Skip to main content

ബാങ്കും ഇഖാമത്തും (4)

നമസ്‌കാരത്തിന്റെ സമയമായി എന്ന് അറിയിച്ചുകൊണ്ടുള്ള വിളംബരത്തിനാണ് 'അദാന്‍' അഥവാ ബാങ്ക് എന്ന് പറയുന്നത്. അദാന്‍ എന്ന അറബി പദത്തിന് അറിയിപ്പ് അഥവാ വിളംബരം എന്നാണര്‍ഥം. ''നമസ്‌കാരത്തിനു സമയമായി എന്നറിയിക്കാനായി മതത്തില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പദങ്ങള്‍ ഉറക്കെ വിളിച്ചു പറയുന്നതിനാണ് മതപരമായി അദാന്‍(ബാങ്ക്) എന്നു പറയുന്നത്''(അല്‍മിസ്വ്ബാഹ്:1, ബല്‍യൂബി 1:124, മുഗ്‌നി 1:402, ശറഹുല്‍ കബീര്‍ 1:191). ബാങ്ക് എന്ന് സാധാരണ മലയാളികള്‍ ഇതിനു പറയാറുണ്ടെങ്കിലും അത് മലയാള പദമല്ല. പേര്‍ഷ്യന്‍ പദമത്രെ അത്. (ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയ, പേജ് 18).

നമസ്‌കാരത്തിന്റെ സമയമായാല്‍ മുസ്‌ലിം സമൂഹത്തിന്റെ താമസസ്ഥലത്ത് ബാങ്ക് വിളിക്കല്‍ നിര്‍ബന്ധമാണ്. പള്ളിയാണ് അതിനു നിശ്ചയിക്കപ്പെട്ട സ്ഥലം. ഒരു പ്രദേശത്തുള്ള ജനങ്ങള്‍ ആ പ്രദേശത്ത് ബാങ്ക് വിളിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ പാടില്ല. മുസ്‌ലിം സമൂഹത്തിന്റെ സാന്നിധ്യത്തെ അറിയിക്കുന്ന ഒരു ശിആര്‍ (ചിഹ്നം) കൂടിയാണ് ബാങ്ക്. ഒരു പ്രദേശത്തു നിന്ന് ബാങ്കിന്റെ നാദം കേട്ടാല്‍ ആ പ്രദേശത്തുകാരോട് യുദ്ധം ചെയ്യരുതെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്.

നിശ്ചിത സമയത്തും സമയം കഴിഞ്ഞും നമസ്‌കാരം നിര്‍വഹിക്കുന്നവന്‍ ബാങ്കും ഇഖാമത്തും വിളിക്കല്‍ അഭികാമ്യമാണ്. നബി(സ്വ) പറഞ്ഞു: ''നമസ്‌കാരത്തിന്റെ സമയമായാല്‍ നിങ്ങളിലൊരാള്‍ ബാങ്ക് വിളിക്കുകയും നിങ്ങളില്‍ വലിയവന്‍ ഇമാമായി നമസ്‌കരിക്കുകയും ചെയ്യുക'' (ബുഖാരി 602, മുസ്‌ലിം 674).

ഹിജ്‌റ ഒന്നാം വര്‍ഷത്തിലാണ് ബാങ്ക് നിയമമാക്കപ്പെട്ടത്. ഇമാം ബുഖാരിയും മുസ്‌ലിമും(റ) ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''മുസ്‌ലിംകള്‍ മദീനയില്‍ വന്ന ഘട്ടത്തില്‍ അവര്‍ നമസ്‌കാരത്തിന്റെ സമയം പ്രതീക്ഷിച്ചിരിക്കാറുണ്ടായിരുന്നു. അന്ന് ബാങ്ക് വിളിക്കാറുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ഒരുദിവസം അവര്‍ സംസാരിച്ചു. ചിലര്‍ പറഞ്ഞു: ക്രിസ്ത്യാനികളെപ്പോലെ ഒരു കുഴല്‍ ഉണ്ടാക്കുക. ചിലര്‍ പറഞ്ഞു: ജൂതരുടേതു പോലെ ഒരു കൊമ്പ് ഉണ്ടാക്കുക. അപ്പോള്‍ ഉമര്‍ പറഞ്ഞു: എന്തുകൊണ്ട് ഒരാളെ നമസ്‌കാരത്തിന് വിളിക്കാന്‍ നിയോഗിച്ചുകൂടാ? അപ്പോള്‍ നബി(സ്വ) പറഞ്ഞു. ഓ ബിലാല്‍ താങ്കള്‍ എഴുന്നേറ്റുനിന്ന് നമസ്‌കാരത്തിന് വിളിക്കൂ''(ബുഖാരി 602, മുസ്‌ലിം 674).

