Skip to main content

കേരള ജംഇയ്യത്തുല്‍ ഉലമാ (1)

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ സമാരംഭം കുറിച്ച കേരള മുസ്‌ലിംകള്‍ ക്കിടയിലെ നവോത്ഥാന സംരംഭത്തിന്റെ നാള്‍വഴിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഒരു സംവിധാനമാണ് പണ്ഡിതരുടെ കൂട്ടായ്മ അഥവാ ജംഇയ്യത്തുല്‍ ഉലമാ. മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍, വക്കം മൗലവി മുതലായവര്‍ തുടങ്ങിവെച്ച ഒറ്റയാള്‍ പോരാട്ടങ്ങള്‍ 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തോടെയാണ് ശക്തി പ്രാപിച്ചതും വ്യാപിച്ചതും. ഐക്യസംഘത്തിന്റെ അജണ്ടകളിലൊന്നായിരുന്നു പണ്ഡിതരുടെ സേവനങ്ങള്‍  സമുദായത്തിന് കൃത്യമായി ലഭ്യമാക്കുക എന്നത്. നാട്ടിലെ പ്രമുഖ ദര്‍സുകളില്‍ നിന്നും തമിഴ്‌നാട്ടിലെ ബാഖിയാത്തുസ്വാലിഹാത്ത്(വെല്ലൂര്‍), ജാമിഅ ദാറുസ്സലാം(ഉമറാബാദ്), ഉത്തര്‍ പ്രദേശിലെ ജാമിഅ ദാറുല്‍ ഉലൂം(ദയൂബന്ദ്) തുടങ്ങിയ ഉന്നത ദര്‍സുകളില്‍ നിന്നും പഠനം നടത്തിയ അനേകം പണ്ഡിതന്‍മാര്‍ മലയാളക്കരയില്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ കൂട്ടായ്മയോ കൂടിച്ചേരാനുള്ള അവസരമോ ഇല്ലാതെ ഓരോരുത്തരും അവനവന്റെ തട്ടകങ്ങളില്‍ ഒരു പള്ളിയും അതിലൊരു ദര്‍സുമായി കഴിയുകയായിരുന്നു. ഇവരുടെ അറിവുകളും കഴിവുകളും സദുദായത്തിന് ഉപയോഗപ്പെടുത്താന്‍ സക്രിയമായ നടപടികളിലൊന്ന് എന്ന നിലയില്‍ നിലവില്‍ വന്നതാണ് ജംഇയ്യത്തുല്‍ ഉലമാ. 

1924 ല്‍ ആലുവായില്‍ നടന്ന കേരള മുസ്‌ലിം ഐക്യസംഘ വാര്‍ഷികത്തിന്റെ പ്രധാന അജണ്ട പണ്ഡിതരെ സംഘടിപ്പിക്കുക എന്നതായിരുന്നു. ഉസ്താദുമാരുടെ ഉസ്താദായ വെല്ലൂര്‍ ബാഖിയാത്തിലെ പ്രിന്‍സിപ്പല്‍ മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് ആയിരുന്നു ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷികത്തിലെ അധ്യക്ഷന്‍. മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും ഇ.കെ.മൗലവിയും കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് പ്രമുഖ പണ്ഡിതന്‍മാരെയെല്ലാം ക്ഷണിച്ചു വരുത്തി. 500ലേറെ പണ്ഡിതന്‍മാരുടെ നിറഞ്ഞ സഭയില്‍ ഹസ്രത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് (1924 മെയ് 10,11,12) കേരള ജംഇയ്യത്തുല്‍ ഉലമാ നിലവില്‍ വന്നു. അതാണ് കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടന. 1933 ല്‍ പ്രസ്തുത സംഘടന കേരള ജംഇയ്യത്തുല്‍ ഉലമ (അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ) എന്ന പേരില്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.     

പണ്ഡിതന്‍മാര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുക, മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവുന്ന വഴക്കുകള്‍ തീരുമാനമാക്കുക, മതവിധികള്‍ (ഫത്‌വാ) നല്‍കാന്‍ ദാറുല്‍ ഇഫ്താഅ് സ്ഥാപിക്കുക, മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുക, ഇസ്‌ലാമിക ദഅ്‌വത്തിന് ഉചിതമായ മാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്. 

എം.അബ്ദുല്‍ ഖാദിര്‍ മൗലവി, സി.അബ്ദുല്ലക്കോയ തങ്ങള്‍, കെ.കെ.മുഹമ്മദ് കുട്ടി മൗലവി, സി.കെ.മൊയ്തീന്‍ കുട്ടി മുസല്യാര്‍, ഇ.കെ.മൗലവി, പി.എന്‍.മുഹമ്മദ് മൗലവി, പി.പി.ഉണ്ണീന്‍ കുട്ടി മൗലവി (പുളിക്കല്‍), ചാലോട് മൂസക്കുട്ടി മൗലവി (കണ്ണൂര്‍), കെ.എം.മൗലവി (തിക്കോടി), പി.എ.അബ്ദുല്‍ ഖാദിര്‍ മൗലവി (കോട്ടയം), ബി.വി.കോയക്കുട്ടി തങ്ങള്‍ (ചാവക്കാട്), എം.അബ്ദുല്ലക്കുട്ടി മൗലവി (കുറ്റ്യാടി), പാലശ്ശേരി കമ്മുക്കുട്ടി മൗലവി (കുറ്റൂര്‍) എന്നിവരായിരുന്നു കെ.ജെ.യുവിന്റെ പ്രഥമ ഭാരവാഹികള്‍. 

മുസ്‌ലിം ഐക്യസംഘവും കേരള ജംഇയ്യത്തുല്‍ ഉലമായും ഇസ്‌ലാമിക നവജാഗരണ രംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ചു. 1934 ല്‍ ഐക്യസംഘവും 1936 ല്‍ മുസ്‌ലിം മജ്‌ലിസും തിരോഭവിച്ചതോടെ നവോത്ഥാന വീഥിയില്‍ കെ.ജെ.യു മാത്രം അവശേഷിച്ചു; 1950 വരെ.
 

Feedback