Skip to main content

ശുചീകരണം (2)

നമസ്‌കരിക്കുന്നവന്റെ ശരീരവും വസ്ത്രവും നമസ്‌കാര സ്ഥലവും നജസില്‍ നിന്ന് മുക്തമായെങ്കിലേ നമസ്‌കാരം സ്വീകാര്യമാവൂ.

നജസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, നിര്‍ബന്ധമായും കഴുകിക്കളയാനും വൃത്തിയാക്കാനും മുസ്‌ലിംകള്‍ നിര്‍ദേശിക്കപ്പെട്ട ചില പ്രത്യേക മാലിന്യങ്ങളത്രെ. സാധാരണ ഗതിയില്‍ മണ്ണ്, പൊടി, വിയര്‍പ്പ്, മറ്റു അഴുക്കുകള്‍ ഇവയെല്ലാം മാലിന്യങ്ങള്‍ തന്നെ. അവയില്‍ നിന്നു ശുദ്ധമായിരിക്കലും അത്യാവശ്യമാണ്. എങ്കിലും ഇവ നമസ്‌കാരത്തിന്റെ സാധുതയെ ബാധിക്കില്ല. എന്നാല്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ച നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ നമസ്‌കരിക്കുന്ന സ്ഥലത്തോ അറിഞ്ഞുകൊണ്ട് ഉണ്ടായാല്‍ നമസ്‌കാരം സാധുവാകുകയില്ല.

മലം, മൂത്രം, ശവം, രക്തം, പന്നി, നായ എന്നിവ നജസുകളാകുന്നു. ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞു: ''നബിയേ, പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ നിന്ന് ഭക്ഷിക്കുന്നവന് ഭക്ഷിക്കാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല. അത് ശവമോ ഒഴുക്കപ്പെട്ട രക്തമോ പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അതു മ്ലേച്ഛമാണ്'' (6: 145). ശവവും പന്നിമാംസവും രക്തവും നിരോധിക്കാന്‍ കാരണം പറഞ്ഞത് അവ 'രിജ്‌സ്' (മ്ലേച്ഛം) ആണെന്നാണ്.

ഭക്ഷിക്കാന്‍ വേണ്ടി അറുത്തതോ ചത്ത മത്സ്യമോ രക്തമില്ലാത്ത ചെറു പ്രാണികളോ മനുഷ്യന്റെ മൃതദേഹമോ നജസായ ശവങ്ങളുടെ കൂട്ടത്തില്‍ പെടുകയില്ല. മനുഷ്യരുടെയോ ജന്തുക്കളുടെയോ ശരീരത്തില്‍ നിന്ന് ഒലിക്കുന്ന രക്തവും നജസുതന്നെ. എന്നാല്‍ മുറിവിലോ മറ്റോ ഒലിക്കാതെ നില്‍ക്കുന്നതിനു വിരോധമില്ല. സ്വഹാബികള്‍ മുറിവില്‍ രക്തമുണ്ടായിരിക്കെ നമസ്‌കരിച്ചിരുന്നു. രക്തം പോലെത്തന്നെ പഴുപ്പില്‍ നിന്നുവരുന്ന ചലവും നജസുതന്നെ.

ജന്തുക്കളുടെ ശവം നജസ് ആണെങ്കിലും പ്രസ്തുത ശവത്തിന്റെ തോല്‍ ഊറയ്ക്കിട്ടാല്‍ ശുദ്ധിയാകുന്നു. ''തോല്‍ ഊറയ്ക്കിട്ടാല്‍ ശുദ്ധമായി'' (ബുഖാരി).

