Skip to main content

സൃഷ്ടിപ്പ് (16)

ഭൂമിയുടെയും മനുഷ്യന്റെയും സൃഷ്ടിരഹസ്യങ്ങള്‍ തേടി ശാസ്ത്രീയ പഠനം നടത്തുന്നവര്‍ക്കെല്ലാം അതിവിസ്മയങ്ങളേറെ ഒളിപ്പിച്ചുവച്ചൊരു ചെപ്പാണ് മനുഷ്യശരീരം. സങ്കീര്‍ണമായ വിഭവങ്ങളും രൂപകല്പനയും വ്യക്തമായ ആസൂത്രണത്തോടെയും മനുഷ്യനെ സംവിധാനിച്ച സ്രഷ്ടാവിനെ അവന്റെ സൃഷ്ടിവൈഭവത്തിലൂടെ തന്നെ കണ്ടെത്താന്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട് നിരന്തരം ആഹ്വാനം ചെയ്യുന്നു. മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ച് സൂചന പോലുമില്ലാതിരുന്ന കാലത്ത്, സൃഷ്ടിയിലെ ഘടകങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നതു തന്നെ. 

''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, നിന്റെ രക്ഷിതാവ് തൂലിക കൊണ്ട് പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന് അവനറിയാത്തതിനെ അവന്‍ പഠിപ്പിച്ചു'' (വി.ഖു. 96: 1-5).


മാതാവിന്റെ ഗര്‍ഭാശയ ഭിത്തിയില്‍ വളര്‍ന്നുവരുന്ന 'അലഖി'നെക്കുറിച്ച് തന്നെ ഖുര്‍ആന്‍ ആദ്യമായി പ്രതിപാദിക്കുന്നത് നമുക്ക് ആഴത്തില്‍ ചിന്തിക്കാന്‍ അവസരം നല്കിക്കൊണ്ടാണ്. ആശയാവിഷ്‌കാരത്തിന് തൂലിക കൊണ്ടുള്ള ആലേഖനം ഒരു ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാന ക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സാംസ്‌കാരികവും നാഗരികവുമായ ഈടുവയ്പുകളുടെ അവകാശികളാക്കിയത്. വഫില്‍ ആഫാഖി വഫീ അന്‍ഫുസിഹിം -ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളില്‍ തന്നെയും -സൂക്ഷ്മദൃഷ്ടികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് എന്ന ഖുര്‍ആന്‍ സൂക്തവും ഓര്‍ക്കുക.

മനുഷ്യന്റെ പിറവിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ഭൗതിക വ്യാഖ്യാനങ്ങളെല്ലാം അപൂര്‍ണമോ അബദ്ധജടിലമോ ആണ്. മനുഷ്യജീവിതത്തിലെ സൃഷ്ടി സംഹാര പ്രക്രിയയെ ക്കുറിച്ച് ചിന്തിക്കുമ്പോള്‍  യുക്തി നമ്മോടു പറയുന്നു, ''വ്യവസ്ഥാപിതമായ ഘടനയോടും യുക്തി ബന്ധുരമായ സൃഷ്ടിചാരുതയോടും കൂടി ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു രക്ഷിതാവുണ്ട്'' എന്ന്.

Feedback