Skip to main content

മനുഷ്യന്‍ (1)

പ്രവിശാലമായ ഈ പ്രപഞ്ചത്തില്‍ കേവലം ഭൂമി എന്ന ഒരു ചെറു ഗ്രഹത്തില്‍ മാത്രമേ ജിവജാലങ്ങള്‍ ഉള്ളൂ എന്നാണ് അറിഞ്ഞിടത്തോളം ശാസ്ത്രത്തിന്റെ അന്വേഷണമെത്തിയത്. ജീവന്‍ നിലനില്ക്കാനാവശ്യമായ വെള്ളവും വായുവും അന്തരീക്ഷവും ഭൂമിക്ക് മാത്രമേയുള്ളൂ. ഈ ഭൂമിയില്‍ ദശലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ട്. അവയില്‍ മനുഷ്യന്‍ എന്ന ഒരു വര്‍ഗത്തിനു മാത്രമേ വിശേഷബുദ്ധിയും ചിന്താശേഷിയും ഉള്ളൂ. ആശയങ്ങള്‍ ആവിഷ്‌കരിക്കാനും അത് വിനിമയം നടത്തുവാനും മനുഷ്യന്നു മാത്രമേ കഴിയൂ. ഇതര ജന്തുക്കള്‍ക്കെല്ലാം ജീവിക്കാനാവശ്യമായ ജന്മവാസന മാത്രമാണുള്ളത്. മനുഷ്യന്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിവുകള്‍ ആര്‍ജിക്കുന്നു. ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. ത്യാജ്യഗ്രാഹ്യ കഴിവുകള്‍ ഉപയോഗിക്കുന്നു. ലഭ്യമായ അറിവുകള്‍ തലമുറകളിലേക്കു പകരുന്നു. അതിനാണ് ആലേഖന കഴിവ് ഉപയോഗിക്കുന്നത്. ഇങ്ങനെ ആശയാവിഷ്‌കരണ ശേഷിയും ആശയവിനിമയ കഴിവും ആലേഖന പാടവവും ചേരുമ്പോഴാണ് സമൂഹത്തിന്റെ വികാസ പരിണാമങ്ങളും ഭൗതിക വളര്‍ച്ചയും നേടുന്നത്. ഇങ്ങനെയുള്ള മനുഷ്യനാണ് ലോകത്തിന്റെ നിയന്ത്രണം നടത്തുന്നത് എന്നു പറയാം.

അതുകൊണ്ടുതന്നെയാണ് മനുഷ്യര്‍ക്ക് നിയമങ്ങള്‍ ബാധകമാകുന്നതും നിയമനിര്‍മാണം വേണ്ടിവരുന്നതും. മനുഷ്യനെന്ന ഈ ഉത്കൃഷ്ട സൃഷ്ടിക്ക് ധാര്‍മിക സനാതന മൂല്യങ്ങള്‍ നല്കി ഉത്തമ സൃഷ്ടിയാക്കുക എന്നതാണ് മതങ്ങള്‍ ചെയ്യുന്നത്. ഈ മത ബോധമാകട്ടെ സ്രഷ്ടാവായ അല്ലാഹു മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുത്ത ദൂതന്മാര്‍ വഴിയാണ് ലഭ്യമാകുന്നത്. അവരാണ് നബിമാര്‍. 

മനുഷ്യന്‍ ആരാണെന്ന കാര്യത്തില്‍ ഇസ്്‌ലാമിന്റെ കാഴ്ചപ്പാടാണ് മേല്‍പറഞ്ഞത്. സ്രഷ്ടാവായ അല്ലാഹു സോദ്ദേശ്യം സൃഷ്ടിച്ചെടുത്തതാണ് മനുഷ്യവര്‍ഗത്തെ. മനുഷ്യ സൃഷ്ടിപ്പുകമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നടത്തുന്ന അടിസ്ഥാനപരമായ ഒരു പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. 'ഭൂമിയില്‍ മനുഷ്യര്‍ക്ക് ഒരു നിശ്ചിത കാലം വരേക്കും വാസ സ്ഥലവും ജീവിത വിഭവങ്ങളുമുണ്ടായിരിക്കും' (2:36). 'എന്റെ പക്കല്‍ നിങ്ങളുടെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്കു വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല' (2:38).

ഭൗതിക ലോകത്തിനപ്പുറത്ത് മലക്ക്, ജിന്ന് എന്നീ രണ്ടു ജീവി വിഭാഗങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവരെപ്പറ്റി മനസ്സിലാക്കാന്‍ മനുഷ്യന്റെ ചിന്തയും ഗവേഷണവും പര്യാപ്തമല്ല. ചുരുക്കത്തില്‍ തിര്യക്കുകളില്‍ നിന്നും മാലാഖമാരില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വത്തിന്റെ സ്വാതന്ത്ര്യം നല്കപ്പെട്ട ഒരു പ്രത്യേക സൃഷ്ടി വര്‍ഗമാണ് മനുഷ്യന്‍. ചെറുജീവികളില്‍ നിന്ന് പരിണമിച്ചുണ്ടായ ഒരു സ്പീഷീസ് മാത്രമാണ് മനുഷ്യന്‍ എന്ന ചില സിദ്ധാന്തങ്ങള്‍ക്ക്് ശാസ്ത്രീയമെന്ന നിലയില്‍ പ്രചാരം കിട്ടിയെങ്കിലും അത് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമല്ല. ശാസ്ത്രം തന്നെ പില്കാലത്ത് ആ സിദ്ധാന്തം നിരാകരിക്കുകയുമുണ്ടായി.

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446