പന്നി മാംസവും വിശുദ്ധ ഖുര്‍ആന്‍ വിലക്കിയ വസ്തുവാണ്. നായയെപ്പറ്റി പ്രവാചകന്‍(സ്വ) പറഞ്ഞത് ഇങ്ങനെയാണ്: ''നിങ്ങളിലാരുടെയെങ്കിലും പാത്രത്തില്‍ നായ തലയിട്ടാല്‍ ഏഴു വട്ടം കഴുകിയാലേ അതു ശുദ്ധിയാകൂ. അതിലൊന്ന് മണ്ണ് ചേര്‍ത്തായിരിക്കുകയും വേണം'' (മുസ്‌ലിം). ഹദീസിന്റെ അടിസ്ഥാനത്തില്‍ നായയുടെ മുഖവും വായയും ഉമിനീരുമാണ് നജസെന്നും ബാക്കി ഭാഗത്തിന് ഇതു ബാധകമല്ല എന്നും അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുമുണ്ട്.

മലം, മൂത്രം, ഛര്‍ദിച്ചത് തുടങ്ങിയ വിസര്‍ജ്യങ്ങള്‍ നജസാണ്. നബി(സ്വ) പറഞ്ഞിരിക്കുന്നു: ''നിങ്ങള്‍ മൂത്രത്തില്‍ നിന്ന് ശുദ്ധിയാവുക. ഖബ്ര്‍ ശിക്ഷയില്‍ ഏറ്റവും സാധാരണമായത് ഈ കാര്യത്തിന്റെ പേരിലാണ്.''

എന്നാല്‍ മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടിയുടെ മൂത്രം വസ്ത്രത്തിലായാല്‍ വെള്ളം കുടഞ്ഞാല്‍ മതി, കഴുകേണ്ടതില്ല. ''ഉമ്മുഖൈസ്(റ) തന്റെ ഭക്ഷണം കഴിക്കാറായിട്ടില്ലാത്ത കുഞ്ഞിനെയുമായി നബിയുടെ അടുക്കല്‍ വന്നു. ആ കുഞ്ഞ് നബി(സ്വ)യുടെ മടിയില്‍ മൂത്രമൊഴിച്ചു. നബി(സ)  അല്പം വെള്ളമാവശ്യപ്പെട്ടു. എന്നിട്ട് ആ വസ്ത്രത്തില്‍ വെള്ളം കുടഞ്ഞു; കഴുകിയില്ല (ബുഖാരി, മുസ്‌ലിം). 

നമസ്‌കാരത്തിനു വേണ്ടി മാത്രമല്ല, നിത്യ ജീവിതത്തില്‍തന്നെ ശുചിത്വം പാലിക്കുന്നതിന്റെ ഏറ്റവും പ്രധാനകാര്യം മലമൂത്ര വിസര്‍ജനം ചെയ്താല്‍ വൃത്തിയാക്കുക എന്നതില്‍ അടങ്ങിയിരിക്കുന്നു. പരിഷ്‌കരിച്ചവരെന്നു വിശേഷിപ്പിക്കപ്പെടുന്ന ചില സമൂഹങ്ങള്‍, മൂത്രിച്ചാല്‍ ശുദ്ധീകരിക്കുന്ന നിലവാരത്തിലേക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. 

മദജലം പുറത്തുവന്നാല്‍ കുളി നിര്‍ബന്ധമില്ല. എന്നാല്‍വുദൂ മുറിയും. വസ്ത്രത്തിലായാല്‍ അവിടെ വെള്ളം കുടയണമെന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. സഹ്‌ലിനോട് റസൂല്‍ പറഞ്ഞത്, ഒരു കോരല്‍ വെള്ളമെടുത്ത് വസ്ത്രത്തില്‍ കുടഞ്ഞാല്‍ മതിയാവുന്നതാണ് (അബൂദാവൂദ്) എന്നാണ്. വുദൂ എടുക്കണം, ഗുഹ്യസ്ഥാനം കഴുകുകയും വേണം എന്ന് പ്രവാചകന്‍ പറഞ്ഞതും മദ്‌യിന്റെ കാര്യത്തിലാണ്. 

