Skip to main content

എങ്ങനെ തിരിഞ്ഞുനില്‍ക്കണം

കഅ്ബ ഒരു ചെറിയ കെട്ടിടമാണ്. അതിന്നകത്ത് പ്രത്യേകിച്ച് ഒന്നുമില്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഇബ്‌റാഹീം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ നിര്‍മിച്ച ഒരു മന്ദിരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓരോ മനുഷ്യനും ഈ ചെറിയ കെട്ടിടത്തിന്റെ നേര്‍ക്കുതന്നെ കൃത്യമായി തിരിഞ്ഞു നില്‍ക്കുക എന്നത് പ്രയാസമായിരിക്കും. അതിനാല്‍ കഅ്ബയുടെ അഥവാ മക്കയുടെയും ഹറമിന്റെയും ഭാഗത്തേക്ക് തിരിഞ്ഞു നിന്നാല്‍ മതി. നബിചര്യയില്‍ നിന്നും സ്വഹാബികളുടെ ജീവിതക്രമത്തില്‍ നിന്നും മനസ്സിലാകുന്നത് അപ്രകാരമാകുന്നു. 

ആയത്തില്‍ പറഞ്ഞ ശത്വ്‌റുല്‍ മസ്ജിദ് എന്നതിന് മസ്ജിദുല്‍ ഹറാമിന്റെ ഭാഗം, അര്‍ധാംശം എന്നൊക്കെയാണര്‍ഥം. ഹദീസുകളില്‍ ഖിബ്‌ല, നഹ്‌വ തുടങ്ങിയ പദ പ്രയോഗങ്ങളാണുള്ളത്. ഭാഗം എന്നാണിവയ്ക്ക് അര്‍ഥം. ഖിബ്‌ല മാറ്റിയ അറിയിപ്പു കിട്ടിയപ്പോള്‍ സ്വഹാബികള്‍ മദീനയില്‍ നിന്നും മക്കയുടെ ഭാഗത്തേക്ക് (തെക്ക്) തിരിഞ്ഞു എന്നല്ലാതെ സൂക്ഷ്മമായി കഅ്ബയുടെ നേര്‍ക്ക്തന്നെ തിരിയണമെന്ന് നിഷ്‌കര്‍ഷിച്ചതായി കാണുന്നില്ല. നബി(സ്വ)യുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ മദീനയില്‍ നിന്ന് വളരെ കൃത്യമായി കഅ്ബയുടെ നേര്‍ക്ക്തന്നെ തിരിയണമെന്ന് നിഷ്‌കര്‍ഷിച്ചതായും കാണുന്നില്ല. പ്രസ്തുത കാലഘട്ടത്തില്‍ മദീനയില്‍ നിന്ന് വളരെ കൃത്യമായി കഅ്ബയുടെ സ്ഥാനം നിര്‍ണയിക്കാവുന്ന ഉപകരണങ്ങള്‍ ഉണ്ടായിരുന്നുമില്ല. അങ്ങനെ ശ്രമിക്കണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുമില്ല. 

''ഓരോ ജന വിഭാഗത്തിനും ഓരോദിക്കുണ്ട്. അവര്‍ അങ്ങോട്ട് തിരിയുകയും ചെയ്യുന്നു'' (2:148) എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിഞ്ഞു നമസ്‌കരിച്ചാല്‍ മതിയാകുന്നതാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ വിശദീകരിച്ചിട്ടുണ്ട് (മജ്മൂഅ് ഫതാവാ). 

ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ഇപ്രകാരമാണ്: കഅ്ബയുടെ അടുത്ത പ്രദേശത്താണെങ്കില്‍ നേരെ കഅ്ബയിലേക്ക് തന്നെ തിരിഞ്ഞു നമസ്‌കരിക്കണം. ദൂരെ പോകുന്തോറും കഅ്ബ സ്ഥിതിചെയ്യുന്ന ദിക്ക് ലക്ഷ്യമായി തിരിഞ്ഞുനിന്നാലും മതി. ഉദാഹരണത്തിന് ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്താണു സുഊദി അറേബ്യ സ്ഥിതി ചെയ്യുന്നത്. കേരളക്കാരെ സംബന്ധിച്ചിടത്തോളം നേരെ പടിഞ്ഞാറു ഭാഗത്തുനിന്ന് അല്‍പം വടക്കോട്ട് തിരിഞ്ഞു നിന്നാല്‍ മക്കയുടെ നേരെയാകും. വളരെ നേരിയ വ്യത്യാസംമൂലം നമസ്‌കാരത്തിന് ദോഷം വരികയില്ല. 

അബൂഹുറയ്‌റ(റ) പറയുന്നു: ''കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ളത് ഖിബ്‌ല ആകുന്നു എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു.'' മക്കയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മദീനക്കാരോടാണീ പറഞ്ഞത്. അതായത് അവിടെ നിന്ന് കഅ്ബയുടെ ഭാഗമായ തെക്കോട്ട് ഏതു നിലയില്‍ തിരിഞ്ഞാലും ഖിബ്‌ലയായി എന്ന് ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. അപ്പോള്‍ ഇന്ത്യക്കാര്‍ പടിഞ്ഞാറോട്ടും ആഫ്രിക്കക്കാര്‍ കിഴക്കോട്ടും യൂറോപ്പിലുള്ളവര്‍ തെക്കോട്ടും തിരിഞ്ഞു നമസ്‌കരിച്ചാല്‍ മതിയാകുന്നതാണ്. തുര്‍മുദിയില്‍ ഇങ്ങനെ കാണാം:

ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: ''നീ ഖിബ്‌ലയുടെ നേരെ തിരിയുകയാണങ്കില്‍ പടിഞ്ഞാറ് നിന്റെ വലതുഭാഗത്തും കിഴക്ക് നിന്റെ ഇടതുഭാഗത്തും ആക്കിയാല്‍ അതു രണ്ടിന്റെയും ഇടയിലുള്ളത് ഖിബ്‌ലയാണ്.'' അതു വിശദീകരച്ചുകൊണ്ട് തുഹ്ഫത്തുല്‍ അഹ്‌വദിയില്‍ ഇങ്ങനെ കാണാം:

അസ്‌റം പറയുന്നു: ''(കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലുള്ളത് മദീനക്കാര്‍ക്ക് ഖിബ്‌ലയാണ് എന്ന ഹദീസിനെപ്പറ്റി) അഹ്മദുബ്‌നു ഹമ്പലിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതു (മദീനക്കാര്‍ക്കു മാത്രമല്ല) എല്ലാ നാട്ടിനും ബാധകമാണ്. മക്കയില്‍ കഅ്ബയുടെ സമീപത്താകുമ്പോള്‍ ഒഴികെ. ആ സന്ദര്‍ഭത്തില്‍ കഅ്ബ വിട്ട് അല്‍പമെങ്കിലും തെറ്റിയാല്‍ ഖിബ്‌ലയെ വിട്ടുകളഞ്ഞു.'' 
 

Feedback