Skip to main content

മറവിയുടെ സുജൂദ്

നമസ്‌കാരത്തില്‍ സംഭവിച്ച മറവിക്കു പരിഹാരം നിശ്ചയിച്ചിട്ടുള്ളത് സലാം വീട്ടുന്നതിന്റെ തൊട്ടുമുമ്പോ സലാം വീട്ടിയശേഷമോ രണ്ടു സുജൂദ് ചെയ്യലാണ്. ഇതിന് 'സഹ്‌വി' ന്റെ അഥവാ മറവിയുടെ സുജൂദ് എന്ന് പറയുന്നു. നബി(സ്വ) പറഞ്ഞു: ''താന്‍ മൂന്നാണോ നാലാണോ നമസ്‌കരിച്ചതെന്ന് നിങ്ങളിലൊരാള്‍ സംശയിച്ചാല്‍ സംശയം ഒഴിവാക്കി ഉറപ്പുള്ളതിന്റെ ബാക്കി നമസ്‌കരിക്കണം. എന്നിട്ട് സലാം വീട്ടുന്നതിനു മുമ്പെ സുജൂദ് ചെയ്യുക.''

നബി(സ്വ)യുടെ ജീവിതത്തിലുണ്ടായ ഒരു സന്ദര്‍ഭം ഇപ്രകാരമാണ്: അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) ഞങ്ങളുമായി ഉച്ചയ്ക്ക് ശേഷമുള്ള രണ്ടു നമസ്‌കാരങ്ങളിലൊന്ന് നിര്‍വഹിച്ചു. രണ്ട് റക്അത്ത് കഴിഞ്ഞ് സലാം വീട്ടി പള്ളിയുടെ ഒരു ഭാഗത്തുണ്ടായിരുന്ന മരത്തടിയുടെ അടുത്തുചെന്ന് അതിന്മേല്‍ അദ്ദേഹം ചാരി നിന്നു. അദ്ദേഹത്തിനു ദേഷ്യമുള്ളതുപോലെ തോന്നി. ഇടതു കൈമേല്‍ വലതു കൈവെച്ച് വിരലുകള്‍ കോര്‍ത്തു. ഇടതു കൈപ്പത്തിയുടെ പുറത്തു കവിള്‍വെച്ചു. ഞാന്‍ വേഗത്തില്‍ പള്ളിയുടെ വാതിലിലൂടെ പുറത്തുവന്നു. അപ്പോള്‍ ആളുകള്‍ പറഞ്ഞു: നമസ്‌കാരം ചുരുക്കിയോ? ജനങ്ങളില്‍ അബൂബക്‌റും ഉമറും ഉണ്ടായിരുന്നു. നബി(സ്വ)യോട് സംസാരിക്കാന്‍ അവര്‍ ഭയപ്പെട്ടു. ജനങ്ങളില്‍ 'ദുല്‍യദൈനി' എന്ന് വിളിക്കപ്പെടുന്ന ഒരാളുണ്ടായിരുന്നു. അയാള്‍ ചോദിച്ചു: ദൈവദൂതരേ, അങ്ങ് മറന്നുവോ അതോ നമസ്‌കാരം ചുരുക്കിയോ? നബി(സ്വ) പറഞ്ഞു: ഞാന്‍ മറന്നിട്ടില്ല; നമസ്‌കാരം ചുരുക്കിയിട്ടുമില്ല. നബി(സ്വ) ജനങ്ങളോട് ചോദിച്ചു: ദുല്‍യദൈനി പറയുന്നതുപോലെ തന്നെയാണോ? ജനങ്ങള്‍ പറഞ്ഞു: 'അതേ.' അപ്പോള്‍ നബി(സ്വ) വന്ന് വിട്ടുപോയ റക്അത്തുകള്‍ നമസ്‌കരിച്ചു. എന്നിട്ട് സലാം വീട്ടി. പിന്നീട് തക്ബീര്‍ ചൊല്ലി ഒരു സുജൂദ് ചെയ്തു. അദ്ദേഹത്തിന്റെ സാധാരണ സുജൂദ് പോലെയോ അതിനെക്കാള്‍ ദീര്‍ഘമായിട്ടോ. പിന്നീട് തക്ബീര്‍ ചൊല്ലി തലയുയര്‍ത്തി. വീണ്ടും തക്ബീര്‍ ചൊല്ലി സുജൂദ് ചെയ്തു. സാധാരണ സുജൂദ് പോലെയോ അതിനേക്കാള്‍ ദീര്‍ഘമായിട്ടോ. പിന്നീട് അദ്ദേഹം തലയുയര്‍ത്തി'' (ബുഖാരി, മുസ്‌ലിം).

