Skip to main content

രണ്ടും മൂന്നും ഘട്ടങ്ങള്‍

രണ്ടാം ഘട്ടം(ഹി.6-8)

പ്രവാചകന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക ഭരണകൂടത്തെ അറേബ്യന്‍ ഉപദ്വീപ് ഒന്നടങ്കം അംഗീകരിക്കേണ്ടി വന്ന ഘട്ടത്തിന് തുടക്കം കുറിച്ചത് ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅ്ദില്‍ നടന്ന ചരിത്രവിശ്രുതമായ ഹുദൈബിയാ സന്ധിയോടെയായിരുന്നു.

ഉംറയെന്ന ഉദ്ദേശവുമായി 1400ഓളം വരുന്ന സ്വഹാബികളുടെ സംഘത്തെ നയിച്ച് കഅ്ബയെ ലക്ഷ്യമാക്കി നീങ്ങിയ പ്രവാചകന്‍ ഒടുവില്‍ ഹുദൈബിയയില്‍ വെച്ച് ഖുറൈശികളുമായി സന്ധിക്ക് വഴങ്ങി. അതിലെ വ്യവസ്ഥകളെല്ലാം പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് എതിരായിരുന്നു. എന്നാല്‍ പിന്നീട് അത് 'വ്യക്തമായ വിജയ'മായിത്തീരുന്നതാണ് കണ്ടത്. വ്യവസ്ഥകള്‍ ഖുറൈശികള്‍ തന്നെ ലംഘിച്ചതോടെ സന്ധി ദുര്‍ബലപ്പെടാന്‍ തുടങ്ങി. മാത്രമല്ല, അംറുബ്‌നുല്‍ ആസ്വ്, ഖാലിദ് ബ്‌നുല്‍ വലീദ്, ഉസ്മാനുബ്‌നു ത്വല്‍ഹ തുടങ്ങിയ മക്കയുടെ കരളിന്റെ കഷണങ്ങള്‍ മുസ്‌ലിംകളാവുകയും ചെയ്തു. 

ഹിജ്‌റ ഏഴില്‍ പ്രബോധനത്തിന്റെ പുതിയ വഴികള്‍ തേടിയ പ്രവാചകന്‍ അയല്‍രാജ്യങ്ങളിലെ രാജാക്കന്‍മാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളെഴുതി. 'മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന മുദ്രയോടെയുള്ള കത്തുകളില്‍ അല്ലാഹുവിന്റെ ഏകത്വവും തന്റെ പ്രവാചകത്വവും അംഗീകരിക്കണമെന്നും ഇസ്‌ലാം സ്വീകരിച്ച് പരലോകമോക്ഷം നേടണമെന്നും രാജാക്കന്‍മാരെ ദൂതര്‍ ഉണര്‍ത്തി. 

എത്യോപ്യയിലെ നേഗസ്, പേര്‍ഷ്യയിലെ കോസ്‌റോസ്, റോമിലെ ഹിരാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ്, യമാമയിലെ സൗദ ബിന്‍അലി, ദമസ്‌കസിലെ ഹാരിസ് ബിന്‍ അബീശമൂര്‍, ബഹറൈനിലെ മുന്‍ദിര്‍ബിനു സാവ, ഉമാനിലെ ജീഫര്‍ ബ്ന്‍ ജാലന്ദി തുടങ്ങിയവര്‍ക്കാണ് കത്തുകളയച്ചത്. ഇവരില്‍ പേര്‍ഷ്യന്‍, ദമസ്‌കസ് ഭരണാധികാരികള്‍ മാത്രമാണ് കത്തുകള്‍ പിച്ചിച്ചീന്തിയത്. മറ്റുള്ളവര്‍ അനുഭാവത്തോടെ അതംഗീകരിക്കുകയായിരുന്നു.

ഫലഭൂയിഷ്ടമായ ഖൈബര്‍ പ്രദേശം കൂടി കീഴടക്കിയ ദൂതര്‍ക്ക് മുന്നില്‍ ഇസ്‌ലാമിന്റെ പിറവിയിടമായ മക്ക മാത്രമേ പിന്നീട് അവശേഷിച്ചിട്ടുള്ളൂ. ഹിജ്‌റ എട്ട് റമദാനില്‍ പതിനായിരം പേരടങ്ങുന്ന സൈന്യവുമായി ദൂതര്‍ മക്കയിലേക്ക് നീങ്ങി. 

ചെറുത്തുനില്ക്കാനുള്ള കരുത്തുപോലുമില്ലാതെ ഖുറൈശികള്‍ സ്വന്തം വീടുകളില്‍ അഭയം പ്രാപിച്ചു. രക്തരഹിതമായ വിപ്ലവത്തിലൂടെ പ്രവാചകന്‍ തന്റെ പ്രിയനാടിനെയും പുണ്യകഅ്ബയെയും ഇസ്‌ലാമിന്റെ കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തി. 


മൂന്നാം ഘട്ടം(ഹി.9-11)

ഖുറൈശികളുടെ പരമോന്നത സൈന്യാധിപന്‍ അബൂസുഫ്‌യാനും ഭാര്യ ഹിന്ദും മകന്‍ ഇക്‌രിമയുമടക്കം മക്കയിലെ ഒട്ടുമിക്ക പേരും ഇസ്‌ലാമിലെത്തി. അഞ്ചുദിനം അവിടെ തങ്ങിയ ദൂതര്‍ ബഹുദൈവത്വത്തിന്റെ അടയാളങ്ങളെല്ലാം നിശ്ശേഷം നാമവശേഷമാക്കി. കഅ്ബ അടിമുടി ശുദ്ധീകരിച്ചു. ബിലാലിനോട് കഅ്ബയുടെ മട്ടുപ്പാവില്‍ കയറി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ചാംനാള്‍ കഅ്ബയുടെ താക്കോല്‍, അതുവരെ അത് കൈവശം വെച്ചിരുന്ന ഉസ്മാനുബ്‌നുത്വല്‍ഹക്കു തന്നെ തിരിച്ചുനല്‍കിയും മക്കയുടെ ഭരണം അതാബുബ്‌നു ഉസൈദിനെ ഏല്‍പ്പിച്ചും തിരുനബി മദീനയിലേക്ക് മടങ്ങി.

