Skip to main content

അല്‍ജംഅ്

രണ്ടു നമസ്‌കാരങ്ങള്‍ ഒരു നമസ്‌കാരത്തിന്റെ സമയത്ത് നമസ്‌കരിക്കുന്നതിനാണ് ജംഅ് എന്നു പറയുന്നത്. ദുഹ്‌റും അസ്വ്‌റും ഏതെങ്കിലും ഒന്നിന്റെ സമയത്ത് ഒന്നിച്ചും മഗ്‌രിബും ഇശാഉം ഏതെങ്കിലും ഒന്നിന്റെ സമയത്ത് ഒന്നിച്ചും നമസ്‌കരിക്കാം. സ്വുബ്ഹ് അതിന്റെ സമയത്ത് മാത്രമേ നിര്‍വഹിക്കാവൂ; മറ്റൊന്നിനോടൊപ്പം ചേര്‍ത്തു നമസ്‌കരിക്കരുത്. അസ്വർ നമസ്‌കാരം ദുഹ്‌റിന്റെയും ഇശാഅ് നമസ്‌കാരം മഗ്‌രിബിന്റെയും സമയത്ത് നമസ്‌കരിക്കുന്നതിന് ജംഉത്തഖ്ദീം (മുന്‍കൂട്ടി ചേര്‍ത്തു നമസ്‌കരിക്കുക) എന്നും ദുഹ്ര്‍ അസ്വ്‌റിന്റെയും മഗ്‌രിബ് ഇശാഇന്റെയും സമയത്ത് നമസ്‌കരിക്കുന്നതിന് ജംഉത്തഅ്ഖീര്‍ (പിന്തിച്ച് ചേര്‍ത്തു നമസ്‌കരിക്കുക) എന്നും പറയുന്നു. ഇപ്രകാരം ജംഅ് ആക്കി നമസ്‌കരിക്കുമ്പോള്‍ ആദ്യ നമസ്‌കാരത്തിന് ബാങ്കും ഇഖാമത്തും വിളിച്ച് നമസ്‌കരിക്കുക. സലാം വീട്ടിയാല്‍ ഇഖാമത്ത് മാത്രം വിളിച്ച് രണ്ടാമത്തെ നമസ്‌കാരവും നിര്‍വഹിക്കുക. ഇതാണ് ജംഇന്റെ ക്രമം. യാത്രാവേളയില്‍ ഖസ്വ്‌റാക്കുകയും ജംആക്കുകയും ചെയ്യാം. അതായത് രണ്ടു റക്അത്ത് ദുഹ്ര്‍ നമസ്‌കരിച്ച് സലാം വീട്ടിയശേഷം രണ്ടു റക്അത്ത് അസ്വർ നമസ്‌കരിക്കുക. അതു പോലെ മൂന്നു റക്അത്ത് മഗ്‌രിബ് നമസ്‌കരിച്ച് സലാംവീട്ടി രണ്ടുറക്അത്ത് ഇശാഅ് നമസ്‌കരിക്കുക. 

ജംഉത്തഅ്ഖീര്‍ ചെയ്യുമ്പോള്‍ എപ്പോഴും ആദ്യത്തെ നമസ്‌കരാമാണ് ആദ്യം നിര്‍വഹിക്കേണ്ടത്. ഉദാഹരണമായി, ദ്വുഹ്‌റും അസ്വ്‌റും അസ്വ്‌റിന്റെ സമയത്താണ് നിര്‍വഹിക്കുന്നതെങ്കില്‍ ആദ്യമായി ദ്വുഹ്‌റാണ് നമസ്‌കരിക്കേണ്ടത്. അതിനുശേഷമാണ് അസ്വർ നമസ്‌കരിക്കുക. പള്ളിയിലോ മറ്റോ നടക്കുന്ന അസ്വർ ജമാഅത്തില്‍ പങ്കെടുക്കുകയാണെങ്കിലും അത് ദ്വുഹ്‌റിന്റെ നിയ്യത്തിലാണ് നിര്‍വഹിക്കേണ്ടത്.

