Skip to main content

ഷേര്‍ ഷാ ഖാന്‍ (1)

മുഗള്‍ ഭരണത്തിന് 15 വര്‍ഷം വിരാമമിട്ട് സൂരിവംശം സ്ഥാപിക്കുകയും അഞ്ചുവര്‍ഷം ഡല്‍ഹിയുടെ സുല്‍ത്താനായി വാഴുകയും ചെയ്തു. ഇന്ത്യാ ചരിത്രത്തിലെ പ്രതിഭകളിലൊന്നാണ് ഷേര്‍ഷാ ഖാന്‍.

1486ല്‍ ബീഹാറിലാണ് ജനനം. അഫ്ഗാന്‍ പ്രഭുവായ ഹസനായിരുന്നു പിതാവ്. യഥാര്‍ഥ പേര് ഫരീദ്ഖാന്‍. അക്കാലത്ത് ബീഹാറിലെ വൈജ്ഞാനിക കേന്ദ്രമായിരുന്ന ജോണ്‍പൂരിലായിരുന്നു വിദ്യാഭ്യാസം. യുവാവായിരിക്കെ ഫരീദ് ഒരു സിംഹത്തെ പോരാട്ടത്തിലൂടെ കൊന്നു. ഇതറിഞ്ഞ പ്രവിശ്യ ഭരണാധികാരിയാണ് ഷേര്‍ ഖാന്‍ എന്ന പേരു നല്‍കിയത്.

പിതാവ് ഹസന്‍ സഹസ്രാമിലെ മുഖ്യമന്ത്രി (ജാഗിര്‍ദാര്‍) ആയിരുന്നു. പിതാവിന്റെ മരണത്തോടെ യുവാവായ ഷേര്‍ഷാ അതേറ്റെടുത്തു മാതൃകാപരമായി നടത്തുകയും ചെയ്തു.

ഇതിനിടെയാണ് ബാബര്‍ ഇന്ത്യയിലെത്തുന്നതും ലോദിയെ തോല്പിച്ച് ഡല്‍ഹിയില്‍ മുഗള്‍ വംശം സ്ഥാപിക്കുന്നതും. ഷേര്‍ഷാ തന്റെ ദൗത്യം തുടര്‍ന്നെങ്കിലും മുഗളരെ തുരത്തി സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കണമെന്ന ആഗ്രഹം ആ യുവമനസ്സില്‍ ഉദയം ചെയ്തിരുന്നു.

തന്റെ ഭരണമികവും ജാഗിര്‍ദാറെന്ന നിലയിലുള്ള മാതൃകാ സേവനവും അദ്ദേഹത്തെ സഹായിച്ചു. ബാബറുടെ മരണസമയത്ത് ബീഹാറും തന്ത്രപ്രധാനമായ ചൂനാര്‍ കോട്ടയും ഷേര്‍ഷായുടെ പിടിയിലൊതുങ്ങിയിരുന്നു.

ഹുമയൂണ്‍ ഭരണമേറ്റപ്പോള്‍ ഷേര്‍ഷാക്ക് കാര്യങ്ങള്‍ എളുപ്പമായി. കൗശലക്കാരനായ ഷേര്‍ഷാ റോട്ടസ് കോട്ടയും രാജമഹല്‍ ചുരവും വരുതിയിലാക്കി. പിന്നെ ഹുമയൂണിന് രക്ഷപ്പെടാന്‍ വഴികളില്ലായിരുന്നു. ബംഗാളും ബീഹാറും വീണു. കനൗജിലും ചൂണ്ടയിലും (1539) ഹുമയൂണ്‍ ഷേര്‍ഷായില്‍ നിന്ന് തോല്‌വിയേറ്റു വാങ്ങി. ഒടുവില്‍ അജ്മീറും ആഗ്രയും സിന്ധും  മാര്‍വാഡും (1543) പിന്നെ ഡല്‍ഹി തന്നെയും നഷ്ടപ്പെട്ടു. പരാജിതനായ ഹുമയൂണിനെ ലാഹോര്‍ വരെ തുരത്തി ഷേര്‍ഷാ.

അങ്ങനെ 1540ല്‍ ഡല്‍ഹിയില്‍ ഷേര്‍ഷാ സിംഹാസനത്തിലേറി; സൂരി വംശത്തിന്റെ പ്രഥമ ചക്രവര്‍ത്തിയുമായി. പഞ്ചാബ്, കാശ്മീര്‍, ഗ്വാളിയോര്‍, മാള്‍വാ തുടങ്ങിയ പ്രദേശങ്ങളും പിന്നീട് ഇതിനു കീഴിലായി. മാതൃകാപരമായ പദ്ധതികളിലൂടെ അഞ്ചുവര്‍ഷം ഡല്‍ഹി വാണ ഷേര്‍ഷ 1545ല്‍, കലഞ്ചാര്‍ കോട്ട ഉപരോധിക്കവെ ഒരു രാജപുത്രന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.

 

Feedback