മദീനയിലെത്തിയ നബി(സ്വ), മദീനയുടെ പ്രാന്തങ്ങളില്‍ നിവസിച്ചിരുന്ന വിവിധ ഗോത്രങ്ങളിലേക്ക് പ്രബോധകരെ അയക്കാന്‍ നടപടിയെടുത്തു. ബനൂതമീം, ഗഫ്ഫാര്‍, സുലൈം, മുസൈന, ജുഹൈന തുടങ്ങി 16ഓളം ഗോത്രങ്ങളിലേക്ക് ദൂതരെ അയച്ചു. മക്കാവിജയത്തിന്റെ പിന്നാലെ നടന്ന ഈ നടപടിക്ക് വന്‍പ്രതികരണങ്ങളുണ്ടായി. കൂട്ടം കൂട്ടമായാണ് സമൂഹങ്ങള്‍ ഇസ്‌ലാമിലേക്ക് വന്നത്. 

ഇതിനിടെ ഹിജ്‌റ എട്ട് ശവ്വാലില്‍ സഖീഫ്, ഹവാസിന്‍ ഗോത്രങ്ങളുമായി നടന്ന ഹുനൈന്‍ യുദ്ധവും ഹിജ്‌റ ഒമ്പതില്‍ റോമക്കാരുമായി നടന്ന തബൂക്ക് യുദ്ധവും ഇസ്‌ലാമിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചിരുന്ന അവസാനത്തെ ശക്തികളെയും ഉന്‍മൂലനം ചെയ്യുന്നതായിരുന്നു. 

മക്കയിലേക്ക് മാര്‍ച്ച് നടത്തിയ മുസ്‌ലിംകളുടെ എണ്ണം പതിനായിരമായിരുന്നു. തൊട്ടടുത്ത മാസം ഹുനൈനിലേക്ക് 12,000 പേരും അടുത്ത വര്‍ഷം തബൂക്കിലേക്ക് 30,000 പേരുമാണ് നീങ്ങിയത്. ഹിജ്‌റ പത്തില്‍ നടന്ന വിടവാങ്ങല്‍ ഹജ്ജില്‍ തിരുനബിയോടൊപ്പമുണ്ടായിരുന്നത് ഒരുലക്ഷത്തി നാല്പതിനായിരം പേരും. ഇസ്‌ലാം നേടിയ വളര്‍ച്ചയുടെ ഗ്രാഫ് ഇതില്‍ നിന്നും ഗ്രഹിക്കാം. 

പ്രവാചകനെ നേരില്‍ കണ്ട് ഇസ്‌ലാം സ്വീകരിച്ചിരുന്ന ദൗത്യസംഘങ്ങളുടെ ഒഴുക്ക് മക്കാവിജയാനന്തരം വര്‍ദ്ധിച്ചു. എഴുപതിലധികം സംഘങ്ങളെയാണ് തിരുനബി സ്വീകരിച്ചത്. അവിടത്തെ നയസമീപനത്തിന്റെ മികവ് ഇവിടെ തെളിഞ്ഞുകാണും. ദൂസ്, സുദാഅ്, സഖീഫ്, നജ്‌റാന്‍, ത്വയ്യ് തുടങ്ങിയ ഇവയില്‍ പ്രധാന ദൗത്യസംഘങ്ങളാണ്. 

ഹിജ്‌റ പത്ത് ദുല്‍ഖഅ്ദ് 25ന് തിരുനബി തന്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജ് യാത്രയുടെ വിളംബരം നടത്തി. നാനാദിക്കുകളില്‍ നിന്നുമായി ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി അറഫയിലെ ബത്വ്‌നുല്‍ വാദിയില്‍ വെച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചു, നബി(സ്വ).

ചരിത്രത്തിലെ മഹത്തായ മനുഷ്യാവകാശ വിളംബരം എന്നും ഇസ്‌ലാമിന്റെ നയപ്രഖ്യാപനം എന്നും അറിയപ്പെടുന്ന ഈ പ്രഭാഷണം പൂര്‍ത്തിയായതിനു പിന്നാലെ ''ഇന്നു ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു''(അല്‍മാഇദ: 3) എന്ന വചനവും ഇറങ്ങി. അഥവാ പ്രവാചകദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സൂചന.

വിശുദ്ധഖുര്‍ആനും തിരുചര്യയും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിത-ഭരണക്രമവും പിന്‍ഗാമികള്‍ക്ക് പകര്‍ന്നു നല്‍കിയായിരുന്നു 23 വര്‍ഷം നീണ്ടുനിന്ന തിരുജീവിതത്തിന് വിരാമമായത്. തന്റെ പിന്‍ഗാമിയായി ആത്മസുഹൃത്ത് അബൂബക്ര്‍(റ) ഉണ്ടാവുമെന്ന വ്യക്തമായ സൂചനയും നല്‍കിയായിരുന്നു ആ മാതൃകാഭരണാധികാരിയുടെ ദിവ്യസംഗമയാത്ര.

 

  

Feedback