''മുആദുബ്‌നു ജബല്‍(റ) പറയുന്നു: തബൂക്ക് യുദ്ധയാത്രയില്‍ നബി(സ്വ)യുടെ രീതി ഇപ്രകാരമായിരുന്നു: ഉച്ച തിരിയുന്നതിനു മുമ്പാണ് അദ്ദേഹം യാത്ര ആരംഭിക്കുന്നതെങ്കില്‍ ദുഹ്ര്‍ നമസ്‌കാരം അസ്വ്‌റിന്റെ സമയം വരെ നീട്ടിവെക്കുകയും എന്നിട്ട് അവ രണ്ടും ഒന്നിച്ച് നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. ഉച്ചതിരിഞ്ഞ ശേഷമാണ് യാത്ര തുടങ്ങുന്നതെങ്കില്‍ ദുഹ്‌റും അസ്വ്‌റും ഒന്നിച്ചു നമസ്‌കരിച്ചിട്ടായിരുന്നു അദ്ദേഹം പുറപ്പെട്ടിരുന്നത്. മഗ്‌രിബിന് മുമ്പ് യാത്ര ആരംഭിക്കുന്ന പക്ഷം മഗ്‌രിബ് നീട്ടിവെച്ച് ഇശായോടൊപ്പമായിരുന്നു അദ്ദേഹം നമസ്‌കരിച്ചിരുന്നത്. മഗ്‌രിബിന് ശേഷമാണ് യാത്ര തുടങ്ങുന്നതെങ്കില്‍ ഇശാ മഗ്‌രിബോടൊപ്പം നിര്‍വഹിക്കുക യാണ് അദ്ദേഹം ചെയ്തിരുന്നത്'' (അബൂദാവൂദ് 1:278). 

ഹജ്ജ് വേളയില്‍ അറഫാ ദിനത്തില്‍ അറഫാത്തില്‍വച്ച് ദുഹ്‌റും അസ്വ്‌റും ജംഉത്തഖ്ദീം ആയിട്ടും അന്നു രാത്രി മുസ്വ്ദലിഫയില്‍വെച്ച് മഗ്‌രിബും ഇശാഉം ജംഉത്തഅ്ഖീര്‍ ആയിട്ടും യാത്രക്കാരായി വന്നവരും മക്കാ നിവാസികളും നമസ്‌കരിക്കേണ്ടതാണ്. പ്രവാചക രീതി അങ്ങനെയാണ്  (അബൂദാവൂദ്, ഇബ്‌നുമാജ).

ശക്തമായ മഞ്ഞുവീഴ്ച, മഴ മുതലായ കാരണങ്ങളാല്‍ പള്ളിയില്‍ വരാനും തിരിച്ചുപോകാനും പ്രയാസം നേരിടുമ്പോള്‍ രണ്ടു നമസ്‌കാരങ്ങള്‍ ജംഅ് ചെയ്യാവുന്നതാണ്. ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. രണ്ടു നമസ്‌കാരങ്ങളുടെയും ആരംഭത്തില്‍തുടര്‍ച്ചയായി മഴയുണ്ടാകുമെന്ന് കരുതുന്നപക്ഷം ജംഅ് ആകാമെന്ന് ശാഫിഈ ഇമാം അഭിപ്രായപ്പെട്ടിട്ടുണ്ട് (ഉംദതുല്‍ ഖാരിഅ് 4:175, അല്‍മുഹദ്ദബ് 1:105). 

''ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) മദീനയില്‍വച്ച് ദുഹ്‌റും അസ്വ്‌റും ഒന്നിച്ചും മഗ്‌രിബും ഇശാഉം ഒന്നിച്ചും നമസ്‌കരിച്ചു. അയ്യൂബ് പറയുന്നു: മഴയുള്ള ദിവസത്തിലായിരിക്കാം അത് '' (ബുഖാരി ബിശര്‍ഹി ഉംദതുല്‍ ഖാരിഅ് 4:175). 

രോഗമോ മറ്റെന്തെങ്കിലും കാരണമോ ഉണ്ടെങ്കിലും ജംഅ് ആക്കാമെന്ന് പൂര്‍വകാല പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

Feedback