Skip to main content

വക്കം മൗലവി

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തില്‍ ചിറയിന്‍കീഴ് താലൂക്കില്‍ വക്കത്ത് 1873 ഡിസംബര്‍ 28ന് ജനനം. അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞ്, ഹാഷുബീ മാതാപിതാക്കള്‍. തെക്കന്‍ തിരുവിതാംകൂറില്‍ കുളച്ചല്‍ കളീക്കരയില്‍ കുഴപ്പുഴ സുലൈമാന്‍ മുസ്‌ലിയാര്‍, അമ്പലപ്പുഴ കേശവപിള്ള, അണ്ടത്തോട് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ആദ്യഗുരുനാഥര്‍. അറബി, പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകള്‍ ചെറുപ്പത്തിലെ പഠിച്ചുതുടങ്ങി. പത്രമാസികകള്‍ തേടിപ്പിടിച്ച് വായന ശീലമാക്കിയ അബ്ദുല്‍ ഖാദര്‍ നാട്ടില്‍ വ്യാപകമായിരുന്ന അനാചാരങ്ങളില്‍ നിന്ന് അകന്നുനുന്നു.25 വയസ്സായപ്പോള്‍ തന്നെ, അംഗീകരിക്കപ്പെടുന്ന പണ്ഡിതനായിത്തീര്‍ന്നു. ശകുനം നോക്കല്‍, മന്ത്രവാദം, ബാധഒഴിക്കല്‍, ശവകുടീര നേര്‍ച്ചകള്‍- ഇവയെ ശക്തമായി എതിര്‍ത്തു സംസാരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് വന്നുകൊണ്ടിരുന്ന പ്രസിദ്ധീകരണങ്ങളിലൂടെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും ചിന്തകളില്‍ ആകൃഷ്ടനായി. ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബ്, ഇമാം ഗസ്സാലി, ഇബ്നു തൈമിയ, ഷാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി എന്നിവരുടെ രചനകളും കര്‍മമാര്‍ഗങ്ങളും അബ്ദുല്‍ ഖാദിറിനെ സ്വാധീനിച്ചു. ശൈഖ് റശീദ് രിദ്വായുടെ അല്‍മനാര്‍ പുതിയ ഊര്‍ജമായി.

1905 ജനുവരി 19ന് അഞ്ചുതെങ്ങില്‍ നിന്ന് സ്വദേശാഭിമാനി ആരംഭിച്ചു. ചിരയിന്‍കീഴ് സി.പി ഗോവിന്ദപിള്ളയായിരുന്നു ആദ്യ പത്രാധിപര്‍. പിന്നീടാണ് കെ. രാമകൃഷ്ണ പിള്ള പത്രാധിപരാകുന്നത്. രാമകൃഷ്ണപിള്ള നിയമപഠനം നടത്തുന്ന കാലത്ത് 1907 ജുലൈ 17 മുതല്‍ പത്രം തിരുവനന്തപുരത്തു നിന്നാണ് പ്രസിദ്ധീകരിച്ചത്. രാജഭരണത്തിലെ അഴിമതി തുറന്നെതിര്‍ത്തതിനാല്‍ പത്രവും പ്രസ്സും 1910 സപ്തംബര്‍ 26ന് രാജകല്പന പ്രകാരം കണ്ടുകെട്ടി. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തു. സ്വന്തം ഭൂമി വിറ്റും വസ്തുക്കള്‍ പണപ്പെടുത്തിയും സ്വദേശാഭിമാനി നിലനിര്‍ത്താന്‍ വക്കം മൗലവി ശ്രമിച്ചു.

