Skip to main content

ലാ ഇലാഹ ഇല്ലല്ലാഹ്

അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അര്‍ഥം. പ്രപഞ്ച സ്രഷ്ടാവാണ് അല്ലാഹു. അവനെ മാത്രം ആരാധ്യനായി സ്വീകരിക്കുക എന്നതാണ് മനുഷ്യജന്മത്തിന്റെ പ്രഥമ ലക്ഷ്യം. 'ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല' (വി.ഖു. 51:56). അല്ലാഹു സൃഷ്ടിച്ച മനുഷ്യന്‍ ഒരു ആരാധ്യനെ വണങ്ങുന്നവനും ഏക സമുദായവുമായിരുന്നു. '(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍' (21:92). സ്രഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിച്ച് അവനെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്‌ലാമിന്റെ അടിത്തറ (തൗഹീദ്). എന്നാല്‍ മനുഷ്യന്റെ ശത്രുവായ പിശാച് ഈ അടിസ്ഥാന ആശയത്തില്‍ നിന്നും മനുഷ്യനെ വഴിതെറ്റിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ആദികാലം മുതല്‍ മനുഷ്യരില്‍ ബഹുദൈവാരാധന ഉടലെടുത്തു. അപ്പോഴെല്ലാം അല്ലാഹു പ്രവാചകന്മാരെ ദൂതന്മാരായി നിയോഗിക്കുകയും അവര്‍ക്ക് ശരിയായ മതവിശ്വാസം പരിചയപ്പെടുത്തുകയുമുണ്ടായി. എല്ലാകാലത്തും എല്ലാ സ്ഥലത്തും ദൈവനിയുക്തരായ പ്രവാചകന്മാരുടെ പ്രധാന ദൗത്യം മനുഷ്യനെ ശരിയായ ഏകദൈവവിശ്വാസത്തിലേക്ക് നയിക്കുക എന്നതായിരുന്നു. 'ഞാനല്ലാതെ യാതൊരു ദൈവവുമില്ല, അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല' (21:25). ഇങ്ങനെ അവര്‍ക്കിടയില്‍ ഉടലെടുത്ത കക്ഷിമാത്സര്യം അവരെ അടിസ്ഥാന ആശയമായ ഏകദൈവാരാധനയില്‍ നിന്ന് തെറ്റിച്ചു. ഇങ്ങനെ രൂപം കൊണ്ട മതങ്ങളില്‍ നിന്ന് ഇസ്‌ലാം   വ്യതിരിക്തമാകുന്നതും ഇവിടെയാണ്. 


    
ഇസ്‌ലാമിലെ ദൈവവിശ്വാസം വളരെ ലളിതമാണ്. അതില്‍ ദുരൂഹതകളോ കെട്ടിക്കുടുക്കുകളോ ഇല്ല. ആരാധിക്കപ്പെടാന്‍ ഒരു ശക്തിയേ ഉള്ളൂ. അത് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ്; മറ്റുള്ളതെല്ലാം സൃഷ്ടികളാണ്. ഒരു സൃഷ്ടിയും ആരാധിക്കപ്പെടാന്‍ അര്‍ഹമല്ല. സ്രഷ്ടാവിനെ ആര്‍ക്കും എപ്പോഴും എവിടെവെച്ചും ആരാധിക്കാം. ആ ദൈവം സമീപസ്ഥനാണ്. ഉറക്കവും അശ്രദ്ധയും മരണവുമില്ലാത്തവനാണ്. അവനെ ആരാധിക്കാന്‍ ആരുടെയെങ്കിലും ശിപാര്‍ശയോ മധ്യസ്ഥതയോ കാണിക്കകളോ ആവശ്യമില്ല. ആ മാര്‍ഗങ്ങളിലൂടെ അവനെ സ്വാധീനിക്കാന്‍ സാധിക്കുകയുമില്ല. അതാതു കാലങ്ങളില്‍ അവന്‍ പ്രവാചകന്മാരിലൂടെ നിര്‍ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍ പഠിപ്പിക്കാനോ സംഘമായി നിര്‍വഹിക്കേണ്ട ചില കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനോ അല്ലാതെ അവനെ ആരാധിക്കാന്‍ മറ്റൊരാളുടെയും സഹായം ആവശ്യമില്ല. ഒരു ഭക്തനുവേണ്ടി പുരോഹിതന്‍ ചെയ്യേണ്ട ഒരു കര്‍മവും ഇല്ല. അവനവന്‍ സ്വയംചെയ്യേണ്ട കര്‍മങ്ങള്‍ പുരോഹിതനെയോ കാര്‍മികനെയോ ഏല്‍പിച്ച് രക്ഷപ്പെടാനും കഴിയില്ല.
    
