക്കാനായി അതില്‍ വരുന്ന നഷ്ടങ്ങള്‍ പരലോകത്ത് പുണ്യമായി വരുമെന്ന് റസൂല്‍(സ്വ) പ്രഖ്യാപിച്ചു: ഒരു മുസ്‌ലിമിന്റെ കൃഷിയില്‍ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ട് പോകുന്നതും അവന്‍ ചെയ്ത ദാനമായി പരിഗണിക്കപ്പെട്ടു (മുസ്‌ലിം). കൃഷിയുടെ ഫലം നിലനില്‍ക്കുവോളം കാലം അതവന്ന് പരലോകത്തേക്ക് പ്രതിഫലമായിക്കൊണ്ടേയിരിക്കുന്നു. ജൂതന്‍മാരുടെ ഫലഭൂയിഷ്ഠമായ ഖൈബര്‍ ഭൂമി യുദ്ധസ്വത്തായി മുസ്‌ലിംകളുടെ കൈയില്‍ വന്നപ്പോള്‍ അത് പട്ടാളക്കാര്‍ക്കിടയില്‍ വീതിക്കുക എന്ന പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി, വിളവിന്റെ പാതിയില്‍ മുസ്‌ലിംകളെ അവകാശികളാക്കിക്കൊണ്ട് കൃഷി ചെയ്യാനായി ഭൂമി അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുന്ന പാട്ട സമ്പ്രദായം നബി(സ്വ) ആവിഷ്‌കരിച്ചതിലും ദര്‍ശിക്കുന്നത് കൃഷിയോടുള്ള ഈ പരിഗണനയാണ്.

സ്വന്തമായി കൃഷിചെയ്യാന്‍ കഴിയാത്ത ഭൂവുടമകള്‍ അത് മറ്റാര്‍ക്കെങ്കിലും പാട്ടത്തിനോ സൗജന്യമായോ കൃഷിക്കുവേണ്ടി നല്കണമെന്നും മുഹമ്മദ് നബി അനുശാസിക്കുന്നു. ജാബിര്‍(റ) പറയുന്നു: സഹാബിമാര്‍ മൂന്നില്‍ ഒന്ന്, നാലില്‍ ഒന്ന്, പകുതി എന്നീ ക്രമത്തില്‍ കൃഷി ഭൂമി പാട്ടത്തിന് നല്‍കാറുണ്ടായിരുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: വല്ലവനും ഭൂമിയുണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ അത് തന്റെ സ്‌നേഹിതന് വിട്ടുകൊടുക്കട്ടെ (ബുഖാരി). അടുത്ത പറമ്പിലേക്ക് ജലംകൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന വ്യക്തിയോട് അതിനു സമ്മതം നല്കിയില്ലെങ്കില്‍ തന്റെ 'നെഞ്ചുകീറി'യെങ്കിലും അത് ചെയ്തിരിക്കുമെന്ന് പറയാന്‍ ഉമര്‍(റ) വിനു കരുത്തു ലഭിച്ചത് റസൂലിന്റെ ഈ അധ്യാപനത്തില്‍ നിന്നാണ്.

അതുപോലെ കൃഷിഭൂമി വെറുതെയിടാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ അത് പിടിച്ചെടുക്കാമെന്നും ആരെങ്കിലും അത് കൃഷിക്കുപയോഗിച്ചാല്‍ അവകാശം അവനിലേക്ക് മാറുമെന്നും ഇസ്‌ലാമിക നിയമം അനുശാസിക്കുന്നു. ആഇശ(റ) പറയുന്നു: നബി(സ്വ) അരുളി: ആരുടെയും ഉടമസ്ഥതയില്ലാത്ത ഭൂമി വല്ലവനും കൃഷി ചെയ്തു ജീവിപ്പിച്ചാല്‍ അവനാണ് അതിന്റെ അവകാശി.  
വല്ലവനും മൂന്നു വര്‍ഷം കൃഷിഭൂമി വെറുതെയിട്ടാല്‍ അത് സര്‍ക്കാറിന് പിടിച്ചെടുക്കാമെന്നും മറ്റാരെങ്കിലും അവിടെ കൃഷി ഇറക്കിയാല്‍  അത് കൃഷിയിറക്കിയവന് അര്‍ഹതപ്പെട്ടതാകുമെന്നും  ഖലീഫ ഉമര്‍(റ)  വിധിനല്കുകയുണ്ടായി (ഫത്ഹുല്‍ ബാരി 5/20). മൊത്തം ഭൂമി  ജനങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ വരും തലമുറകള്‍ക്കു കൂടി ഉപയോഗപ്പെടുത്തുന്നതിനായി ദേശീയ സ്വത്തായി നിലനിര്‍ത്താനും ഉമര്‍(റ) നിയമങ്ങളുണ്ടാക്കിയിരുന്നു. 

