Skip to main content

നവോത്ഥാനവും മതനിരപേക്ഷ രാഷ്ട്രീയവും (1)

ഒരു സമൂഹത്തിന്റെ നാനോന്‍മുഖമായ പരിവര്‍ത്തനത്തിനാവശ്യമായ നീണ്ട പ്രക്രിയയാണ് നവോത്ഥാനം. കേരളത്തിലെ മുസ്‌ലിംകളുടെ ഇടയില്‍ ഒരുനൂറ്റാണ്ട് നീണ്ടു നിന്ന നവോത്ഥാനത്തില്‍ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ഏറെ പങ്കുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരള മുസ്‌ലിംകള്‍ക്ക് പൊതു സമൂഹത്തില്‍ ഇടം ലഭിക്കുന്നതില്‍ പങ്കു വഹിച്ച രണ്ടു പ്രധാന ഘടകങ്ങള്‍ വിദ്യാഭ്യാസ മുന്നേറ്റവും രാഷ്ട്രീയ പ്രബുദ്ധതയുമായിരുന്നു. 

ഇവിടെ നവോത്ഥാനത്തിനു നാന്ദി കുറിച്ച ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയില്‍ 'കേരളം' എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ പെട്ട മലബാറും തിരുകൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുമായിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളുണ്ടായിരുന്നു. വിദേശ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യ ചിന്തയും സ്വാതന്ത്ര്യസമരങ്ങളും അരങ്ങേറിയ കാലം. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഖിലാഫത്തു പ്രസ്ഥാനവും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളുമായി രംഗത്തു വന്ന ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.പോക്കര്‍ സാഹിബ്, കെ.എം.സീതി സാഹിബ് തുടങ്ങിയവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായിരുന്നു. ഖിലാഫത്തു പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കെ.എം.മൗലവിക്ക് മലബാര്‍ വിടേണ്ടി വന്നു. ഇവരെല്ലാം ഒത്തു ചേര്‍ന്നത് കൊടുങ്ങല്ലൂരിലായിരുന്നു. അവരാണ് കേരള മുസ്‌ലിം ഐക്യസംഘത്തിന് രൂപം നല്കിയത്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ മുസ്‌ലിം പ്രാതിനിധ്യം സജീവമായത് ഇസ്വ്‌ലാഹീ നേതാക്കളിലൂടെയായിരുന്നു. ഇന്ത്യ വിഭജനാനന്തരം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ കേരള ഘടകത്തിന് രൂപം നല്കുന്നതും കരുത്തു പകരുന്നതും കെ.എം.മൗലവി, എന്‍.വി.അബ്ദുസ്സലാം മൗലവി തുടങ്ങിയവരായിരുന്നു. അതു കൊണ്ടു തന്നെ സ്വതന്ത്ര ഇന്ത്യയില്‍, വിശേഷിച്ചും ഐക്യകേരളം നിലവില്‍ വന്ന(1956) ശേഷം, രാഷ്ട്രീയ രംഗത്ത് നേരിട്ടിടപെടാനും ഭരണാധികാരത്തില്‍ പങ്കാളികളാവാനും മുസ്‌ലിംകള്‍ക്ക് സാധിച്ചു. ഈ ഭരണ പങ്കാളിത്തമാണ് കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് വേരും വ്യാപ്തിയും വര്‍ധിപ്പിച്ചത്. വിശുദ്ധ ഖുര്‍ആന്‍ അടിത്തറയാക്കി, വിദ്യാഭ്യാസം സാര്‍വത്രികമാക്കി മുന്നേറിയതോടൊപ്പം  രാഷ്ട്രീയത്തിലും അവര്‍ക്ക് സംഭാവനകളര്‍പ്പിക്കാന്‍ കഴിഞ്ഞു. ജീവിക്കുന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് ആദര്‍ശ സ്വത്വം കൈവിടാതെ പൊതുസമൂഹത്തിന്റെ കൂടെ രാഷ്ട്രീയ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കു വഹിക്കുവാന്‍ ഇസ്വ്‌ലാഹീ നേതാക്കള്‍ മുന്നില്‍ നിന്നു. നേടിയ പ്രബുദ്ധത നിലനില്ക്കാന്‍ അതു നിമിത്തമായി. പില്കാലത്ത് സമുദായത്തിനുണ്ടായ നേട്ടങ്ങള്‍ക്കു നിദാനം ഈ രാഷ്ട്രീയ മുന്നേറ്റം കൂടിയായിരുന്നു. 

1950 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കുമ്പോള്‍ സ്ഥാപക പ്രസിഡണ്ട് കെ.എം.മൗലവി, ദീര്‍ഘകാലം സംസ്ഥാന മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടായിരുന്നു. കെ.എന്‍.എം പ്രഥമ ജനറല്‍ സെക്രട്ടറി എന്‍.വി.അബ്ദുസ്സലാം മൗലവി മുസ്‌ലിം ലീഗിന്റെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു. കേരള രാഷ്ട്രീയത്തിലും നവോത്ഥാന രംഗത്തും ഒരു പോലെ നേതൃ നിരയില്‍ വിരാജിച്ച നിരവധി പ്രതിഭാശാലികളുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍, ഇ.മൊയ്തു മൗലവി, കെ.എം.മൗലവി, കെ.എം.സീതി സാഹിബ്, എന്‍.വി.അബ്ദുസ്സലാം മൗലവി, പോക്കര്‍ സാഹിബ്. എം.കെ.ഹാജി, സി.എച്ച് മുഹമ്മദ് കോയ, എന്‍.പി.അബു സാഹിബ്, അവുക്കാദര്‍ കുട്ടി നഹ, പി.സീതി ഹാജി, കെ.സി.അബൂബക്കര്‍ മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ്, പി.പി അബ്ദുല്‍ ഗഫൂര്‍ മൗലവി, എ.വി.അബ്ദുറഹിമാന്‍ ഹാജി, എന്‍.വി ഇബ്രാഹീം, പി.സി അഹ്മദ് സാഹിബ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
1920 ല്‍ നാഗ്പൂരില്‍ നടന്ന എ.ഐ.സി.സിയില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അവതരിപ്പിച്ച പ്രമേയ ഫലമാണ് കെ.പി.സി.സിയുടെ രൂപീകരണം. എ.ഐ.സി.സി അംഗവും കെ.പി.സി.സി പ്രസിഡണ്ടും ആയി സാഹിബ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. 

മുസ്‌ലിം ലീഗിനെ കേരളത്തില്‍ വേരോട്ടമുള്ള ഒരു രാഷ്ട്രീയ ശക്തിയാക്കിയതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് സീതി സാഹിബും കെ.എം.മൗലവിയും. സീതി സാഹിബിന്റെ നേതൃത്വത്തില്‍ 1935 ല്‍ തലശ്ശേരിയിലാണ് മുസ്‌ലിം ലീഗ് കേരള ഘടകം രൂപീകരിക്കുന്നത്. രണ്ടാമത്തെ ശാഖ തിരൂരങ്ങാടിയില്‍ കെ.എം.മൗലവിയുടെ നേതൃത്വത്തിലും നിലവില്‍ വന്നു. അവരുടെ പിന്‍ഗാമികളില്‍ ഏറ്റവും ധിഷണാശാലിയായ സി.എച്ച് മുഹമ്മദ് കോയ, കേരള സംസ്ഥാനത്തിന്റെ സ്പീക്കര്‍, മന്ത്രി, മുഖ്യമന്ത്രി (1979) എന്നീ പദവികളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു.

 

Feedback