Skip to main content

മഅ്മൂന്റെ കാലത്തെ ചിലസംഭവങ്ങള്‍

ഖുറാസാനിലെ താമസവും ബര്‍മക്കികളുമായുള്ള സഹവാസവും മഅ്മൂനില്‍ ശീഈ ചിന്താഗതി  വളര്‍ത്തി. ഇത് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ പിന്‍ഗാമിയായി അദ്ദേഹം അലിരിദാ എന്ന ശീഈ ഇമാമിനെ ഹിജ്‌റ 201ല്‍ പ്രഖ്യാപിച്ചു. അബ്ബാസികളുടെ കറുപ്പ് നിറത്തിനു പകരം ശീഈകളുടെ പച്ച നിറം ഔദ്യോഗിക വര്‍ണമായും അംഗീകരിച്ചു.

ഇതോടെ ബാഗ്ദാദ് പ്രകമ്പനം കൊണ്ടു. അവര്‍ മഅ്മൂനിനെ തള്ളി മഹ്ദിയുടെ പുത്രന്‍ ഇബ്‌റാഹീമിനെ ഖലീഫയാക്കി. എന്നാല്‍ ഇബ്‌റാഹീമിന് അധികകാലം പിടിച്ചു നില്‍ക്കാനായില്ല. അതിനിടെ അലിരിദാ മരിച്ചു. ബാഗ്ദാദിലെ കലാപമറിഞ്ഞ്  മര്‍വ് വിട്ട് മഅ്മൂന്‍ അവിടെയെത്തി. തന്റെ 'പിന്‍ഗാമി' തീരുമാനം പിന്‍വലിക്കുകയും ബാഗ്ദാദിലേക്ക് തലസ്ഥാനം മാറ്റുകയും ചെയ്തു.

മുഅ്തസിലി വിഭാഗത്തിന്റെ ഖുര്‍ആന്‍ സൃഷ്ടിവാദം മഅ്മൂന്‍ ഏറ്റു പിടിച്ചതാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്. അത് അംഗീകരിപ്പിക്കാന്‍ പണ്ഡിതരെ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വാദം തള്ളിയ ഇമാം അഹ്മദുബ്‌നു ഹമ്പലിനെ മര്‍ദനത്തിന് വിധേയമാക്കുകയായിരുന്നു.

ഇക്കാലത്ത് ചില സ്ഥലങ്ങള്‍ ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. സ്‌പെയിനിലെ അമവി ഭരണം സഹിക്കാനാവാതെ രാജ്യംവിട്ട ഒരു സംഘം ക്രിറ്റി ദ്വീപ് പിടിച്ചടക്കി. മൊറോക്കോയിലെ ആശ്രിതഭരണകൂടമായ അഗാലിബുകള്‍ സിസിലി പിടിച്ചെടുത്തു. ഇവ രണ്ടും അബ്ബാസിയാ ഖിലാഫത്തിനോട്  ചേര്‍ക്കപ്പെട്ടു. തുര്‍ക്കികളില്‍ ഇസ്്‌ലാം പ്രചരിക്കാന്‍ ഇത് ഇടയാക്കി.

ബൈസന്ത്യക്കാരുടെ ഇടക്കിടെയുള്ള ആക്രമണങ്ങള്‍ക്കറുതി വരുത്താന്‍ ഖലീഫ മഅ്മൂന്‍ തന്നെനേതൃത്വം വഹിച്ച സൈന്യം ത്വര്‍സൂസിലേക്ക് പോയി. റോമക്കാരുടെ കോട്ട പിടിക്കുകയും അവരുടെ അതിര്‍ത്തിയായ തവാനയില്‍ സൈനിക നഗരം പണിയുകയും ചെയ്തു.

 

Feedback
  • Wednesday May 15, 2024
  • Dhu al-Qada 7 1445