മറവിയുടെ സുജൂദ് വേണ്ടിവരുന്ന ചില സന്ദര്‍ഭങ്ങള്‍
കൂടുതല്‍ എന്തെങ്കിലും ചെയ്താല്‍. ''ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) അഞ്ചു റക്അത്ത് നമസ്‌കരിച്ചു. അപ്പോള്‍ പറയപ്പെട്ടു: നമസ്‌കാരത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടോ?' നബി(സ്വ) ചോദിച്ചു: 'അതെന്താണ്?' അവര്‍ പറഞ്ഞു: 'അങ്ങ് അഞ്ചു റക്അത്ത് നമസ്‌കരിച്ചു.' അപ്പോള്‍ നബി(സ്വ) രണ്ടു സൂജൂദ് ചെയ്തു.''

നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫര്‍ദുകള്‍ കുറഞ്ഞു പോയത് മഅ്മൂമുകള്‍ ഓര്‍മപ്പെടുത്തിയാല്‍ മറന്ന ഫര്‍ദ് പൂര്‍ത്തീകരിച്ച ശേഷം അവസാനം രണ്ടു സുജൂദ് ചെയ്യണം. ഉദാഹരണമായി. മഗ്‌രിബില്‍ നാലാമത്തെ റക്അത്തിലേക്ക് ഉയരുമ്പോള്‍ ഓര്‍മപ്പെടുത്തി. അസ്വ്‌റില്‍ മൂന്നാമത്തെ റക്അത്തില്‍ അവസാനത്തെ തശഹ്ഹുദിന് ഇരുന്നു; അപ്പോള്‍ ഓര്‍മപ്പെടുത്തി. നാലാമത്തെ റക്അത്തും നമസ്‌കരിച്ചു. ഇങ്ങനെയുള്ള അവസരത്തില്‍ സലാം വീട്ടുന്നതിനു മുമ്പ് രണ്ടു സുജൂദ് ചെയ്യണം. 


പ്രബല സുന്നത്തായ ഒന്നാമത്തെ തശഹ്ഹുദ് മറന്നാല്‍ സലാം വീട്ടുന്നതിനു മുമ്പോ ശേഷമോ രണ്ടു സുജൂദ് ചെയ്യണം.

''ഇബ്‌നുബുഹൈന(റ) പറയുന്നു: ''നബി(സ്വ) ഒരിക്കല്‍ നമസ്‌കരിക്കവെ രണ്ട് റക്അത്ത് കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു. ജനങ്ങള്‍ 'സുബ്ഹാനല്ലാഹ്' എന്നു പറഞ്ഞു. എന്നാല്‍ നബി(സ്വ) നമസ്‌കാരം തുടര്‍ന്നു. നമസ്‌കാരം തീര്‍ന്നപ്പോള്‍ രണ്ടു സുജൂദ് ചെയ്തു. പിന്നെ സലാം വീട്ടി.''

നമസ്‌കാരത്തില്‍ നിര്‍ബന്ധമല്ലാത്ത ഒരു കര്‍മം മറന്ന് അടുത്ത കര്‍മങ്ങളിലേക്ക് നീങ്ങിയാല്‍ മറന്ന കര്‍മത്തിലേക്ക് മടങ്ങേണ്ടതില്ലാത്തതു കൊണ്ടാണ് 'സുബ്ഹാനല്ലാഹ്' എന്നു കേട്ടിട്ടും നബി(സ്വ) നമസ്‌കാരം തുടര്‍ന്നത്. 


ഉറക്കെ ഓതേണ്ട സന്ദര്‍ഭത്തില്‍ പതുക്കെയും പതുക്കെ ഓതേണ്ട സന്ദര്‍ഭത്തില്‍ ഉറക്കെയും ഓതിയാല്‍ സുജൂദ് ചെയ്യണമെന്ന് അബൂസൗര്‍ അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഇമാം നവവി ഉദ്ധരിച്ചിട്ടുണ്ട് (ഫിഖ്ഹു അബൂസൗര്‍: 239, മജ്മൂഅ് 4:56, 57, മുഗ്‌നി 2:42, ഉംദതുല്‍ഖാരി 5:176).

