Skip to main content

ജനാസ സംസ്‌കരണം (16)

ശവം, ശവമഞ്ചം, ശവദാഹം എന്നെല്ലാം അര്‍ഥം വരുന്ന ഒരു അറബി പദമാണ് ജനാസ/ജിനാസ. ബഹുവചന രൂപം ജനാഇസ്. ഇസ്‌ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കിതാബുല്‍ ജനാഇസ് എന്നു കാണാം. മൃതദേഹം എന്നതിന് മയ്യിത്ത് എന്നും പറയുന്നു. ഒരു മനുഷ്യന്റെ ദേഹത്തു നിന്ന് ജീവന്‍/റൂഹ് പോയിക്കഴിഞ്ഞാല്‍ അയാള്‍ മയ്യിത്ത് ആയി. മരണമെന്ന പ്രക്രിയ എന്താണെന്ന് ഇതുവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. ശരീരവും ആത്മാവും വേര്‍പിരിയലാണ് മരണം എന്ന് സാമാന്യമായി പറയാം.

ആത്മാവ് പിരിയുന്നതോടെ ആ ജഡത്തിന് ഒരു വിലയുമില്ലാതായി. ജഡം അഴുകി ഭൂമിയോട് ചേരുക എന്നത് പ്രകൃതിയിലെ ഒരു പ്രതിഭാസമായി അല്ലാഹു നിശ്ചയിച്ചതാണ്. മൃതദേഹം മണ്ണിലേക്ക് എത്തിയില്ലെങ്കില്‍അത് വലിയ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കും. ഇസ്‌ലാം ഈ രംഗത്തും മാതൃകാപരവും പ്രായോഗികവുമായ രീതി പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ജഡം ഭൂമിയില്‍ ആഴത്തില്‍ കുഴിയെടുത്ത് അതില്‍ മറവു ചെയ്യുക എന്നതാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. 'ഭൂമിയില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും' (20:55). മനുഷ്യ ശരീരത്തിന്റെ ഭൗതിക പ്രക്രിയ ചിന്തിക്കാന്‍വേണ്ടി ഖുര്‍ആന്‍വിവരിച്ചു. മരണപ്പെട്ടയാളുടെ മൃതദേഹം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നബി(സ്വ)  പ്രായോഗികമായി പഠിപ്പിച്ചിട്ടുണ്ട്. ഇതിന് മയ്യിത്ത് സംസ്‌കരണം എന്ന് സാമാന്യമായി പറയപ്പെടുന്നു.

മൃതദേഹം മറവുചെയ്യുക എന്നത് സാമൂഹിക ബാധ്യത (ഫര്‍ദ് കിഫായ) ആയി ഇസ്‌ലാം കാണുന്നു. ജീവനുള്ള മനുഷ്യനോടെന്നപോലെ മൃതദേഹത്തെയും ആദരപൂര്‍വം കൈകാര്യം ചെയ്യുക എന്നത് മാനുഷിക മര്യാദയായി ഇസ്‌ലാം കാണുന്നു. മറ്റു മതവിശ്വാസങ്ങളും മൃതദേഹത്തോട് ആദരവ് കാണിക്കുന്നു. 'ശവസംസ്‌കാരം' മതകീയ ആചാരമായി കാണുന്നു. എന്നാല്‍ സംസ്‌കരിക്കുന്ന രീതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. മൃതദേഹം പെട്ടിയിലാക്കി കുഴിയില്‍വയ്ക്കുന്നവരുണ്ട്. വലിയ ഭരണികളില്‍ ഇരുത്തി മണ്ണില്‍മൂടുന്നവരുമുണ്ട്. മൃതദേഹം അഗ്നിയില്‍ കത്തിച്ചുകളയുന്നവരുണ്ട്. ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി കൊണ്ട് ദഹിപ്പിക്കുന്നവരുണ്ട്. ആര്‍ഭാടത്തോടെ ദ്രവ്യങ്ങള്‍ കൂടെ വെച്ച് മണ്ണില്‍ വയ്ക്കുന്നു ചിലര്‍. മൃതദേഹം കുളിപ്പിച്ച് വൃത്തിയായ തുണിയില്‍ പൊതിഞ്ഞ് ലളിതമായി മണ്ണില്‍ വയ്ക്കുന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന രീതി.

ഓരോ മതാനുയായിക്കും തന്റെ മത വിശ്വാസ രീതികള്‍ക്കനുസരിച്ച് മൃതദേഹം സംസ്‌കരിക്കപ്പെടാന്‍ ഇന്ത്യന്‍ ഭരണഘടന പൂര്‍ണമായ അവകാശം നല്കുന്നു. 'വ്യക്തി നിയമം' എന്ന പരിധിയില്‍പെടുന്ന കാര്യമാണ് ജനാസ സംസ്‌കരണം.

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445