Skip to main content

മാംസാഹാരം (3)

മനുഷ്യര്‍ക്ക് ആഹാരമായി അല്ലാഹു സംവിധാനിച്ചു വെച്ചിരിക്കുന്നത് മൂന്നു തരത്തിലാണ്. ഒന്ന്: ഭൂമിയില്‍ നിന്നു ലഭിക്കുന്നതും മനുഷ്യന്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതുമായ സസ്യാഹാരങ്ങള്‍. രണ്ട്: ഭൂമിയുടെ മൂന്നില്‍ അധികം വരുന്ന സമുദ്രത്തിലും ശുദ്ധജല ത്തിലുമായി നിലനിലക്കുന്ന മത്‌സ്യസമ്പത്ത്. മൂന്ന്: സസ്യലതാദികള്‍ തിന്നുവളരുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം.

മാംസാഹാരത്തില്‍ ഇസ്‌ലാം ചില നിഷ്‌കര്‍ഷകള്‍ വച്ചിട്ടുണ്ട്. കന്നുകാലികള്‍ എന്നുപറയുന്ന ആട്, മാട്, ഒട്ടകം എന്നിവയാണ് ഭക്ഷ്യയോഗ്യമായി നിശ്ചയിക്കപ്പെട്ടത്. കാട്ടില്‍ വളരുന്ന സസ്യഭുക്കുകളായ മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നു. മാംസഭുക്കുകളായ പക്ഷിമൃഗാദികളുടെ മാംസം ഭക്ഷിക്കല്‍ ഇസ്‌ലാമില്‍ നിഷിദ്ധമാണ്. പക്ഷികളെയും മൃഗങ്ങളെയും അറുത്ത് രക്തം ഒഴുകിപ്പോയ ശേഷമേ ഭക്ഷിക്കാവൂ എന്ന നിബന്ധനയും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. 

''നിങ്ങള്‍ക്ക് വിവരിച്ചുതരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പ്പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു'' (5:1). കാലികളില്‍ നിന്ന് ഭുജിക്കുകയും ചെയ്യുക (16:5). കുതിരയുടെ മാംസം അതില്‍പ്പെട്ടതാണ്. നബി(സ്വ)യുടെ കാലത്ത് അത് ഭക്ഷിക്കപ്പെട്ടിരുന്നു. നബി(സ്വ )ഖയ്ബര്‍ ദിനത്തില്‍ കഴുതയുടെ മാംസം നിരോധിക്കുകയും കുതിരയുടെ മാംസത്തില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. അസ്മാഅ്(റ) പറയുന്നു: ''തിരുദൂതരുടെ കാലത്ത് ഞങ്ങള്‍ കുതിരയെ അറുക്കുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു'' (സ്വഹീഹുല്‍ ബുഖാരി) 5:519).

നബി(സ്വ)യുടെ കാലത്ത് മുയലിനെ വേട്ടയാടിപ്പിടിക്കുകയും അതിന്റെ മാംസം നബി(സ്വ)തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്നു. ഉടുമ്പിന്റെ മാംസം നബി(സ്വ) ഭക്ഷിക്കാനനുവദിച്ചു. ഉടുമ്പിന്റെ മാംസം നബി(സ്വ)യുടെ മുമ്പില്‍ വിളമ്പുകയും അദ്ദേഹം അത് കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തപ്പോള്‍ അത് നിഷിദ്ധമാണോ എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അല്ല. എന്റെ ജനതയുടെ നാട്ടില്‍ അതില്ല. അതിനാല്‍ ഞാനത് വെറുക്കുന്നു. നബി(സ്വ)യുടെ മുമ്പില്‍വെച്ച് അദ്ദേഹം നോക്കിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സുപ്രയില്‍ നിന്ന് അത് ഭക്ഷിക്കപ്പെട്ടു (ബുഖാരി - മുസ്‌ലിം).

 


 

Feedback
  • Monday May 6, 2024
  • Shawwal 27 1445