നമസ്‌കാരത്തിന് സമയമായെന്ന് അറിയിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്നതിന് നിശ്ചിത പദങ്ങളുണ്ട്. അബൂഅബ്ദില്ലാഹിബ്‌നു സൈദി(റ)ല്‍ നിന്ന്  അബൂദാവൂദ് നിവേദനം ചെയ്യുന്ന ഒരുഹദീസിലൂടെ ആ പദങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) (4)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) (4)
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു) (5)    
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു) (5)
അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു) (6)    
അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു) (6)
ഹയ്യഅല സ്സലാത് (നമസ്‌കാരത്തിലേക്ക് വരൂ) (7)
ഹയ്യഅല സ്സലാത് (നമസ്‌കാരത്തിലേക്ക് വരൂ) (7)
ഹയ്യഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ) (8)
ഹയ്യഅലല്‍ ഫലാഹ് (വിജയത്തിലേക്ക് വരൂ) (8)
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) (4) 
ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല) (9)

സ്വുബ്ഹ് നമസ്‌കാരത്തിന്റെ ബാങ്കില്‍ ഹയ്യഅലല്‍ ഫലാഹ് (8) എന്നു പറഞ്ഞ ശേഷം അസ്സലാതു ഖൈറുമ്മിനന്നൗം (10) (നമസ്‌കാരമാണ് ഉറക്കത്തേക്കാള്‍ ഉത്തമം) എന്ന് രണ്ട് തവണ പറയണം.

ബാങ്ക് വിളിക്കുന്നവര്‍ മുസ്‌ലിമായിരിക്കണം. സമയത്തെക്കുറിച്ചും ആരാധനാ കര്‍മങ്ങളെക്കുറിച്ചും ബോധമെത്തിയവനും പുരുഷനുമായിരിക്കണം. സ്ത്രീകള്‍ ബാങ്ക് വിളിക്കാന്‍ പാടില്ല. അവര്‍ തനിയെ നമസ്‌കരിക്കുകയാണെങ്കിലും ബാങ്കും ഇഖാമത്തും ആവശ്യമില്ല എന്നാണ് ഇബ്‌നു ഉമര്‍, അനസ്(റ) എന്നിവരുടെ അഭിപ്രായം. സ്ത്രീകള്‍ക്ക് അത് സുന്നത്താണോയെന്ന വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ജാബിറി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്നതനുസരിച്ച് അവര്‍ക്ക് ഇഖാമത്ത് വിളിക്കാം. അത്വാഅ്, മുജാഹിദ് എന്നിവരുടെ അഭിപ്രായവുമതാണ്. ആഇശ(റ) ബാങ്കും ഇഖാമത്തും വിളിക്കാറുണ്ടായിരുന്നുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കുറ്റമില്ലെന്നാണ് ഇമാം ശാഫിഈയുടെ അഭിപ്രായം. ഇതാണ് കൂടുതല്‍ ശരിയായ അഭിപ്രായം.

ശ്രുതി മധുരമായി ഉച്ചത്തിലായിരിക്കണം ബാങ്ക് വിളിക്കേണ്ടത്. അബൂസഈദില്‍ ഖുദ്‌രി(റ)യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നു: 'താങ്കള്‍ ആടുകളെയും മലയോരത്തെയും ഇഷ്ടപ്പെടുന്നതായി ഞാന്‍ കാണുന്നു.   താങ്കള്‍   ആടുകളുടെ കൂടെയായിരിക്കുമ്പോഴോ മലയോരത്തിലായിരിക്കുമ്പോഴോ നമസ്‌കാരത്തിന് ബാങ്ക് വിളിക്കുകയാണെങ്കില്‍ ഉറക്കെ ബാങ്ക് വിളിക്കുക. കാരണം ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം ഒരു മനുഷ്യനോ ജിന്നോ മറ്റെന്തെങ്കിലുമോ കേട്ടാല്‍ അവന് ഖിയാമത്ത് നാളില്‍ സാക്ഷിയാവാതിരിക്കില്ല'' (ബുഖാരി 584). 

തനിച്ച് നമസ്‌കരിക്കുന്നവനും ശ്രുതിമധുരമായും ഉറക്കെയും ബാങ്ക് വിളിക്കണമെന്ന് ഈ തിരുവചനം വ്യക്തമാക്കുന്നു.

