Skip to main content

നമസ്‌കാരത്തിന്റെ രൂപം (13)

അല്ലാഹു അക്ബര്‍ എന്നു പറഞ്ഞുകൊണ്ട് രണ്ടു കൈപ്പടങ്ങളും ഖിബ്‌ലക്ക് അഭിമുഖമായി ചെവി വരെ ഉയര്‍ത്തുന്നതില്‍ (തക്ബീറതുല്‍ ഇഹ്‌റാം) തുടങ്ങി അസ്സലാമു അലൈകും വറഹ്മതുല്ലാഹ് എന്നു പറഞ്ഞ് വലത്തും ഇടത്തും ഭാഗങ്ങളിലേക്ക് അഭിവാദ്യം (സലാം) അര്‍പ്പിച്ചുകൊണ്ട് അവസാനിക്കുന്ന, ചില പ്രത്യേക പ്രാര്‍ഥനകളും സ്‌തോത്രകീര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനമാണ് ഇസ്‌ലാമിലെ നമസ്‌കാരം.

ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളെല്ലാം കൃത്യമായ പ്രമാണങ്ങളുടെ, വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും പിന്‍ബലമുള്ളവയാണ്. അതുപോലെ നമസ്‌കാരത്തിന്റെയും ഈ കൃത്യരൂപം വിശുദ്ധ ഖുര്‍ആനിലും അതിന്റെ വിശദീകരണമായ പ്രവര്‍ത്തന രൂപം മുഹമ്മദ് നബി(സ്വ)യുടെ ചര്യയിലും വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് ഭിന്നമായി വരുന്ന നമസ്‌കാരം അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായിരിക്കില്ലെന്നതിനാല്‍, തന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കര്‍മമായ നമസ്‌കാരം നബി(സ്വ) പഠിപ്പിച്ച അതേ രൂപത്തിലായിരിക്കാന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്.

അതിനാല്‍ തന്നെ ഇസ്‌ലാമിക കര്‍മശാസ്ത്രം നമസ്‌കാരത്തിന്റെ രൂപം വളരെ വിശദമായി ചര്‍ച്ചചെയ്യുകയും പ്രമാണങ്ങളുടെ പിന്‍ബലത്തിലുള്ള നമസ്‌കാരത്തിന്റെ പൂര്‍ണരൂപം സംശയമില്ലാത്ത രൂപത്തില്‍ വിശദീകരിക്കുകയുംചെയ്തിട്ടുണ്ട്. 
 

Feedback