Skip to main content

ഭരണരംഗത്ത് (1)

രാഷ്ട്രമെന്ന സങ്കല്പവും ഭരണസംവിധാനവും ചരിത്രാതീത കാലം മുതല്‍ മനുഷ്യന്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഏതൊരു ചെറുഗ്രൂപ്പിനും നേതാവു വേണം. അത് കുടുംബം, ഗോത്രം, ജാതി, മതം, പ്രദേശം തുടങ്ങിയ വിവിധ ഘടകങ്ങളിലൂടെ പ്രയോഗവല്ക്കരിക്കപ്പെടുന്നു. ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച യവന ദാര്‍ശനികന്‍ പ്ലാറ്റോയും അദ്ദേഹത്തിന്റെ ശിഷ്യന്‍ അരിസ്‌റ്റോട്ടിലും തങ്ങളുടെ പഠന മനന ദര്‍ശനങ്ങളില്‍ രാഷ്ട്രമീമാംസയില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചതായി കാണാം. പ്ലാറ്റോയുടെ 'ദ റിപ്പബ്ലിക്' എന്ന കൃതിയും അതില്‍ വിഭാവന ചെയ്ത രാഷ്ട്രവും ദാര്‍ശനികമായി ഗംഭീരമായിരുന്നു. അത് പക്ഷേ, പ്രായോഗിക രംഗത്ത് ഉട്ടോപ്യയായി അവശേഷിച്ചു. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിന്തയായിരുന്നു അത്. 

ലോകചരിത്രത്തില്‍ ചെറുതും വലുതുമായ അനേകം ഭരണകൂടങ്ങള്‍ നിലനിന്നിട്ടുണ്ട്. രാജ ഭരണം, കുടുംബ ഭരണം, ഗോത്ര ഭരണം മുതലായ പലതരത്തിലും അതുണ്ടായിട്ടുണ്ട്. നീതിനിഷ്ഠ ഭരണം കാഴ്ച വച്ച മഹത്തുക്കളും ഏകാധിപത്യവും അതിക്രമവും കൊല്ലും കൊലയും നടത്തിയ ദുഷ്ട ഭരണാധികാരികളും കഴിഞ്ഞുപോയിട്ടുണ്ട്. ഈജിപ്ത് ഭരിച്ച ഫറോവമാരും യമന്‍ വാണ തുബ്ബഅ് വംശവും അനേകവര്‍ഷം ഭരണം കൈയാളിയ കുടുംബങ്ങളായിരുന്നു. ക്രൈസ്തവ മേല്‌ക്കോയ്മയില്‍ മതരാഷ്ട്രവും അതിന്റെ പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ കമ്യൂണിസ്റ്റ് മതനിരാസ ഭരണവും ലോകം കണ്ടു. ആധുനിക ലോകത്ത്  ലിഖിതവും അലിഖിതവുമായ ഭരണഘടനകളുമായി ജനാധിപത്യഭരണക്രമം നിലവിലുണ്ട്. ക്യാപ്പിറ്റലിസവും കൂട്ടത്തിലുണ്ട്. 

ക്രി.വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് നബി കാഴ്ച വച്ച ഭരണക്രമം ലോകത്തിനു മാതൃകയായി നിലവിലുണ്ട്. മുഹമ്മദ് നബി ലോകത്തിനു മുന്നില്‍ പ്രബോധനം ചെയ്ത ഇസ്‌ലാം ഒരു രാഷ്ട്രീയ പ്രസ്ഥാനമോ ഭരണസംവിധാനമോ അല്ല. എന്നാല്‍ രാഷ്ട്രവും സമൂഹവും എങ്ങനെയായിരിക്കണമെന്ന കാഴ്ചപ്പാട് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി കാണിച്ചു തന്നിട്ടുണ്ട്. അദ്ദേഹം ഒരു രാഷ്ട്രത്തിന്റെ അധിപനായി മാതൃകയായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ (ഖലീഫമാര്‍) ലോകത്തിന് മാതൃകാഭരണം കാഴ്ച വച്ചിട്ടുണ്ട്. ലോകനാഗരികതയ്ക്ക് ഇസ്‌ലാം നല്‍കിയ വിലപ്പെട്ട സംഭാവനകളിലൊന്ന് സംശുദ്ധ ഭരണത്തിന്റെ ഉത്തമ മാതൃകയാണ്. 