ബാങ്ക് വിളി അതിപ്രധാനമായൊരു കാര്യമാണ്. അതിന് മഹത്തായ പ്രതിഫലമുണ്ട്. ബാങ്ക് വിളിക്കുന്നത് ഒരു കുറച്ചിലായി കാണുന്ന ചിന്ത ചിലര്‍ക്കെങ്കിലുമുണ്ട്. ''അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ''ബാങ്ക് വിളിക്കും ഒന്നാമത്തെ വരിക്കും ലഭിക്കുന്ന പ്രതിഫലം എന്തുമാത്രമാണെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതിന് നറുക്കിടേണ്ടി വന്നാല്‍ അതിനുപോലും അവര്‍ സന്നദ്ധരാകുമായിരുന്നു''(ബുഖാരി).

മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്: ''ബാങ്ക് വിളിക്കുന്നവര്‍ അന്ത്യനാളില്‍ കഴുത്ത് കൂടുതല്‍ നീണ്ടവരായിരിക്കും.''

ഇമാം തുര്‍മുദി ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: ''നബി(സ്വ) പറഞ്ഞു: മൂന്നുപേര്‍ അന്ത്യനാളില്‍ കസ്തൂരിയുടെ കുന്നുകളിലായിരിക്കും. ആദ്യകാലക്കാരും അവസാന കാലക്കാരും അവരെക്കുറിച്ച് സന്തുഷ്ടരായിരിക്കും. അവരില്‍ ഒരാള്‍, ഓരോ ദിവസവും അഞ്ചു തവണ നമസ്‌കാരത്തിന് വിളിച്ചവനാണ്. മറ്റൊരാള്‍ ഒരു സമൂഹത്തിന് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തവനാണ്. ജനം അയാളെക്കുറിച്ച് സംതൃപ്തരാണ്. മൂന്നാമത്തവന്‍ ഒരടിമയാണ്. അല്ലാഹുവിനോടും തന്റെ യജമാനനോടുമുള്ള കടമകള്‍ അവന്‍ നിറവേറ്റിയിട്ടുണ്ട് ''.

ബാങ്ക് വിളിക്കുന്നത് ഖിബ്‌ലക്ക് അഭിമുഖമായി നിന്നു കൊണ്ടായിരിക്കണം. ഇരുന്ന് ബാങ്ക് വിളിക്കുന്നത്, അതിനുതക്ക പ്രത്യേക കാരണമുണ്ടെങ്കില്‍ അനുവദനീയമാണ്. വുദൂ ഉണ്ടായിരിക്കണം. അല്ലാതെയും ആകാവുന്നതാണ്. എന്നാല്‍ വലിയ അശുദ്ധിയോടെ ബാങ്ക് വിളിക്കുന്നത് ഒട്ടും ഭൂഷണമല്ല. രണ്ട് 'ഹയ്യഅല'കളില്‍ കഴുത്ത് വലത്തോട്ടും ഇടത്തോട്ടും തിരിക്കാം. ''അബൂജുഹൈഫ(റ) പറയുന്നു: ''ബിലാല്‍(റ) ബാങ്ക് വിളിക്കവേ 'ഹയ്യഅലസ്സ്വലാ, ഹയ്യ അലല്‍ ഫലാഹ്' എന്ന് പറയുമ്പോള്‍ വലത്തോട്ടും ഇടത്തോട്ടും, വായ തിരിക്കുന്നത് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു'' (ബുഖാരി 608).

രണ്ട് വിരലുകള്‍ ചെവിയില്‍ വച്ചുകൊണ്ടാണ് ബാങ്ക് വിളിക്കേണ്ടതെന്ന് ഇമാം അഹ്മദും തുര്‍മുദിയും റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. പ്രഭാത നമസ്‌കാരത്തിനും തഹജ്ജുദ് നമസ്‌കാരത്തിനും വിളംബരം ചെയ്യാന്‍ രണ്ടുപേരെ ഒരേ പള്ളിയില്‍ നിശ്ചയിക്കാവുന്നതാണ്. നബി(സ്വ) പറഞ്ഞു: ''ബിലാല്‍ രാത്രിയില്‍ ബാങ്ക് വിളിക്കും. അപ്പോള്‍ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക; ഇബ്‌നു ഉമ്മിമക്തൂമി(റ)ന്റെ ബാങ്ക് നിങ്ങള്‍ കേള്‍ക്കുന്നത് വരെ'' (ബുഖാരി 592, മുസ്‌ലിം 1092). നബി(സ്വ) ഇത് പറഞ്ഞത് റമദാനിലായിരുന്നു.