ഈ പ്രപഞ്ച സ്രഷ്ടാവിനെ മൂന്നുവിധത്തില്‍ മനസ്സിലാക്കി അംഗീകരിക്കലാണ് ഈ ശഹാദത്തിന്റെ ഉദ്ദേശ്യം അഥവാ തൗഹീദ് എന്ന ഏകദൈവാരാധന. 1. പരമാണു മുതല്‍ സ്ഥൂലപ്രപഞ്ചം വരെ സൃഷ്ടിച്ച് പരിപാലിക്കുന്നവന്‍ അല്ലാഹു മാത്രമാണ്. 2. പാപം പൊറുക്കുന്നവന്‍, എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍ തുടങ്ങിയ സവിശേഷമായ ഗുണനാമങ്ങള്‍ അല്ലാഹുവിന് മാത്രമേയുള്ളൂ. 3. അതുകൊണ്ടുതന്നെ ആരാധനയുടെ എല്ലാ ഭാവങ്ങളും ആ ശക്തിയോട് മാത്രമേ പാടുള്ളൂ.
    
ഇങ്ങനെയുള്ള വിശ്വാസ പ്രതിജ്ഞയുടെ അടിസ്ഥാന വാക്യമാണ് ലാ ഇലാഹ ഇല്ലല്ലാഹ്. പക്ഷേ, മുസ്‌ലിംകളിലും നല്ലൊരു വിഭാഗം ആളുകള്‍ ഈ വാക്യം ഉരുവിടുന്നവരായിരിക്കെ ഇതിനോട് നീതികാണിക്കാന്‍ കഴിയാത്തവരായിരിക്കുന്നു എന്നത് ഖേദകരമാണ്. 

ഏകദൈവവിശ്വാസത്തിന്റെ ഈ മന്ത്രധ്വനിയുടെ മഹത്വം ഉദ്‌ഘോഷിക്കുന്ന ധാരാളം നബി വചനങ്ങള്‍ ഉണ്ട്. 

നബി(സ്വ) പറഞ്ഞതായി സൗബാന്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുപറയുന്നവര്‍ക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി). പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും തുലാസിന്റെ ഒരു തട്ടിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് മറുതട്ടിലും തൂക്കിയാല്‍, ലാ ഇലാഹ ഇല്ലല്ലാഹ് ആയിരിക്കും ഭാരംതൂങ്ങുക'' (അഹ്മദ്21/49). ''ആരുടെയെങ്കിലും മരണസമയത്തെ അവസാന വാക്യം ഇതായാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും'' (അബൂദാവൂദ് 3116). 

മരണാസന്നരായ എല്ലാ ധിക്കാരികളുടെയും ചെവിയില്‍ ശഹാദത് കലിമ ചൊല്ലിക്കൊടുത്താല്‍, ബോധപൂര്‍വമല്ലാതെയെങ്കിലും അവനത് ഉച്ചരിച്ചാല്‍ എല്ലാ തിന്മകളും മായ്ക്കപ്പെട്ട് സ്വര്‍ഗസ്ഥനാകും എന്ന് ഇതിന് അര്‍ഥമില്ല. മറിച്ച് ശരിയായ വിശ്വാസം ഒരാളില്‍ ഉണ്ടെങ്കില്‍ അയാളുടെ മറ്റ് അതിക്രമങ്ങള്‍ അല്ലാഹു പൊറുത്തേക്കുമെന്നും അല്ലെങ്കില്‍ അതിനുള്ള ശിക്ഷകള്‍ അനുഭവിച്ചു കഴിഞ്ഞാല്‍ അല്ലാഹു അവന് സ്വര്‍ഗപ്രവേശം നല്കിയേക്കും എന്നുമാണ് അര്‍ഥം.

 
 

Read More

ഈമാന്‍ കാര്യങ്ങള്‍, അല്ലാഹു, തൗഹീദ് ലിങ്കുകള്‍ കാണുക

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446