Skip to main content

ഇദ്‌രീസ് രണ്ടാമന്‍

പിതാവ് ഇദ്‌രീസ് മരിക്കുമ്പോള്‍ മാതാവ് കന്‍സയുടെ ഉദരത്തില്‍ വളരുകയായിരുന്നു ഇദ്‌രീസ് രണ്ടാമന്‍. പതിനൊന്നാം വയസ്സില്‍ അവനെ മൊറോക്കൊക്കാര്‍ തങ്ങളുടെ രാജാവായി വാഴിച്ചു ഹിജ്‌റ 177ലായിരുന്നു ഇത്.

ഇദ്‌രീസ് ഭരണം യഥാര്‍ഥത്തില്‍ സ്ഥാപിതമായതും അടിയുറച്ചതും ഇദ്‌രീസ് രണ്ടാമന്റെ കാലത്താണ്. അറബ് വംശജരെയും  ആഫ്രിക്കയിലെ ബര്‍ബറുകളേയും ഐക്യപാത യിലേക്ക് നയിച്ച് വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയെ അദ്ദേഹം ഏകീകരിച്ചു.

ഈ മേഖലയില്‍ സജീവമായിരുന്ന ഖവാരിജിലെ  സഫരിയ്യ വിഭാഗത്തെ ഇദ്‌രീസ് രണ്ടാമന്‍ നാമാവശേഷമാക്കി.

അബ്ബാസീ  തലസ്ഥാനമായ ബഗ്ദാദ്, സ്‌പെയിന്‍ തലസ്ഥാനമായ കൊര്‍ദോവ എന്നിവയോട് കിടപിടിക്കാവുന്ന ഫാസ് നഗരം നിര്‍മിച്ചതും ഇദ്‌രീസ് രണ്ടാമനാണ്.

36-ാം വയസ്സില്‍ നിര്യാതനായി. പിന്‍ഗാമികളായി വന്ന മക്കള്‍ പക്ഷേ അധികാര വടംവലി നടത്തി. മകന്‍ മുഹമ്മദുബ്‌നു ഇദ്‌രീസ് അധികാരമേറ്റെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്മാര്‍ മറ്റു വിഭാഗങ്ങളില്‍ സ്വയം പ്രഖ്യാപിത ഭരണാധികാരികളായി. അവര്‍ തമ്മില്‍ വഴക്കും തുടങ്ങി.

അലിയ്യുബ്‌നു മുഹമ്മദ് (ഹി. 221), സഹോദരന്‍ യഹ്‌യ ഒന്നാമന്‍ (ഹി. 234), യഹ്‌യ രണ്ടാമന്‍, അലി രണ്ടാമന്‍, യഹ്‌യ മൂന്നാമന്‍ എന്നിവര്‍ പിന്നീട് ഭരണഭാരമേറ്റു. അതിനിടെ, ഇദ്‌രീസ് ഭരണത്തിലെ അസ്ഥിരത  മുതലാക്കി ഫാത്വിമികള്‍ ഹി. 292ല്‍ ഫാസ് ആക്രമിച്ചു. അവര്‍ അന്നത്തെ ഭരണാധികാരി യഹ്‌യ മൂന്നാമനെ നാടുകടത്തുകയും ഇദ്‌രീസീ പ്രദേശങ്ങള്‍ തങ്ങളുടെ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

പത്തു വര്‍ഷം അങ്ങനെ പോയി. പിന്നീട് ഹി 301ല്‍ ഹസനുബ്‌നു മുഹമ്മദ് എന്ന ഇദ്‌രീസിയ്യ രാജകുമാരന്‍ ഫാസില്‍ നിന്ന് ഫാത്വിമികളെ തുരത്തി.

പക്ഷേ, ഹസന് അധികകാലം ആയുസ്സുണ്ടായില്ല. പടിഞ്ഞാറു ഭാഗത്തെ അമവികളുടെയും കിഴക്കു ഭാഗത്തെ ഫാത്വിമികളുടെയും അക്രമണങ്ങളെ  ചെറുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതോടെ ഇദ്‌രീസീ ഭരണം ഓര്‍മയിലേക്ക് വിടവാങ്ങി.

130 വര്‍ഷമാണ് അലവികള്‍ (ഇദ്‌രീസികള്‍) മൊറോക്കോയുടെ ഭാഗധേയം നിര്‍ണയിച്ചത്.


 

Feedback