Skip to main content

അല്‍ മഅ്മൂന്‍ (1)

ഖലീഫ ഹാദിയുടെ മരണവും ഹാറൂന്‍ റശീദിന്റെ  സ്ഥാനാരോഹണവും മഅ്മൂനിന്റെ ജനനവും ഒരുദിവസമായിരുന്നു. ഹിജ്‌റ 170 റബീഉല്‍ അവ്വല്‍ 15ന് (ക്രി. 786ല്‍). പേര്‍ഷ്യക്കാരിയായ ഭാര്യയിലാണ് ഹാറൂന്‍ റശീദിന് മഅ്മൂന്‍ പിറന്നത്. തന്നെക്കാള്‍  ആറുമാസം ഇളയവനായ സഹോദരന്‍ അമീനെ ആദ്യ പിന്‍ഗാമിയായി പിതാവ് പ്രഖ്യാപിച്ചപ്പോള്‍ മഅ്മൂന്‍ അത് അനുസരിക്കുകയും അവന് ബൈഅത്ത് നല്‍കുകയും  ചെയ്തു.

പിതാവിനെപ്പോലെ  തന്നെയായിരുന്നു പല കാര്യങ്ങളിലും മഅ്മൂന്‍. വിനയവും ലാളിത്യവും ഒരിക്കലും കൈവിട്ടില്ല. സാഹിത്യാഭിരുചിയിലും ശാസ്ത്ര ബോധത്തിലും പിന്നിലുമായിരുന്നില്ല. ഹി. 198ലാണ് മഅ്മൂന്‍ ഖിലാഫത്ത് ഏറ്റെടുക്കുന്നത് (സഹോദരന്‍ അമീന്‍ മരിച്ച അന്നുതന്നെ). എന്നാല്‍ പിതാവ് മരിച്ചതിനുശേഷം മര്‍വ് ആസ്ഥാനമായി ഭരണം നടത്തിവന്നിരുന്നു. ഖിലാഫത്ത് ഏറ്റെടുത്തിട്ടും ആറുമാസം അദ്ദേഹം മര്‍വില്‍ തന്നെ തുടര്‍ന്നു. പിന്നീട് ബഗ്ദാദില്‍ ഭരണ വിരുദ്ധ വികാരം കലാപമായപ്പോഴാണ് ഹിജ്‌റ 204ല്‍ അദ്ദേഹം തിരിച്ചുവന്ന് ബഗ്ദാദ് തലസ്ഥാനമാക്കിയത്. അതോടെ കലാപം ഒതുങ്ങുകയും ചെയ്തു.

മഅ്മൂനിന്റെ നീതിബോധത്തിനും വിനയത്തിനും അടിവരയിടുന്ന നിരവധി സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. തന്റെ സ്വത്ത് അന്യായമായി കൈയിലാക്കുന്ന ഖലീഫയുടെ പുത്രനെതിരെ ഒരു വൃദ്ധ അദ്ദേഹത്തെ സമീപിച്ചു. വാദം കേട്ട് അന്യായം ബോധ്യപ്പെട്ട മഅ്മൂന്‍ സ്വത്ത് തിരിച്ചു നല്‍കാന്‍ മകനോട് കല്പിച്ചു.

ദാഹിച്ചു വലഞ്ഞ ജഡ്ജിക്ക് വെള്ളമെടുക്കാന്‍ പോയി ഒരിക്കല്‍ ഖലീഫ. ''ഭൃത്യനോട് പറഞ്ഞാല്‍ പോരേ'' എന്നുചോദിച്ച ജഡ്ജിയോട് ''അവന്‍ ഉറങ്ങുകയായിരിക്കും'' എന്നായിരുന്നു മഅ്മൂന്റെ മറുപടി.

'ജനനായകന്‍ ജനസേവകനാണ്' എന്ന നബി വചനം പലരെയും ഓര്‍മിപ്പിക്കുമായിരുന്നു ഖലീഫ. ബൈതുല്‍ ഹിക്മ (സയന്‍സ് അക്കാദമി)യുടെ പ്രവര്‍ത്തനം വിപുലീകരിച്ച് റോമില്‍ അവഗണിക്കപ്പെട്ടുകിടന്നിരുന്ന പൗരാണിക ഗ്രന്ഥങ്ങള്‍ ബഗ്ദാദിലെത്തിച്ചു അറബിയിലാക്കി. ഗ്രന്ഥത്തിന്റെ അത്ര തൂക്കം വരുന്ന സ്വര്‍ണമായിരുന്നു വിവര്‍ത്തവര്‍ക്കു നല്‍കിയ പ്രതിഫലം.

ഗോളശാസ്ത്ര-ഗണിതശാസ്ത്ര പണ്ഡിതരുടെ ശ്രമഫലമായി അക്കാലത്ത് ഭൂഗോളത്തിന്റെ അളവെടുക്കുകയുമുണ്ടായി. യൂറോപ്യന്‍പോലും ഗുരു എന്നുവിളിച്ചു ഈ വിജ്ഞാന കുതുകിയെ.

രണ്ട് പതിറ്റാണ്ട് രാജ്യം ഭരിച്ച അദ്ദേഹം ക്രി.833ല്‍(ഹി. 218) ത്വൂസില്‍ വെച്ചാണ് ദിവംഗതനായത്. 48 വയസ്സായിരുന്നു.

 


 

Feedback