കൃഷിയുടെ പ്രയോജനങ്ങളെല്ലാം പുണ്യമാക്കിയ റസൂല്‍(സ്വ) അതിനു വിരുദ്ധമായതെല്ലാം കുറ്റകരമാക്കി. യുദ്ധത്തില്‍ പോലും വൃക്ഷങ്ങളും തോട്ടങ്ങളും നശിപ്പിക്കരുതെന്നും ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ വിസര്‍ജനം നടത്തരുതെന്നും കാര്‍ഷികായുധങ്ങള്‍ വീട്ടില്‍ ഉപയോഗിക്കാതെയിട്ടാല്‍ അവിടെ നിന്ദ്യതയിറങ്ങുമെന്നും നബി(സ്വ) ഓര്‍മപ്പെടുത്തിയത് അതുകൊണ്ടാണ് (ബുഖാരി). 

ഇസ്‌ലാമിന്റെ ഇത്തരം അധ്യാപനങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട പണ്ഡിതന്മാര്‍ കൃഷി മതപരമായ സാമൂഹികബാധ്യതയായി (ഫര്‍ദ് കിഫായ) വിധിപ്രസ്താവിക്കുകയുണ്ടായി. ഇമാം ഖുര്‍തുബിയും മറ്റും ഈ ഗണത്തില്‍പെടുന്നവരാണ്. സമൂഹത്തില്‍ ആരും ഈ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെങ്കില്‍ ആ നാട്ടിലുള്ള മുഴുവന്‍ മനുഷ്യരും അല്ലാഹുവിന്റെ ശിക്ഷക്കുവിധേയമാകും എന്നതാണ് ഫര്‍ദ് കിഫായയുടെ താത്പര്യം. ഈ നിലപാടില്‍ നിന്നുകൊണ്ട് മണ്ണറിയാത്ത മരുഭൂ പാരമ്പര്യക്കാരായിട്ടും,  തങ്ങള്‍ക്കു കീഴില്‍ വന്ന നാടുകളെല്ലാം കൃഷിസമ്പന്നമാക്കാന്‍ മുസ്‌ലിം ലോകം അധ്വാനിച്ചു. ഈജിപ്തിലും സ്‌പെയിനിലുമെല്ലാം ഇങ്ങനെ കാര്‍ഷികലോകത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കപ്പെട്ടു.  

ആധുനിക കാലത്ത്  ഓസ്ട്രേലിയയിലും യു എസ് എയിലും ഈജിപ്തിലും നടക്കുന്ന ജലസേചന പ്രവര്‍ത്തനങ്ങളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഇറാഖിലെ യൂഫ്രട്ടീസ് നദി ഉപയോഗപ്പെടുത്തി ഖലീഫമാര്‍ ആവിഷ്‌കരിച്ചിരുന്നത് എന്നാണ് പാശ്ചാത്യ ചിന്തകനായ വില്യം വില്‍കോക്‌സ് രേഖപ്പെടുത്തിയത്. അബ്ബാസിയ്യാ ഭരണകാലത്ത് ദീവാനുല്‍ മാഅ് എന്ന പേരില്‍ കൃഷി-ജലസേചന വകുപ്പുണ്ടായിരുന്നു. മലമ്പ്രദേശങ്ങളില്‍ തട്ടുകളായി കൃഷിചെയ്യുന്ന രീതി സ്പെയിനില്‍ മുസ്ലിംകള്‍ നടപ്പിലാക്കി. അന്യനാടുകളില്‍ നിന്ന് ധാരാളം സസ്യങ്ങള്‍ കൊണ്ടുവന്ന് കൃഷിചെയ്തു. ''അറബികള്‍ പൂര്‍ത്തിയാക്കിയ ജലസേചന സംവിധാനങ്ങള്‍ മാത്രമേ ഇന്നും സ്പെയിനിലുള്ളൂ. യഥാര്‍ഥത്തില്‍ മരുഭൂമിയായിരുന്ന സ്പെയിനിന്റെ ചുരുക്കം ചില ഭാഗങ്ങള്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം അറബികളുടെ ശാസ്ത്രീയ കൃഷിരീതികളാല്‍ വിശാലമായ തോട്ടങ്ങളായി മാറി''. ''സിസിലിയില്‍ കാലുകുത്തിയ അറബികള്‍ കാര്‍ഷിക-തൊഴില്‍ മേഖലകളില്‍ നല്ല ആഭിമുഖ്യം കാണിച്ചു. പ്രസ്തുത രംഗങ്ങളില്‍ തകര്‍ച്ചയിലായിരുന്ന രാജ്യത്തെ അവര്‍ രക്ഷിച്ചു. പരുത്തി, കരിമ്പ്, ഒലീവ്... എന്നീ കൃഷികള്‍ നടപ്പിലാക്കി''. (അറബികളുടെ സംസ്‌കാരം എന്ന ഗ്രന്ഥത്തില്‍ ഗുസ്താവ് ലൊബോണ്‍). 

Feedback