Skip to main content

ജനാസ നമസ്‌കാരത്തിന്റെ രൂപം (4)

ഇതര നമസ്കാരങ്ങള്‍പോലെ ജനാസ നമസ്കാരത്തിനും ശുചിത്വം, അശുദ്ധിയില്ലാതിരിക്കുക, ഖിബ്‌ലയെ അഭിമുഖീകരിക്കുക, നഗ്നതമറയ്ക്കുക, നിയ്യത്ത് ഉണ്ടായിരിക്കുക, കഴിവുള്ളവന്‍ നില്‍ക്കുക തുടങ്ങിയവയൊക്കെ പാലിക്കേണ്ടതാണ്. കാരണം നമസ്കാരം (സ്വലാത്ത്) എന്ന പദംകൊണ്ടാണ് ഇതിനെ ഖുര്‍ആനിലും നബിവചനങ്ങളിലും പരിചയപ്പെടുത്തിയിട്ടുള്ളത്. 

മറ്റു  നമസ്കാരങ്ങള്‍ പോലെ ഇതില്‍ റുകൂഅ്, സുജൂദ് എന്നിവ ഇല്ല. നിന്നുകൊണ്ടാണ് ഇത് നിര്‍വഹിക്കേണ്ടത്. ഈ നമസ്കാരം ഒറ്റക്കും കൂട്ടമായും (ജമാഅത്ത്) നിര്‍വഹിക്കാം. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഈ നമസ്കാരം പുണ്യകരമാണ്. പല ജമാഅത്തുകളായി നമസ്കരിക്കുന്നതിനും തെറ്റില്ല. പ്രാരംഭ തക്ബീറുകളടക്കം നാലുതക്ബീറുകളാണ് ജനാസ നമസ്കാരത്തില്‍ ചൊല്ലേണ്ടത്. ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസില്‍ "നബി(സ്വ) നജ്ജാശിക്കു വേണ്ടി നമസ്കരിച്ചപ്പോള്‍ നാല് തക്ബീറുകള്‍ ചൊല്ലി" എന്ന് സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഉഖ്ബത്തുബ്നു ആമിര്‍, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബൂഹുറയ്റ, ഇബ്നു അബ്ബാസ്(റ) തുടങ്ങിയവരുടെ നിവേദനങ്ങളിലും നാല് തക്ബീറുകള്‍ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അധിക റിപ്പോര്‍ട്ടുകളിലുള്ളതും അതാണ്.

എന്നാല്‍ തക്ബീറുകള്‍ അഞ്ചോ ആറോ ആവുന്നത് നിഷിദ്ധമാവുന്നില്ല. ചിലസന്ദര്‍ഭങ്ങളില്‍ പ്രവാചകന്‍ അങ്ങനെ ചൊല്ലിയതായി റിപ്പോര്‍ട്ടുണ്ട്. ''നബി(സ്വ) അഞ്ചു തക്ബീറുകള്‍ ചൊല്ലിയിരുന്നു'' (മുസ്‌ലിം). സൈദുബ്‌നു അര്‍കം നാല് തക്ബീറുകളാണ് ചൊല്ലാറുണ്ടായിരുന്നത്. ഒരിക്കല്‍ അദ്ദേഹം അഞ്ച് തക്ബീര്‍ചൊല്ലി. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നബി(സ്വ) അഞ്ച് തക്ബീറും ചൊല്ലിയിരുന്നു'' (തുര്‍മുദി, അബൂദാവൂദ്). നാലും അഞ്ചും തക്ബീറുകളുടെ ഹദീസുകള്‍ സ്വഹീഹായി വന്നതിനങന്റ അഞ്ച് തക്ബീര്‍ചൊല്ലി നമസ്‌കരിച്ചാല്‍ അത് സാധുവാണെന്ന അഭിപ്രായത്തിനാണ് ഇമാം നവവി മുന്‍ഗണന നല്‍കിയിട്ടുള്ളത് (ശറഹുല്‍മുഹദ്ദബ് 5: 230).

ഒന്നാമത്തെ തക്ബീറിന്നു ശേഷം ഫാതിഹ സൂറത്തും രണ്ടാമത്തെ തക്ബീറിനു ശേഷം നബിയുടെ പേരിലുള്ള സ്വലാത്തും ചൊല്ലുക. മൂന്നും നാലും തക്ബീറിനു ശേഷം മരണപ്പെട്ടവനുവേണ്ടിയുള്ള പ്രാര്‍ഥനയാണ് നിര്‍വഹിക്കേണ്ടത്. ഇതെല്ലാം പതുക്കെ നിര്‍വഹിച്ചാല്‍ മതി. ശേഷം വലത്, ഇടതു ഭാഗങ്ങളിലേക്ക് മുഖം തിരിച്ച് സലാം പറയുന്നതോടെ നമസ്‌കാരം അവസാനിക്കും. ഓരോ തക്ബീറും ചുമല്‍ വരെ കൈപ്പടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാവണം. ശേഷം കൈകള്‍ നെഞ്ചത്ത് വെക്കണം. ഈ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രാബല്യമുള്ളത്.

 

Feedback