Skip to main content

മുഹമ്മദ് നബിയുടെ ഭരണകാലം (1)

പ്രവാചകനിയോഗാനന്തരം ഒരു വ്യാഴവട്ടത്തിലധികം കാലം മക്കയിലാണ് പ്രവാചകനും മുസ്‌ലിംകളും ജീവിച്ചത്. അവിടെ അവര്‍ തീര്‍ത്തും മര്‍ദിതരായിരുന്നു. സ്വാതന്ത്ര്യവും സുരക്ഷയും നേടാനും ദൈവവിശ്വാസം സംരക്ഷിച്ച് മുസ്‌ലിംകളായി ജീവിക്കാനുമാണ് തികഞ്ഞ മുന്നൊരുക്കത്തോടെ അവര്‍ ഹിജ്‌റ വഴി മദീനയിലെത്തിയത്. യസ്‌രിബ് എന്ന നാമധേയത്തില്‍ അറിയപ്പെട്ട ആ പ്രദേശത്തിന്റെ നേതൃത്വം പ്രവാചകന്‍ ഏറ്റെടുക്കുകയും റസൂലിന്റെ പട്ടണം (മദീനത്തുര്‍റസൂല്‍-മദീന) എന്ന് അത് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

അന്ന് മുതല്‍ (ഹിജ്‌റ ഒന്ന് റബീഉല്‍ അവ്വല്‍) തന്നെയാണ് മുഹമ്മദ് നബി(സ്വ)യുടെ ഭരണകാലം തുടങ്ങുന്നത്. ഏതാണ്ട് പതിനൊന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഈ ഘട്ടം തിരുനബിയുടെ ദേഹവിയോഗത്തോടെയാണ് അവസാനിക്കുന്നത്. (ക്രി.622 സെപ്തംബര്‍ -633 ജൂണ്‍) 

മദീന എന്ന പട്ടണത്തില്‍ നിന്ന് തുടങ്ങിയ ഭരണം അവസാനകാലമായപ്പോഴേക്ക് മക്കയും മറ്റ് അയല്‍പ്രദേശങ്ങളുമടങ്ങുന്ന വിശാലമായ ഭൂപ്രദേശം വരെ വ്യാപിച്ചിരുന്നു. 

പ്രവാചകഭരണകാലം - ഘട്ടങ്ങള്‍

പതിനൊന്ന് വര്‍ഷം നീണ്ടുനിന്ന പ്രവാചക ഭരണകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് ചരിത്രത്തില്‍ വേര്‍തിരിച്ചുകാണുന്നത്. ഒന്ന്. ഇസ്‌ലാമിക സമൂഹസൃഷ്ടി, പ്രബോധന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധയുദ്ധങ്ങള്‍ എന്നിവയുടെ ഘട്ടം. ഇത് ഹിജ്‌റ ഒന്ന് മുതല്‍ ആറു വരെ നീണ്ടുനില്‍ക്കുന്നു.

രണ്ട്. ഖുറൈശികളുമായുള്ള കരാര്‍, അയല്‍പ്രദേങ്ങളിലെ ഭരണാധികാരികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കല്‍, ഇസ്‌ലാം വിരുദ്ധരെ നേരിടല്‍ എന്നിവയുടെ ഘട്ടം. ഹിജ്‌റ എട്ടിലെ മക്കാവിജയം വരെ ഇത് നീണ്ടുനില്‍ക്കുന്നു. 

മൂന്ന്. നിവേദക സംഘങ്ങളെ സ്വീകരിക്കല്‍, ഇസ്‌ലാമിലേക്കുള്ള വിവിധ സംഘങ്ങളുടെ ഒഴുക്ക് എന്നിവയുടെ ഘട്ടം. പ്രവാചകന്റെ വിയോഗത്തോടെയാണ് ഈ അവസാനഘട്ടത്തിന് വിരാമമിടുന്നത്. 

ഒന്നാം ഘട്ടം (ഹി: 1-6)

ഹിജ്‌റയുടെ ഒന്നാം തീയ്യതി മുതല്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ ഒരു ഇസ്‌ലാമിക സമൂഹത്തിനും അതോടൊപ്പം ഭരണക്രമത്തിനും അസ്തിവാരമിടലായിരുന്നു പ്രവാചകന്റെ ലക്ഷ്യം. 

മദീനയില്‍ അന്ന് ജീവിച്ചിരുന്നത് നാലുതരം വിഭാഗക്കാരായിരുന്നു. മക്കയില്‍ നിന്ന് ഹിജ്‌റ ചെയ്‌തെത്തിയ മുഹാജിറുകളും അവരെ സ്വീകരിച്ച അന്‍സ്വാറുകളുമടങ്ങുന്ന മുസ്‌ലിം വിഭാഗം. മുസ്‌ലിംകളോട് മമതയോ വിദ്വേഷമോ ഇല്ലാത്ത, എന്നാല്‍ ബഹുദൈവാരാധകരായ ഔസ്, ഖസ്‌റജ് ഗോത്രക്കാരായ തദ്ദേശവിഭാഗം. റോമില്‍ നിന്നും അസീറിയയില്‍ നിന്നും പലായനം ചെയ്‌തെത്തി അവിടെ സ്ഥിരവാസമാക്കിയ ജൂതവിഭാഗം. പിന്നെ നന്നേ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗവും. 