ബാങ്ക്‌വിളി കേള്‍ക്കുന്ന ആള്‍ ഓരോ വാക്കും ശ്രദ്ധിക്കുകയും ബാങ്ക് വിളിക്കുന്നവന്‍  പറയുന്നതുപോലെ ഏറ്റു പറയുകയും ചെയ്യണം. എന്നാല്‍ രണ്ടു 'ഹയ്യ അല'കളില്‍ ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്(11) (അല്ലാഹുവിനാലല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല) എന്നാണ് പറയേണ്ടത് (ബുഖാരി 586,588; മുസ്‌ലിം 383,385).
സ്വുബ്ഹിന്റെ  ബാങ്കില്‍ അസ്സ്വലാതു ഖൈറുമ്മിനന്നൗം (10) എന്ന് കേള്‍ക്കുമ്പോള്‍ 'സ്വദഖ്ത വബരിര്‍ത' (12) എന്ന് പറയണമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ടെങ്കിലും ഹദീസില്‍ അതിന് പിന്‍ബലം കാണുന്നില്ല. ബാങ്ക്‌വിളി കഴിഞ്ഞാല്‍ വിളിച്ചവനും കേട്ടവനും നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും പ്രവാചകന് 'വസീല'ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതാണ്.

''അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) പറയുന്നതായി അദ്ദേഹം കേട്ടു. ബാങ്ക് വിളിക്കുന്നവനെ നിങ്ങള്‍ കേട്ടാല്‍ അദ്ദേഹം പറയുന്നതുപോലെ നിങ്ങള്‍ പറയുക. പിന്നീട് എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. കാരണം എന്റെ പേരില്‍ ഒരാള്‍ സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് തവണ സ്വലാത്ത് ചെയ്യും (കരുണ ചെയ്യുമെന്ന് സാരം). പിന്നീട് എനിക്ക് വേണ്ടി അല്ലാഹുവിനോട് വസീലയെ ചോദിക്കുക. അത് സ്വര്‍ഗത്തിലെ ഒരു പദവിയാണ്. അല്ലാഹുവിന്റെ ഒരടിമക്ക് മാത്രമാണത് ലഭിക്കുക. അത് ഞാനായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് വേണ്ടി അരെങ്കിലും വസീലയെ ചോദിച്ചാല്‍ അവന് എന്റെ ശിപാര്‍ശ ലഭിക്കും'' (മുസ്‌ലിം 384).

വസീലയെ ചോദിക്കേണ്ടത് ഇപ്രകാരമാണ്. അല്ലാഹുമ്മ റബ്ബ ഹാദിഹി ദ്ദഅ്‌വതി ത്താമ്മ വസ്സ്വലാതില്‍ ഖാഇമ ആതി മുഹമ്മദനില്‍ വസ്വീലത വല്‍ഫദീലത വബ്അസ്ഹു മഖാമന്‍ മഹ്മൂദനില്ലദീ വഅത്ത (13). (പൂര്‍ണമായ ഈ പ്രാര്‍ഥനയുടെയും സ്ഥാപിതമായ നമസ്‌കാരത്തിന്റെയും ഉടമയായ നാഥാ, മുഹമ്മദ് നബിക്ക് നീ വസീലയെയും ശ്രേഷ്ഠതയെയും പ്രദാനം ചെയ്യേണമേ, നീ അദ്ദേഹത്തിനു വാഗ്ദാനംചെയ്ത സ്തുത്യര്‍ഹമായ പദവിയിലേക്ക് അദ്ദേഹത്തെ നീ നിയോഗിക്കേണമേ) (ബുഖാരി 589).

ബാങ്ക് കേള്‍ക്കുമ്പോള്‍ ഇപ്രകാരവും പ്രാര്‍ഥിക്കണം: അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അന്ന മുഹമ്മദന്‍ അബ്ദുഹു വറസൂലുഹു റദീതു ബില്ലാഹി റബ്ബന്‍ വബി മുഹമ്മദിന്‍ റസൂലന്‍ വബില്‍ ഇസ്‌ലാമി ദീനാ (മുസ്‌ലിം)(14). (അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ രക്ഷിതാവായും മുഹമ്മദിനെ നബിയായും ദൈവദൂതനായും ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.)
   

Feedback