ഫര്‍ദ് നമസ്‌കാരത്തില്‍ ഉറക്കെ ഓതേണ്ടതും പതുക്കെ ഓതേണ്ടതും ഉപേക്ഷ വരുത്തിയാല്‍ സുജൂദ് ചെയ്യണമെന്നാണ് ഇമാം മാലികും അബൂഹനീഫയും അഭിപ്രായപ്പെടുന്നത്. 

സഹ്‌വിന്റെ സുജൂദ് ചെയ്യാന്‍ ബാധ്യതയുള്ള ഇമാം അത് ചെയ്തിട്ടില്ലെങ്കില്‍ ഇമാം സലാം വീട്ടിയതിനുശേഷം മഅ്മൂമുകള്‍ക്ക് അത് ചെയ്യാവുന്നതാണ്. ഈ അഭിപ്രായം അബൂസൗര്‍, ശാഫിഈ, അഹ്മദ് എന്നീ ഇമാമുകള്‍ക്കുമുണ്ട്. കാരണം നമസ്‌കാരത്തിലെ വീഴ്ചകള്‍ ഇമാമിന്റെ സുജൂദ്‌കൊണ്ട് പരിഹൃതമാകും. അദ്ദേഹം അതു ചെയ്തില്ലെങ്കില്‍ മഅ്മൂമുകള്‍ക്ക് അത് പരിഹരിക്കാവുന്നതാണ് (മജ്മൂഅ് 4:67, മുഹദ്ദബ് 1:91, മുഗ്‌നി 9:49, ഫിഖ്ഹ് അബൂസൗര്‍:938). 

ഒരു ഇമാം നമസ്‌കാരത്തിന്നിടയില്‍ എന്തെങ്കിലും മറക്കുകയും ആ മറവിക്ക് ശേഷം ഒരാള്‍ വന്ന് തുടരുകയും ചെയ്താല്‍ ഈ പിന്തിത്തുടര്‍ന്നവനും ഇമാമിന്റെകൂടെ സഹ്‌വിന്റെ സുജൂദ്‌ചെയ്യണം. അതിനുശേഷം അദ്ദേഹ ത്തിന് പൂര്‍ത്തിയാക്കാനുള്ളത് നമസ്‌കരിക്കണം. ''ഇമാം നിശ്ചയിക്കപ്പെട്ടത് പിന്തുടരപ്പെടാനാകുന്നു.... അദ്ദേഹം സുജൂദ് ചെയ്താല്‍ നിങ്ങള്‍ സുജൂദ്  ചെയ്യുക'' എന്ന ഹദീസിന്റെ പൊതുവിധിയെ അടിസ്ഥാനമാക്കിയാണ് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഇപ്രകാരം  അഭിപ്രായപ്പെട്ടത്.

ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ഒരു മഅ്മൂമിന് മറവി സംഭവിച്ചു. ഇമാമിന് ഒന്നും സംഭവിച്ചിട്ടില്ലതാനും. ഇത്തരം സന്ദര്‍ഭത്തില്‍ മഅ്മൂം സുജൂദ് ചെയ്യേണ്ടതില്ല (മുഗ്‌നി 2:41).

സഹ്‌വിന്റെ സുജൂദില്‍ പ്രത്യേക പ്രാര്‍ഥനകളൊന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. സാധാരണ സുജൂദില്‍ ചൊല്ലുന്ന പ്രാര്‍ഥനകള്‍ തന്നെ ചൊല്ലിയാല്‍ മതി. 

മയ്യിത്ത് നമസ്‌കാരത്തില്‍ മറവി സംഭവിച്ചാല്‍ സൂജൂദ് ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്തതായി നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല. തന്നെയുമല്ല, മയ്യിത്ത് നമസ്‌കാരത്തില്‍ സുജൂദ് തന്നെയില്ല. സഹ്‌വിന്റെ സുജൂദ് നമസ്‌കാരത്തില്‍ നിന്ന് സലാം വീട്ടുന്നതിന്റെ മുമ്പും സലാം വീട്ടിയ ശേഷവും നിര്‍വഹിക്കാം. സലാം വീട്ടിയശേഷം നിര്‍വഹിക്കുകയാണെങ്കില്‍ വീണ്ടും സലാം  ചൊല്ലണം (ബുഖാരി, മുസ്‌ലിം).


 

Feedback
  • Monday May 6, 2024
  • Shawwal 27 1445