സ്വദേശാഭിമാനിക്ക് പുറമെ 1906ല്‍ മുസ്‌ലിം മാസികയും തുടങ്ങി. സമുദായത്തിന്റെ വിഷയങ്ങളായിരുന്നു മുഖ്യമായും ഇതില്‍ ചര്‍ച്ച ചെയ്തിരുന്നത്. അനാചാരങ്ങളെ വിമര്‍ശിച്ചതിനാല്‍ മാസികയും പൂട്ടേണ്ടിവന്നു. ഒമ്പത് ലക്കങ്ങളോടെ മുസ്‌ലിമും നിലച്ചു. 1918ല്‍ അല്‍ ഇസ്‌ലാം അറബി-മലയാള മാസിക തുടങ്ങി. മൂര്‍ച്ചയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ സമുദായത്തില്‍ നിന്ന് അതിശക്തമായ എതിര്‍പ്പുകളുണ്ടായി. അഞ്ചു ലക്കങ്ങളേ പുറത്തിറങ്ങിയുള്ളതെങ്കിലും മുസ്‌ലിം സമൂഹത്തില്‍ വമ്പിച്ച ആന്ദോളനങ്ങള്‍ സൃഷ്ടിച്ച മാസികയായിരുന്നു അത്. സൂറതുല്‍ ഫാതിഹയ്ക്ക് വക്കം മൗലവി എഴുതിയ അര്‍ഥവും വ്യാഖ്യാനവുംഅല്‍ ഇസ്‌ലാമിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്.

1931ല്‍ ദീപിക മാസിക ആരംഭിച്ചു. കേരള ചരിത്രത്തില്‍ ഏറെ ഓര്‍മിക്കപ്പെടുന്ന ദീപിക 12 ലക്കങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളു. ഒറ്റ വര്‍ഷം മാത്രം കൊണ്ട് ഉദിച്ചസ്തമിച്ചുവെങ്കിലും പിന്നീടുള്ള മുസ്‌ലിം ജീവിതത്തെയും നവോത്ഥാന സംരംഭങ്ങളെയും കേരളത്തിലെ സാഹിത്യചരിത്രത്തെ തന്നെയും സ്വാധീനിക്കാന്‍ ദീപികയ്ക്ക് സാധിച്ചിട്ടുണ്ട്.

മത-സാമൂഹിക വിഷയങ്ങളില്‍ വക്കം മൗലവി ധാരാളമെഴുതിയിട്ടുണ്ട്. സമുദായപരിഷ്‌കരണം ഉന്നം വെക്കാത്ത ഒരു രചനയും അദ്ദേഹത്തിന്റേതില്ല. ഗ്രന്ഥരൂപത്തിലുംചിലത് പ്രസിദ്ധീകരിച്ചു. നബിമാര്‍, ഖുര്‍ആന്‍ വ്യാഖ്യാനം, തഹ്‌ലീമുല്‍ ഖിറാഅ, ഇല്‍മുത്തജ്‌വീദ് എന്നിവ വിഷയത്തിന്റെ പുതുമകൊണ്ട് ഏറെ വായിക്കപ്പെട്ടു.

ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം, ദൗഉസ്സ്വബാഹ് എന്നിവ സ്വതന്ത്ര രചനകളായിരുന്നു. മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ്, ശൈഖ് ഇബ്നുതൈമിയ എന്നിവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കുള്ളമറുപടിയാണ് ദൗഉസ്സ്വബാഹ്(പുലര്‍വെളിച്ചം). നിലക്കാമുക്ക് ഇസ്‌ലാം ധര്‍പരിപാലന സംഘം 1930ലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സയ്യിദ്സുലൈമാന്‍ നദ്‌വിയുടെ മആരിഫ് ഉറുദു മാസികയില്‍ നമ്മ 'അഹലുസ്സുന്നത്തി വല്‍ജമാഅ'എന്ന ലേഖനം അറബി മലയാളത്തില്‍ പരിഭാഷപ്പെടുത്തി ലഘുലേഖയിറക്കി. സുലൈമാന്‍ നദ്‌വിയുടെ 'ഇസ്‌ലാമിന്റെ സന്ദേശ'വും പരിഭാഷപ്പെടുത്തി. ഇസ്‌ലാമിനെ അറിയാന്‍ ഏറെ ആശ്രയിക്കപ്പെട്ട ഗ്രന്ഥമായിരുന്നു ഇത്. ഇമാം ഗസ്സാലിയുടെ കീമിയാ സആദ: പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് വക്കം മൗലവി പരിഭാഷപ്പെടുത്തിയത്. ലഘുലേഖകളും ഗ്രന്ഥങ്ങളും പുറത്തിറക്കാന്‍ 1917ല്‍ വക്കത്ത് 'ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്'സ്ഥാപിക്കുകയും ചെയ്തു.

തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അറബി ഭാഷ പഠിപ്പിക്കാന്‍ വക്കം മൗലവി ഏറെ പരിശ്രമിച്ചു. നാട്ടുരാജാവിനെയും ഉദ്യോഗസ്ഥരെയും അനവധി തവണ സന്ദര്‍ശിച്ച് അപേക്ഷകള്‍ നല്കി. അറബി ഭാഷ ബോര്‍ഡിന്റെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടതും മൗലവി തന്നെ. മഹല്ലുകളും മദ്‌റസകളും പുന:ക്രമീകരിക്കുന്നതില്‍ വക്കം മൗലവിയുടെ ലഘുലേഖകളും തീവ്രശ്രമങ്ങളും ഏറെ പങ്കുവഹിച്ചു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും രൂപീകരണത്തില്‍ പങ്കുവഹിക്കുകയും ഇവയുടെ ദിശാനിര്‍ണയത്തില്‍ നേതൃപരമായ സാന്നിധ്യമാവുകയും ചെയ്തു. ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ (1922) വക്കം മൗലവിയായിരുന്നു അധ്യക്ഷന്‍.

സര്‍ സയ്യിദ് അഹ്മദ്ഖാന്‍ രൂപം നല്കിയ ആള്‍ ഇന്ത്യാ മുഹമ്മദന്‍ എജ്യൂക്കേഷണല്‍ കോണ്‍ഫറന്‍സിന്റെ മാതൃകയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ഒരു സംഘമുണ്ടാക്കാന്‍ വക്കം മൗലവി മുസ്‌ലിംകളോട് ആഹ്വാനം ചെയ്ത് മുസ്‌ലിംകളെ ഉത്സുകരാക്കി.

അത്ഭുതകരമായ മാറ്റങ്ങളാണ് പിന്നീടുണ്ടായത്. മുസ്‌ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രജാമെമ്പര്‍ കൊച്ചു ഹസന്‍കുഞ്ഞിനെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തി. ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിച്ചു. ഫീസില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കപ്പെട്ടു. മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ ബോധവത്കരണം, അറബി മുന്‍ഷിമാരെ നിയമിക്കുക, അറബി ഇന്‍സ്‌പെക്ടറെ നിയമിക്കുക, മെട്രിക് ക്ലാസ് മുതല്‍ സ്‌കോളര്‍ഷിപ്പ് നല്കുക, മുഹമ്മദീയ ഗ്രാന്റ് സ്‌കൂളുകള്‍ക്ക് മുഴുവന്‍ ശമ്പളവും നല്കുക ഇവയായിരുന്നു പ്രധാന നടപടികള്‍.

മൗലവിയുടെ പ്രവര്‍ത്തനഫലമായുണ്ടായ ഈ മാറ്റങ്ങളിലൂടെ 75 പുതിയ സ്‌കൂളുകള്‍ ആരംഭിച്ചു. അതിലേറെ സമാജങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദീയയുടെ കീഴുല്‍ ഒരു ഹയര്‍ ഗ്രേഡ് എലിമെന്ററി സ്‌കൂള്‍ സ്ഥാപിച്ചു. ഇത് പിന്നീട് ഹയര്‍സെക്കന്ററി സ്‌കൂളായി ഉയര്‍ന്നു.

നവോത്ഥാന ശില്പികളില്‍ വക്കം മൗലവി കൂടുതല്‍ തിളങ്ങിനില്ക്കുന്നു. പാണ്ഡിത്യവും കര്‍മശക്തിയും ആര്‍ജവവുമാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ജീവവായുവെന്ന്, ഒരു നൂറ്റാണ്ട് പഴക്കലുള്ള ആ ഓര്‍മകള്‍ നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

Feedback