മൃഗങ്ങളുടെ വിസര്‍ജ്യവും നജസ്തന്നെയാണ്. ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) മല വിസര്‍ജനത്തിനായി പോയി. എന്നോട് മൂന്നു കല്ല് കൊണ്ടുവരാന്‍ പറഞ്ഞു. എനിക്ക് രണ്ടെണ്ണം കിട്ടി. മൂന്നാമത്തേത് അന്വേഷിച്ചു; കിട്ടിയില്ല. ഞാന്‍ ഉണങ്ങിയ ചാണകക്കട്ട കൊണ്ടുപോയി കൊടുത്തു. എന്നാല്‍ അത് മലിനമാണെന്ന് അദ്ദേഹം പറഞ്ഞു (ബുഖാരി). ഇതില്‍ ചാണകക്കട്ട എന്ന് പറഞ്ഞത് നാടന്‍ കഴുതയുടേതാണെന്ന് മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്. ഭക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ കാഷ്ടവും മൂത്രവും നജസുകളില്‍ പെടുകയില്ല എന്ന് ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

മദ്യം തുടങ്ങിയ ലഹരിവസ്തുക്കള്‍ നജസാണ് എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നജസുകള്‍ കൊണ്ട് മലിനമായിത്തീര്‍ന്നത് വൃത്തിയാക്കാന്‍ ശുദ്ധമായ വെള്ളംകൊണ്ട് കഴുകണം. കാലിന്നടിയിലോ ചെരിപ്പിലോ നടന്നുപോകുമ്പോള്‍ നജസുകള്‍ ആകാന്‍ സാധ്യതയുണ്ട്. അത് തുടര്‍ന്ന് നടന്നു പോകുമ്പോള്‍ മണ്ണ് തന്നെ ശുദ്ധിയാക്കുന്നു എന്ന് പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്. ഈ വൃത്തിയും ശുദ്ധിയും നമസ്‌കാരത്തിന്റെ കാര്യത്തില്‍ നിഷ്‌കര്‍ഷയോടെ ഒരു നിബന്ധനയെന്ന നിലയില്‍ പറഞ്ഞുവെന്ന് മാത്രം. ജീവിതത്തില്‍ എല്ലാ സന്ദര്‍ഭങ്ങളിലും ഇതാവശ്യമാണ്. മേല്പറഞ്ഞ നജസുകള്‍ മാത്രമല്ല, മറ്റു മാലിന്യങ്ങളും കഴുകിക്കളഞ്ഞ് വൃത്തിയായി നടക്കാന്‍ മുസ്‌ലിം നിഷ്‌കര്‍ഷിക്കപ്പെട്ടിരിക്കുന്നു. ദിവസവും അഞ്ചുനേരം ഒരാള്‍ നിര്‍ബന്ധപൂര്‍വം മാലിന്യങ്ങളില്‍ നിന്ന് ശുദ്ധമാവുകയും വലിയ അശുദ്ധിയുണ്ടായാല്‍ കുളിക്കുകയും ചെയ്യുക. ജുമുഅ ദിവസം ഏതായാലും കുളിക്കുക. ജനങ്ങള്‍ കൂടുന്നിടത്തൊക്കെ വൃത്തിയോടെ പെരുമാറുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രവാചക ചര്യയില്‍ പെട്ടതാണ്. വിയര്‍പ്പും പൊടിയുമായി വന്ന മനുഷ്യനോട് ''നിങ്ങള്‍ ഈ ദിവസത്തില്‍ ശുദ്ധിയായാല്‍ എത്ര നന്നായിരുന്നു'' എന്നാണ് നബി(സ) പറഞ്ഞത്. 

മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധംമൂലം വിഷമമുണ്ടാക്കുന്ന ഉള്ളി തിന്നുകൊണ്ട് പള്ളിയില്‍ വരരുത് എന്ന് നബി(സ്വ) പറഞ്ഞു: ''ഉള്ളിയോ വെള്ളുള്ളിയോ തിന്നവന്‍ പള്ളിയില്‍ നിന്ന് വിട്ടു നില്‍ക്കണം. അവര്‍ വീട്ടിലിരിക്കട്ടെ'' (മുസ്‌ലിം).
 
