Skip to main content

മുസ്‌ലിം ലീഗ് ഇന്ന്

സ്വതന്ത്ര ഇന്ത്യയില്‍ രൂപീകൃതമായ മുസ്‌ലിം ലീഗിന് പക്ഷെ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് വേരുപിടിക്കാനായില്ല. രൂപീകരണം നടന്ന തമിഴ്‌നാട്ടിലും പാര്‍ട്ടി നാമമാത്രമാണ്. എന്നാല്‍ കേരളത്തിലെ മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായി. മററു ജില്ലകളിലും പാര്‍ട്ടി ശക്തമാണ്.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തി വരുന്നുണ്ട്. 1952 മുതലുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്നേ വരെയുള്ള 16 ലോക്‌സഭകളിലും മുസ്‌ലിം ലീഗിന് അംഗങ്ങളുണ്ടായിട്ടുണ്ട്. രണ്ടു മുതല്‍ നാലു വരെയായിരുന്നു അംഗബലം. ഇതില്‍ രണ്ടും കേരളത്തില്‍ നിന്നുള്ളതായിരുന്നു. രാജ്യസഭയിലും അഞ്ചു പേര്‍ വരെയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരംഗം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായ യു പി എ സഖ്യത്തില്‍ രണ്ടു തവണയും കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായി ഇ അഹ്മദ് ഉണ്ടായിരുന്നു. വിദേശകാര്യം, മാനവവിഭവശേഷി വികസനം, റയില്‍വെ, ഹജ്ജ് വകുപ്പുകളില്‍ സഹമന്ത്രിയായി. 

16-ാം ലോകസഭയില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ അംഗങ്ങളായുണ്ട്. പി വി അബ്ദുല്‍ വഹാബാണ് രാജ്യസഭയിലെ മുസ്‌ലിം ലീഗ് പ്രതിനിധി. 2017ല്‍ നിലവില്‍ വന്ന കമ്മിററിയില്‍ പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ പ്രസിഡന്റും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയും പി വി അബ്ദുല്‍ വഹാബ് ഖജാന്‍ജിയുമാണ്. 

അര്‍ധചന്ദ്രനും നക്ഷത്രങ്ങളും മുദ്രണം ചെയ്ത പച്ച നിറത്തിലുള്ളതാണ് പാര്‍ട്ടി പതാക. കോണി തെരഞ്ഞെടുപ്പു ചിഹ്നവും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയില്‍ അംഗമാണ് പാര്‍ട്ടി.

ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത് വാല, ഇ അഹ്മദ് എന്നിവര്‍ ഏഴു തവണ ലോക്‌സഭാംഗങ്ങളായിരുന്നു. സേട്ട് ഒരു തവണ രാജ്യസഭാംഗവുമായി. 
 

Feedback