ക്യാപിറ്റലിസം, കമ്യൂണിസം, ജനാധിപത്യം തുടങ്ങിയവയ്ക്ക് പകരമോ സമാന്തരമോ ആയിട്ടുള്ള ഒരു സംവിധാനമായിട്ടല്ല ഇസ്‌ലാം കടന്നു വരുന്നത്. ഭരണസംസ്ഥാപനം ഇസ്‌ലാമിന്റെ ലക്ഷ്യമോ മൗലിക ഘടകമോ അല്ല. ഇസ്‌ലാം മനുഷ്യന്റെ ഇഹപരനന്‍മയ്ക്കാവശ്യമായ വിശ്വാസ ദര്‍ശനമാണ്. വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ് അനുഷ്ഠാന കര്‍മങ്ങള്‍. അതിന്റെ പൂര്‍ണത സാംസ്‌കാരിക മൂല്യങ്ങളിലധിഷ്ഠിതമായ സാമൂഹികക്രമം നിലവില്‍ വരുന്നതിലൂടെയാണ്. സമൂഹത്തിന് നേതൃത്വം അനിവാര്യമാണ്. സമൂഹത്തിന്റെ ഏറ്റവും വലിയ രൂപമാണ് രാഷ്ട്രം (Nation). ഒരു രാഷ്ട്രത്തിന് നേതൃത്വവും ഭരണവും ഭരണക്രമവും കൂടിയേ കഴിയൂ. ഭരണസംസ്ഥാപനം ഇസ്‌ലാമിക ജീവിതത്തിന് അനിവാര്യമല്ല. എന്നാല്‍ ഭരണം കൈകാര്യം ചെയ്യേണ്ടി വന്നാല്‍ അത് മാതൃകാപരമായി നിര്‍വഹിക്കണം. ഇതാണ് പ്രവാചകന്‍ കാണിച്ച മാതൃക. ഇതാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഭരണത്തിന്റെ അവസ്ഥ. 

നിയതമായ ഒരു ഭരണക്രമമോ നിര്‍ണിത ഭരണഘടനയോ നിശ്ചിത നിയമങ്ങളോ ഇസ്‌ലാം ഭരണത്തിനു വേണ്ടി നിശ്ചയിച്ചിട്ടില്ല. നേരെമറിച്ച് ഭരണത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക തിരഞ്ഞെടുപ്പ് രീതി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഭരണാധികാരിയും ഭരണീയരും തമ്മിലുള്ള ബന്ധം നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ഭരണാധികാരം ഏറ്റെടുക്കുകയോ ഏല്പിക്കപ്പെടുകയോ ചെയ്യുന്ന ആള്‍ ഏറ്റവും ആദ്യമായി വേണ്ടത്, ഭരണം ഉത്തരവാദിത്തമാണെന്നും ഉത്തരവാദിത്തം (അമാനത്ത്) ചോദ്യം ചെയ്യപ്പെടുമെന്നും അടിസ്ഥാനപരമായി ഉള്‍ക്കൊള്ളുകയാണ്. പ്രജാക്ഷേമം തന്റെ ബാധ്യതയാണെന്നും അതില്‍ വീഴ്ച പറ്റിയാല്‍ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും മുസ്‌ലിം ഭരണാധികാരി വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആനിനും സുന്നത്തിനും എതിരാവാത്ത കാര്യങ്ങളില്‍ പൗരസ്വാതന്ത്ര്യം പൂര്‍ണമായും നല്കപ്പെടുന്നു. ഇതര മത വിശ്വാസികള്‍ക്ക് വിശ്വാസാനുഷ്ഠാന സ്വാതന്ത്ര്യം നല്കപ്പെടുന്നു. പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കല്‍ ഭരണാധികാരിയുടെ ബാധ്യതയാണ്. സമൂഹത്തെ ബാധിക്കുന്ന തരത്തില്‍ തെറ്റുകള്‍ ചെയ്താല്‍ ശിക്ഷ നല്‍കപ്പെടും. വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയ ചില പ്രത്യേക ശിക്ഷകള്‍ അല്ലാത്തവ ഭരണാധികാരികള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. ഭരണനിര്‍വഹണത്തിന്റെ ഒരു പ്രധാന ഘടകം കൂടിയാലോചന (ശൂറാ)യാണ്. 