ഈ നാല് വിഭാഗങ്ങളെയും തന്റെ കീഴില്‍ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് പ്രവാചകന് പ്രഥമമായി ചെയ്യാനുണ്ടായിരുന്നത്. അതില്‍ അദ്ദേഹം വിജയിച്ചു. പരസ്പരം സഹോദര ബന്ധം സ്ഥാപിച്ച് മുഹാജിറുകളെയും അന്‍സ്വാറുകളെയും ഒരു ചരടില്‍ കോര്‍ത്തു. മദീനയില്‍ തന്റെ ഖസ്‌വ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു. തന്റെ ആസ്ഥാനവും മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക കേന്ദ്രവുമായി മാറിയ ആ പള്ളിയാണ് മസ്ജിദുന്നബവി.

നബി(സ്വ)യുടെ മാതൃകാധന്യമായ നേതൃത്വവും മുഹാജിര്‍-അന്‍സ്വാരീ സമൂഹത്തിന്റെ സാഹോദര്യബന്ധവും ഏറ്റവുമധികം ആകര്‍ഷിച്ചത് ഔസ്-ഖസ്‌റജ് ഗോത്രക്കാരെയായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വെറുപ്പും വൈരവും വലിച്ചെറിഞ്ഞ് അവരും ഇസ്‌ലാമിക സമൂഹത്തില്‍ ലയിച്ചുചേരുന്നതാണ് പിന്നീട് കണ്ടത്. 

എന്നാല്‍ ഇസ്‌റാഈല്‍ വംശക്കാരനല്ലാത്തതിനാല്‍ നളീര്‍, ഖൈനുഖാഅ്, ഖുറൈള എന്നീ വിഭാഗങ്ങളടങ്ങുന്ന ജൂതസമൂഹം പ്രവാചകന്റെ നേതൃത്വം അംഗീകരിച്ചില്ല. അറബികളെ വഞ്ചിച്ചും പലിശയും കൊള്ളലാഭവും ഈടാക്കി തടിച്ചുകൊഴുക്കുകയും ചെയ്ത അവര്‍ മദീനയുടെ വ്യാപാരമേഖല പിടിച്ചടക്കിവെച്ചിരിക്കുകയായിരുന്നു. അവരോട് തികച്ചും നയതന്ത്രസമീപനമാണ് നബി(സ്വ)കൈക്കൊണ്ടത്. പുറമെ സൗഹൃദം നടിക്കുകയും അകമേ ശത്രുത വെക്കുകയും ചെയ്യുന്ന അവരെ കൂട്ടുപിടിച്ച് മക്കയിലെ ഖുറൈശീ സമൂഹം മുസ്‌ലിംകള്‍ക്കെതിരെ നീങ്ങരുതെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമായിരുന്നു. ജൂതഗോത്രങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടത് അതിനു വേണ്ടിയായിരുന്നു. മതസ്വാതന്ത്ര്യവും പരസ്പര സഹകരണവും സംരക്ഷണവും നിര്‍ഭയത്വവും ഉറപ്പുവരുത്തുന്ന ഈ കരാര്‍ മതേതര സമൂഹത്തില്‍ മുസ്‌ലിംകള്‍ കൈക്കൊള്ളേണ്ട നിലപാടിന്റെ നിദര്‍ശനം കൂടിയാണ്. 

ഈ സഖ്യം നിലവില്‍ വന്നതോടെ മദീനയും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഒരു ഏകരാജ്യമാവുകയായിരുന്നു.  മദീന അതിന്റെ തലസ്ഥാനവും പ്രവാചകന്‍ ആ രാജ്യത്തിന്റെ നേതാവുമായി അംഗീകരിക്കപ്പെട്ടു. 

പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് അഭംഗുരം നടന്നു. ഹിജ്‌റ രണ്ടില്‍ റമദാന്‍ വ്രതവും സകാത്തും പെരുന്നാളും നിയമമാക്കപ്പെട്ടു. പ്രതിരോധത്തിന്റെ വഴിയില്‍ ബദര്‍(ഹി.2), ഉഹ്ദ്(ഹി.3), ഖന്‍ദഖ്(ഹി.5), ബനൂഖുറൈള(ഹി.5) എന്നീ രണാങ്കണങ്ങളിലും മുസ്‌ലിംകള്‍ക്ക് എത്തിപ്പെടേണ്ടിവന്നു. ഇക്കാലത്തിനിടെ വഞ്ചനയിലൂടെ മുസ്‌ലിംകളെ നശിപ്പിക്കാന്‍ ശ്രമിച്ച ജൂതര്‍ സ്വയം നാശത്തിന്റെ കുഴി തോണ്ടുകയും ഭീഷണിയുയര്‍ത്തിയ പല ഗോത്രങ്ങളും കീഴൊതുങ്ങുകയും ചെയ്തു. 

ഹിജ്‌റ ആറില്‍ ഹുദൈബിയാ സന്ധിക്ക് വേദയൊരുങ്ങിയതോടെ മുഖ്യഎതിരാളികളായ ഖുറൈശികളും പത്തിമടക്കുകയായിരുന്നു. 

 


 
 

Feedback