പല്ല്‌തേച്ച് വൃത്തിയാക്കാന്‍ നബി(സ്വ) ശക്തിയായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദന്ത ശുദ്ധീകരണം ആരോഗ്യത്തിന്റെ ഒരു മുഖ്യ ഉപാധിയാണെന്ന് ആധുനിക ശാസ്ത്രം ഊന്നിപ്പറയുന്നു. ദന്തശുദ്ധി വരുത്താതെ, വായ്‌നാറ്റത്തിന് ഇടവന്നാല്‍ അതു മറ്റുള്ളവരെയും ബാധിക്കുന്ന പ്രശ്‌നമാണല്ലോ.

റസൂല്‍ (സ്വ) പറഞ്ഞതായി ആഇശ(റ) റിപ്പോര്‍ട്ട്‌ചെയ്യുന്നു: ''എന്റെ സമുദായത്തിനു പ്രയാസകരമല്ലായിരുന്നുവെങ്കില്‍ ഓരോ നമസ്‌കാരത്തിന്റെ കൂടെയും വുദൂവിനോടൊപ്പം പല്ലു തേക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു.'' ഇതേ ആശയത്തില്‍ നിരവധി നബി വചനങ്ങള്‍ കാണാം.

ഹുദൈഫ (റ) പറയുന്നു: ''ഞങ്ങള്‍ രാത്രിയില്‍ എഴുന്നേറ്റാല്‍ പല്ലു തേയ്ക്കാന്‍ കല്‍പിക്കപ്പെടാറുണ്ടായിരുന്നു.'' ''നബി(സ) രാത്രിയിലോ പകലിലോ ഉറങ്ങി ഉണര്‍ന്നാല്‍ ദന്തശുദ്ധി വരുത്താതിരിക്കില്ല.'' ഇങ്ങനെ ഒരു ദിവസത്തില്‍ പലതവണ പല്ലു ശുദ്ധിയാക്കുക നബി(സ്വ)യുടെ പതിവായിരുന്നു. അതു നമ്മോട് കല്പിക്കുകയും ചെയ്തിട്ടുണ്ട്. 

ശ്രദ്ധേയമായ മറ്റൊരു കാര്യം, മനുഷ്യന്‍ ആഹരിച്ചതിന്റെ ബാക്കി നജസാവുകയില്ല എന്നതാണ്. മുസ്‌ലിമായാലും അമുസ്‌ലിമായാലും ആര്‍ത്തവകാരിയോ ജനാബത്തുകാരിയോ ആയാലും ശരി. കാരണം മനുഷ്യന്‍ നജസല്ല.

'ഇന്നമല്‍ മുശ്‌രികൂന നജസുന്‍' (തീര്‍ച്ചയായും ബഹുദൈവാരാധകര്‍ മാലിന്യമാണ്) എന്ന് ഖുര്‍ആന്‍ പറഞ്ഞത് അവരെ തൊട്ടാല്‍ കഴുകണം എന്ന അര്‍ഥത്തിലല്ല. ബഹു ദൈവാരാധന എന്ന ആശയം മലിനമാണ് എന്നത്രെ അതിന്റെ താല്പര്യം. നബിയുടെ അടുത്തുവരുന്ന വിവിധ മതക്കാരായ നിവേദക സംഘങ്ങള്‍ക്ക് പള്ളിയില്‍ ആതിഥ്യം നല്‍കിയിരുന്നു. അവര്‍ പോയശേഷം ഒരു സാധനവും കഴുകാനോ വൃത്തിയാക്കാനോ നബി(സ്വ) കല്‍പിച്ചിട്ടില്ല. 

