Skip to main content

ആര്‍ത്തവം

ഖുര്‍ആന്‍ പറയുന്നു: ''ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവ ഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കാന്‍ പാടില്ല'' (2:222).

ആഇശ(റ) പറയുന്നു: ''അബൂഹുബൈശിന്റെ മകള്‍ ഫാത്വിമ നബി(സ്വ)യോട് ചോദിച്ചു: എനിക്ക് രക്ത സ്രാവമുണ്ടാകുന്നു. എന്നിട്ട് ശുദ്ധിയാകുന്നില്ല. അതിനാല്‍ എനിക്ക് നമസ്‌കാരം ഉപേക്ഷിക്കാമോ? നബി പ്രതിവചിച്ചു: പാടില്ല. അത് ഒരു ധമനിയുടെ ദോഷമാണ്. എന്നാല്‍ നിനക്ക് ആര്‍ത്തവമുണ്ടാകാറുള്ള ദിവസങ്ങളുടെ കണക്കില്‍ നീ നമസ്‌കാരം ഉപേക്ഷിച്ചു കൊള്ളുക. പിന്നെ നീ കുളിച്ചു നമസ്‌കരിക്കണം.''

ഇസ്‌ലാം നല്‍കുന്ന ശുദ്ധീകരണ അവബോധം എത്ര ഉദാത്തമാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യക്തമാവും. സ്ത്രീകളെപ്പറ്റി വളരെ മോശമായ ധാരണ വെച്ചു പുലര്‍ത്തുകയും അധമമായി പെരുമാറുകയും ചെയ്തിരുന്ന കാലത്താണ് പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം മനുഷ്യന്റെ ശാരീരിക പ്രക്രിയകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ജ്ഞാനവും നേടിയിട്ടില്ലാത്ത സമൂഹം, സ്ത്രീ അധമയാണെന്ന് കണ്ടിരുന്ന അറബികള്‍, ജീവനോടെ അവരെ കുഴിച്ചുമൂടിയിരുന്ന സംസ്‌കാരം. ഈ സന്ദര്‍ഭത്തില്‍ സ്ത്രീയെ മാന്യമായി വീക്ഷിക്കുകയും പെരുമാറുകയും ചെയ്യാന്‍ പഠിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ആര്‍ത്തവം പോലുള്ള ശാരീരിക പ്രത്യേകതകളെ വളരെ മാന്യമായി കൈകാര്യം ചെയ്തു.

ആര്‍ത്തവ കാലത്ത് സ്ത്രീ തൊട്ടതെല്ലാം അശുദ്ധമാകുമെന്ന് ചില മത വിഭാഗങ്ങള്‍ ധരിച്ചുവശായിട്ടുണ്ട്. ബൈബിള്‍ പഴയ നിയമത്തില്‍ കാണുന്നത് ഇങ്ങനെയാണ്: ''ഒരു സ്ത്രീക്ക് സ്രവമുണ്ടായി. അവളുടെ അംഗസ്രവം രക്തമായിരുന്നാല്‍ അവള്‍ ഏഴുദിവസം അശുദ്ധമായിരിക്കേണം. അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്‍മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം'' (ലേവ്യ 15: 19,20). 

എന്നാല്‍, ആര്‍ത്തവ കാലത്ത് ലൈംഗികബന്ധം പോലും നടത്തുന്ന വിഭാഗവും ഉണ്ടായിരുന്നു. മേല്‍പറഞ്ഞ രണ്ട് നിലപാടും ബുദ്ധിപൂര്‍വകമോ സംസ്‌കാരത്തിനു യോജിച്ചതോ അല്ല. ഇസ്‌ലാം അത് മാന്യമായി കൈകാര്യം ചെയ്യുന്നു. സ്ത്രീയുടെ പ്രകൃതിപരമായ പ്രശ്‌നങ്ങള്‍ പരിഗണിക്കുകയും ശുദ്ധിക്ക് ഏറെ സ്ഥാനം കല്പിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ നബി(സ്വ)യോട് ഇതു സംബന്ധമായി നിരന്തരം സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉപരി സൂചിത വചനം (2:222) അവതരിച്ചത്. ജൂതന്മാരുടെ തെറ്റായ നിലപാടിനെ നബി(സ്വ) അംഗീകരിച്ചില്ല. മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ നിന്നും ഇത് വ്യക്തമാകുന്നു.

''അനസു ബ്‌നു മാലിക്(റ) പ്രസ്താവിക്കുന്നു: ''ജൂതന്മാര്‍ അവരിലെ ഒരു സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ അവരോടൊപ്പം ഭക്ഷണം കഴിക്കുകയോ വീടുകളില്‍ അവരൊന്നിച്ചു താമസിക്കുകയോ ചെയ്യുമായിരുന്നില്ല. നബിയുടെ സ്വഹാബികള്‍ അതിനെപ്പറ്റി നബി(സ്വ)യോടു അന്വേഷിക്കുകയുണ്ടായി. അപ്പോള്‍ 2:222 സൂക്തം അല്ലാഹു അവതരിപ്പിച്ചു. അനന്തരം റസൂല്‍(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ സംയോഗമല്ലാത്ത എല്ലാ കാര്യവും ചെയ്തുകൊള്ളുക.''

പ്രബുദ്ധ കേരളത്തില്‍ പോലും ആര്‍ത്തവകാരികള്‍ക്ക് ഭ്രഷ്ട് കല്പിക്കുക, തിരണ്ടു കല്യാണം നടത്തുക തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നുപോന്നതാണല്ലോ. സാധാരണഗതിയില്‍ സ്ത്രീയുടെ ആര്‍ത്തവകാലം 12 വയസ്സ് മുതല്‍ 50 വയസ്സ് വരെയാകുന്നു. ചിലപ്പോള്‍ 12നു മുമ്പ് ആര്‍ത്തവം തുടങ്ങുകയും 50നു ശേഷം അത് തുടരുകയും ചെയ്‌തെന്നും വരാം. ഏറ്റവും കുറഞ്ഞതോ കൂടിയതോ ആയ സമയത്തിന് ദിനങ്ങളുടെ പരിധിയില്ല. സാധാരണ ഗതിയില്‍ ആറോ ഏഴോ ദിവസം ഉണ്ടാകാം.

ആര്‍ത്തവകാരി ശുദ്ധിയായാല്‍ ശരീരം മുഴുവന്‍ വൃത്തിയാകുന്ന രൂപത്തില്‍ കുളിക്കേണ്ടതാണ്. കുളിച്ചു ശുദ്ധിയായാല്‍ നമസ്‌കാരം നിര്‍വഹിക്കണം. ആര്‍ത്തവകാരികള്‍ നമസ്‌കാരം, നോമ്പ്, ത്വവാഫ് എന്നീ ആരാധനകള്‍ ചെയ്യാന്‍ പാടില്ല. വലിയ അശുദ്ധിയുണ്ടായിരിക്കെ പള്ളിയില്‍ ഇരിക്കാനും പാടില്ല. എന്നാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി പള്ളിയിലൂടെ കടന്നു പോകുന്നതിനു വിരോധമില്ല.

Feedback