Skip to main content

മധുര സുല്‍ത്താനത്ത്

ഡല്‍ഹി സുല്‍ത്താനത്തിലെ തുഗ്ലക്ക് കാലഘട്ടത്തില്‍ ദക്ഷിണേന്ത്യയിലെ മധുരയില്‍ ക്രി. വ. 1335ല്‍ നിലവില്‍ വന്നതാണ് മധുര സുല്‍ത്താനത്ത് (ക്രി. 1335-1378). പാണ്ഡ്യ സാമ്രാജ്യത്തെ തകര്‍ത്താണ് ദക്ഷിണേന്ത്യയിലെ ഈ ആദ്യം മുസ്‌ലിം സുല്‍ത്താനത്ത് സ്ഥാപിതമാകുന്നത്. ജലാലുദ്ദീന്‍ അഹ്‌സന്‍ ഖാനാണ് ഇതിന്റെ സ്ഥാപകന്‍.

ദക്ഷിണേന്ത്യ ഡല്‍ഹി മുസ്‌ലിം ഭരണത്തിന് കീഴിലായപ്പോള്‍ അതിനെ അഞ്ച് പ്രവിശ്യകളായി തിരിച്ചു. അതിലൊരു പ്രവിശ്യയായിരുന്നു മാബര്‍. ഉല്ലുഖാന്റെ കീഴിലായിരുന്നു ഇവയെല്ലാം. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ശമ്പളം വരെ മുടങ്ങി. ഇതിനു പിന്നാലെ പല പ്രവിശ്യകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മാബറും സ്വതന്ത്രമായി. മാബറാണ് പിന്നീട് മധുര സുല്‍ത്താനത്തായി മാറിയത്. ജലാലുദ്ദീന്‍ അഹ്‌സന്‍ ഖാന്റെ കീഴില്‍ വന്നത്, ക്രി.വ. 1335ല്‍.

അഞ്ചു വര്‍ഷമാണ് ജലാലുദ്ദീന്‍ ഭരിച്ചത്. 1340ല്‍ അദ്ദേഹത്തിന്റെ മരണ ശേഷം അലാവുദ്ദീന്‍ ഉഭോജിയും ഇതേ വര്‍ഷം തന്നെ ഖുത്ബുദ്ദീന്‍ ഫിര്‍ദൗസും സുല്‍ത്താന്‍മാരായി. ഗിയാസുദ്ദീന്‍ മുഹമ്മദ് ഭംഗാനി (1343-1344) നാസിറുദ്ദീന്‍ മുഹമ്മദ് ഷാ, ഷംസുദ്ദീന്‍ ആദില്‍ ഷാ, ഫഖ്‌റുദ്ദീന്‍ മുബാറക് ഷാ, അലാഉദ്ദീന്‍ സിക്കന്ദര്‍ ഷാ എന്നിവരും ഭരിച്ചു. 1378 വരെ ഈ സുല്‍ത്താനത്ത് നീണ്ടു നിന്നതായി നാണയം പോലുള്ള ചരിത്രാവശിഷ്ടങ്ങളില്‍ നിന്ന് മനസ്സിലാകുന്നു.

വിജയനഗര സാമ്രാജ്യം തെക്കെ ഇന്ത്യയെ ഒന്നൊന്നായി കീഴ്‌പെടുത്തിയതോടെ മധുരയിലെ മുസ്‌ലിം ആധിപത്യവും അവസാനിക്കുകയായിരുന്നു. വിജയനഗരത്തിനു കീഴില്‍ മധുരൈ നായകന്‍മാരാണ് പിന്നീട് അധികാരം വാണത്. 
 

Feedback