ഭരണാധികാരി ഏകപക്ഷീയമായി തീരുമാനമെടുത്തുകൂടാ. കൂടിയാലോചനകളിലൂടെ തീരുമാനമെടുത്തു കഴിഞ്ഞാല്‍ ഭരണാധികാരികളെ അനുസരിക്കല്‍ നിര്‍ബ്ബന്ധം. എന്നാല്‍ ഭരണാധികാരിയെ ചോദ്യം ചെയ്യാനും ഭരണസുതാര്യത ഉറപ്പുവരുത്താനും പ്രജകള്‍ക്ക് അവകാശമുണ്ട്.  ഭരണാധികാരി ജനങ്ങളില്‍ ഒരാളായി ജീവിക്കണം. പൊതുഖജനാവ് സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു കൂടാ. ഇങ്ങനെ രാജാ-പ്രജാ ബന്ധവിശുദ്ധിയുടെ വിളനിലമായ ഇസ്‌ലാമികാന്തരീക്ഷം പരിപൂര്‍ണമായ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നു. 'സ്വന്‍ആ മുതല്‍ ഹദര്‍ മൗത് വരെ (ക്രോസ് കണ്‍ട്രി) ഒരു പെണ്ണിന് ചെന്നായയെല്ലാതെ ഒന്നിനെയും ഭയക്കാതെ സഞ്ചരിക്കാവുന്ന അവസ്ഥ'യായ പ്രവാചകന്‍ സൂചിപ്പിച്ച സമാധാനം നബിയുടെയും ഖുലഫാര്‍റാശിദുകളുടെ യും കാലത്തുണ്ടായിരുന്നു. ഇസ്‌ലാമിക രാഷ്ട്രസങ്കല്പം കേവലം ഒരാശയമായി അവശേഷിക്കാതെ പ്രായോഗിക തലത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് പ്രവാചകന്‍ വിട പറഞ്ഞത്. പ്രവാചക പിന്‍ഗാമികളിലൊരാളായ ഖലീഫ ഉമറിന്റെ ഭരണം ഇന്ത്യയില്‍ വരണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്ന് മഹാത്മാഗാന്ധി ആശിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കാം. 

എന്നാല്‍ പില്കാലത്ത് മുസ്‌ലിം ഭരണാധികാരികള്‍ക്കു തന്നെ ഇസ്‌ലാമിക രീതിയില്‍ ഭരണം നടത്തുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഖുലഫാഉര്‍റാശിദുകളുടെ ഭരണം ലോകത്തിന് എക്കാലത്തും മാതൃകയാവാന്‍ കാരണം തന്റെ ഭരണം കുറ്റമറ്റതായില്ലെങ്കില്‍ താന്‍ പരലോകത്ത് ശിക്ഷിക്കപ്പെടുമെന്ന വിശ്വാസമായിരുന്നു. പ്രവാചകന്‍ പഠിപ്പിച്ചു: 'പരലോകത്ത് പ്രത്യേക ദൈവികസംരക്ഷണം ലഭിക്കുന്ന വിഭാഗങ്ങളില്‍ ഒന്ന് നീതിമാനായ ഭരണാധികാരിയാണ്'. 

Feedback