Skip to main content

ലോക നാഗരികതയ്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകള്‍ (4)

ചരിത്രത്തില്‍ എക്കാലത്തും ലോകത്ത് നാഗരിക സമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംസ്‌കാരത്തിലും നാഗരികതയിലും പിന്നാക്കം നില്ക്കുന്നവരായിരുന്നു ഏറെയും. ഒരു സമൂഹത്തിന്റെ നാഗരിക പുരോഗതിയില്‍ പങ്കു വഹിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഭക്ഷണം, വസ്ത്രം, ഭാഷ, വിശ്വാസം, ആചാരം തുടങ്ങിയവ നാഗരികത രൂപപ്പെടുന്നതില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ധൈഷണികമായ നേതൃത്വം, വൈജ്ഞാനിക മുന്നേറ്റം, ശാസ്ത്രീയ രംഗത്തെ സംഭാവനകള്‍, രാഷ്ട്രമീമാംസ, ഭരണ നൈപുണ്യം തുടങ്ങിയ ഗുണവിശേഷങ്ങള്‍ ഉള്‍ച്ചേര്‍ന്ന് ചിട്ടപ്പെടുത്തപ്പെട്ട സമൂഹങ്ങളെയാണ് 'നാഗരിക'രെന്ന് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ നാഗരികതയില്‍ പിന്നിലാണെങ്കിലും സത്യസന്ധത, വാഗ്ദത്തപാലനം, ഭൂതദയ, കുടുംബ ബന്ധം, ജീവിത മര്യാദകള്‍ തുടങ്ങിയ ഒട്ടേറെ സാംസ്‌കാരിക-മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഗ്രാമീണ സമൂഹങ്ങളും ലോകത്ത് എന്നും നിലനിന്നു പോന്നിട്ടുണ്ട്. ഒരു സമൂഹമെന്ന നിലയില്‍ ഈ തലങ്ങളിലെല്ലാം ലോകത്തിന് മാതൃകയായി വര്‍ത്തിക്കുന്നവരാണ് മുസ്‌ലിംകള്‍.

നാഗരിക സമൂഹമെന്ന് പറഞ്ഞുകൂടാത്ത നാടോടി അറബി ഗോത്രവര്‍ഗങ്ങള്‍ക്കിടയിലാണ് മുഹമ്മദ് നബി(സ്വ) ജനിച്ചു വളര്‍ന്നതും അന്തിമ പ്രവാചകനായി നിയോഗിക്കപ്പെട്ടതും ദൗത്യം നിര്‍വഹിക്കുന്നതും. നബി(സ്വ)യുടെ കാലത്തും ശേഷം ഖുലഫാഉറാശിദുകളുടെയും തുടര്‍ന്ന് വന്ന മുസ്ലിം ഭരണകൂടങ്ങളുടെയും കാലഘട്ടങ്ങളിലും മുസ്ലിംകള്‍ ലോകത്തിന് കാഴ്ച വെച്ച സാംസ്‌കാരിക മൂല്യങ്ങളും നാഗരിക സംഭാവനകളും വളരെ വലുതാണ്. മൂല്യങ്ങള്‍ മുറുകെ പിടിച്ച് ചിന്താശേഷിയെ വളര്‍ത്തിയെടുക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ തത്ത്വങ്ങളും ആദര്‍ശവുമാണ് ഈ മുന്നേറ്റത്തിന് കാരണം. ലോക നാഗരികതയില്‍ മികച്ച സംഭാവനകളര്‍പ്പിക്കുവാന്‍ മുസ്ലിംകള്‍ക്ക് സാധിച്ചതും അതു കൊണ്ടാണ്.
 

Feedback