Skip to main content

സ്ത്രീകളുടെ വസ്ത്രം

സ്ത്രീയുടെ ശരീരം മുഴുവന്‍ ഔറത്താണ്. അതു മുഴുവന്‍ മറയ്‌ക്കേണ്ടതുണ്ട്. മുഖവും മുന്‍കൈയും മാത്രമാണ് അതില്‍ നിന്ന് ഒഴിവ്. ''അവരുടെ ഭംഗിയില്‍ പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും (നീ പറയുക)'' (24:31).

ഈ ആയത്തില്‍ സൂചിപ്പിച്ച പ്രത്യക്ഷമായത് എന്നത്‌കൊണ്ടുള്ള വിവക്ഷ മുഖവും മുന്‍കൈകളുമാണെന്നാണ് പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ചിലര്‍ പാദങ്ങള്‍ കൂടി അതിലുള്‍പ്പെടുത്തിയിട്ടുണ്ട്. വെളിയിലിറങ്ങുമ്പോഴും നമസ്‌കരിക്കുമ്പോഴും ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ മറച്ചിരിക്കല്‍ നിര്‍ബന്ധമാണെന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയില്ല. സ്ത്രീകളോടുള്ള ആദരവിന്റെ ഭാഗം കൂടിയാണിത്.

നബി(സ്വ) അരുളിയതായി ആഇശ(റ) പ്രസ്താവിക്കുന്നു.  (തലയും മറ്റും മറയുന്ന തട്ടം) അണിഞ്ഞെങ്കിലല്ലാതെ പ്രായപൂര്‍ത്തിയെത്തിയ സ്ത്രീയുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല.'' ഉമ്മുസലമ(റ) പറയുന്നു: ''അരയുടുപ്പില്ലാത്ത നിലയില്‍ നീളന്‍ കുപ്പായവും തലമൂടിയും മാത്രം ധരിച്ചുകൊണ്ട് സ്ത്രീക്ക് നമസ്‌കരിക്കാമോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ നബി(സ്വ) മറുപടി പറഞ്ഞു. നീളന്‍ കുപ്പായം അവളുടെ പാദങ്ങളുടെ പുറംഭാഗം മൂടുമെങ്കില്‍ (ആവാം).''

പാദങ്ങളുടെ അടിഭാഗം പുറത്തു കാണുന്നതില്‍ തെറ്റില്ല എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഗോപ്യസ്ഥാനങ്ങള്‍ (ഔറത്ത്) മറയ്‌ക്കേണ്ട കാര്യത്തില്‍, സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ വ്യത്യാസം സ്വാഭാവികവും മനുഷ്യത്വപരവുമാണ്. സ്ത്രീ സൗന്ദര്യം ആകര്‍ഷകവും ദുരുപയോഗപ്പെടുത്താന്‍ ഇടയുള്ളതുമായതിനാല്‍, ശരീരം മറയ്ക്കണമെന്ന് സുക്ഷ്മതക്കുവേണ്ടി ഇസ്‌ലാം നിര്‍ദേശിക്കുന്നു. 

സ്ത്രീ പുരുഷന്മാരുടെ ഔറത്തിനെപ്പറ്റി പറയുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഔറത്തായ ഭാഗങ്ങള്‍ വസ്ത്രം കൊണ്ടു മറച്ചാല്‍ മാത്രമേ നമസ്‌കാരം സ്വീകാര്യമാവൂ. എന്നാല്‍ നമസ്‌കാരത്തില്‍ മാത്രം ഈ രൂപത്തില്‍ വസ്ത്രം ധരിക്കുകയും ബാക്കി സമയങ്ങളില്‍ എങ്ങനെയുമാകാം എന്ന് കരുതുകയും ചെയ്യുന്നത് ശരിയല്ല. വെളിയിലേക്കിറങ്ങുമ്പോള്‍ ഔറത്ത് മറച്ചിരിക്കണമെന്നതു നിര്‍ബന്ധമാണ്. 

സ്ത്രീകളുടെ, വീട്ടിലെ വസ്ത്രധാരണാരീതിയും ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികള്‍ക്കിടയില്‍ മാത്രം വെളിവാക്കാവുന്ന ഗോപ്യസ്ഥാനങ്ങളുണ്ട്. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ തലയും കൈകാലുകളുമൊക്കെ വെളിവാകുന്നതിന് വിരോധമില്ല. എന്നാല്‍, അന്യരുടെ ഇടയിലേക്ക് ഇറങ്ങുമ്പോള്‍ മേല്പറഞ്ഞ രീതിയില്‍ വസ്ത്രം ധരിക്കണം. വസ്ത്രത്തിന്റെ രീതിയും സ്വഭാവവും, നാടിനും കാലത്തിനും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ച് മാറിയെന്നുവരാം. ഏതുതരം വസ്ത്രമായാലും മുഖവും മുന്‍കൈയും പാദത്തിന്റെ അടിഭാഗവും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറഞ്ഞിരിക്കുക തന്നെ വേണം. പേരിന് വസ്ത്രം ധരിക്കുകയും അവയവങ്ങള്‍ പുറത്തുകാണുകയും ചെയ്യുന്ന സ്ഥിതി ഒരിക്കലും ഉണ്ടായിക്കൂടാ. 

നമസ്‌കാരത്തിന് വേണ്ടി മാത്രം പ്രത്യേകതരം വസ്ത്രം(നമസ്‌കാരക്കുപ്പായം) നബി(സ്വ)യുടെ ഭാര്യമാര്‍ക്കോ സ്വഹാബീ വനിതകള്‍ക്കോ ഉണ്ടായിരുന്നില്ല. വെളിയിലേക്കിറങ്ങുമ്പോള്‍ ധരിക്കുന്ന വസ്ത്രംതന്നെ നമസ്‌കാരത്തിനും മതി. സൂക്ഷ്മതക്ക്‌വേണ്ടി പാദവും മറയ്ക്കുന്നതാണ് നല്ലത്. ഏതെങ്കിലും കാരണത്താല്‍, പാദത്തിന്റെ അടിഭാഗം പുറത്തു കാണാനിടയായാലും വിരോധമില്ല എന്ന് താഴെ ചേര്‍ത്ത നബിവചനത്തില്‍നിന്നു മനസ്സിലാക്കാം. 'സ്ത്രീകള്‍ വസ്ത്രം താഴ്ത്തിയിട്ടു നടന്നാല്‍ നജസുകള്‍ പറ്റിയെങ്കിലോ' എന്ന് ചോദിച്ചപ്പോള്‍ 'ഭൂമിതന്നെ അതിനെ ശുദ്ധിയാക്കിക്കൊള്ളു'മെന്ന് റസൂല്‍(സ്വ) പറഞ്ഞതായി ഹദീസുകളില്‍ കാണാം. വീട്ടില്‍നിന്നു പുറത്തുപോകുന്നവര്‍ ഒരു സോക്‌സ് മാത്രം കൈയില്‍ വെച്ചാല്‍ നമസ്‌കാരം പ്രയാസമായിത്തീരുകയില്ല.


 

Feedback