നായയോ  പന്നിയോ അല്ലാത്ത മൃഗങ്ങള്‍ കുടിച്ചതിന്റെ ബാക്കി വെള്ളവും നജസാവുകയില്ല. അത് ശുദ്ധീകരണത്തിന് പറ്റും. നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴു പ്രാവശ്യം കഴുകണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരിശീലനം നല്‍കിയ വേട്ടനായ്ക്കള്‍ പിടിച്ചുകൊണ്ടുവന്ന മൃഗങ്ങളുടെ മാംസം കഴിക്കാം. (ഖുര്‍ആന്‍ 5:4) പരിശീലിപ്പിച്ച വേട്ടനായ മൃഗത്തെ പിടികൂടിയാല്‍ അത് ഭക്ഷിക്കാന്‍ ഖുര്‍ആന്‍ അനുവദിച്ചു. പ്രത്യേകമായി കഴുകണമെന്നോ മറ്റോ പറഞ്ഞില്ല. ചുരുക്കത്തില്‍ ശുദ്ധിയുടെ കാര്യത്തില്‍ ഇസ്‌ലാം വളരെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ തന്നെ അതു ശരിയായി മനസ്സിലാക്കുന്നില്ല. തനിക്കും തന്റെ ചുറ്റുപാടിനും വൃത്തികേടുണ്ടാക്കുന്ന ഒരു കാര്യവും ഒരു മുസ്‌ലിമില്‍ നിന്ന് ഉണ്ടായിക്കൂടാ. അഴുക്കുകളും മാലിന്യങ്ങളും നമ്മില്‍ നിന്നു നീങ്ങിയാല്‍ മാത്രം പോരാ. അയല്‍ക്കാരനും സമൂഹത്തിനും അതു ദോഷകരമാവാതിരിക്കുകയും വേണം.

ശ്രദ്ധേയമായ മറ്റൊരു കാര്യവും കൂടിയുണ്ട്. മേല്‍ പറഞ്ഞ ഏതാനും നജസുകള്‍ ശരീരത്തിലോ വസ്ത്രത്തിലോ ആകാതിരിക്കാന്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ മറ്റു വൃത്തികേടുകളും അഴുക്കുകളും വൃത്തിയാക്കുന്നതില്‍ വീഴ്ച വരുത്തരുത്. പ്രവാചകന്‍ ഏറെ വൃത്തിയില്‍ നടന്നിരുന്നു. മുടി ചീകി വൃത്തിയാക്കി വയ്ക്കുമായിരുന്നു. യാത്രയില്‍ മുടി പാറിപ്പറക്കാതിരിക്കാന്‍ ചീര്‍പ്പ് കയ്യില്‍ കരുതുമായിരുന്നു. അതുകൊണ്ട് വൃത്തിയുടെ പര്യായമായി മുസ്‌ലിം സമുദായം മാറണം. മുസ്‌ലിംകള്‍ക്ക്, ബാഹ്യമായ വൃത്തിക്ക് പുറമെ മാനസികമായ ശുദ്ധി (വുദൂ) കൂടി നിഷ്‌കര്‍ഷിച്ച സ്ഥിതിക്ക് ഏറ്റവും ശുദ്ധിയുള്ള സമൂഹമായിത്തീരണം.

പ്രബോധന പ്രവര്‍ത്തനത്തിനിറങ്ങുന്ന പ്രവാചകനോട് അല്ലാഹുവിന്റെ നിര്‍ദേശം: ''നിന്റെ വസ്ത്രങ്ങള്‍ നീ ശുദ്ധിയാക്കുക'' (74:4) എന്നായിരുന്നു. ''അല്ലാഹു പാശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുദ്ധിയുള്ളവരെയും ഇഷ്ടപ്പടുന്നു.'' (വി.ഖു. 2:222)
 
പ്രവാചകന്‍ പറയുന്നു: അത്ത്വഹൂറു ശത്വ്‌റുല്‍ ഈമാന്‍ ''ശുദ്ധി ഈമാനിന്റെ പകുതിയത്രെ.'' 
 

Feedback