Skip to main content

ഇരുണ്ട ഊര്‍ജം

ഇരുണ്ട ഊര്‍ജത്തിന്റെ (Dark Energy) സാന്നിധ്യം ശാസ്ത്രലോകം സമീപകാലത്തായി അംഗീകരിക്കുന്നുണ്ട്. ജ്യോതിര്‍ ഗോളങ്ങളുടെയും ആകാശ ഗംഗകളുടെയും നബുലകളുടെയും തമോ ദ്വാരങ്ങളുടെയും ക്വാസാറുകളുടെയും ഗുരുത്വ ബലത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഈ നിഗൂഢ ഊര്‍ജമാണ് പ്രപഞ്ചത്തെ വിടര്‍ത്തി വികസിപ്പിക്കുന്നത്. ഗാലക്‌സികളെ ബഹിരാകാശാന്തരാളങ്ങളിലേക്ക് തള്ളി മാറ്റുന്നതും ഇരുണ്ട ഊര്‍ജമാണ്. ദൂരം കൂടുന്നതനുസരിച്ച് ഈ വികര്‍ഷണ ബലം ശക്തമാകുന്നുണ്ട്. ഇത്രയും ദ്രുതഗതിയില്‍ പ്രപഞ്ച വികാസം നടക്കുന്നതിനു പുറകില്‍ ഇരുണ്ട ഊര്‍ജത്തിന്റെ സാന്നിധ്യമാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

ഒരു റോസാപ്പൂ വിരിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ ഇതളുകള്‍ ഉള്ളിലെ ഇതളുകളേക്കാള്‍ വേഗത്തില്‍ വിരിയും, അല്ലേ? പ്രപഞ്ച വികാസം ഏതാണ്ടിതേ പോലെയാണ്. ദൂരെയുള്ള ഗ്യാലക്‌സികളും ക്ലസ്റ്ററുകളും നമ്മില്‍ നിന്ന് അതിവേഗം പിന്‍വാങ്ങിക്കൊണ്ടിരിക്കും. പ്രപഞ്ചത്തിലെ ഏതൊരു ബിന്ദുവും പ്രപഞ്ച വികാസത്തിന്റെ കേന്ദ്രമായി തോന്നുംവിധമാണ് ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നത്.

വാനലോകം ഒരു റോസാപ്പൂവിന്റെ വര്‍ണ ശബളിമയില്‍ വിടര്‍ന്നുകൊണ്ടിരിക്കയാണെന്നത് സത്യമാണെങ്കില്‍ വര്‍ണിച്ച അനുഭവങ്ങളും അതുപോലെ സത്യമാണെന്ന് ഖുര്‍ആന്‍ റഹ്മാന്‍ എന്ന അധ്യായത്തില്‍ വിമര്‍ശകരെ ബോധ്യപ്പെടുത്തുന്നു: ''എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍'' (55:37).

ആംബുലന്‍സിന്റെ സൈറണ്‍ നമ്മള്‍ കേട്ടുകാണും. ആംബുലന്‍സ് നമ്മെ സമീപിക്കുമ്പോഴും നമ്മില്‍ നിന്ന് അകലുമ്പോഴും വ്യത്യസ്ത ശബ്ദമാണല്ലോ കേള്‍ക്കുന്നത്. ശബ്ദത്തിന്റെ ആവൃത്തി മാറുന്നതു കൊണ്ടാണിത്. അതുപോലെ, സാപേക്ഷ വേഗത്തില്‍ (Relativistic speed) പ്രകാശ സ്രോതസ്സ് നമ്മോട് അടുത്താലും നമ്മില്‍ നിന്ന് അകന്നാലും പ്രകാശത്തിന് നിറവ്യത്യാസം അനുഭവപ്പെടുന്നു. അടുക്കുമ്പോള്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം നീലയിലേക്ക് ചെറുതാവുകയും അകലുമ്പോള്‍ ചുവപ്പിലേക്ക് വലുതാവുകയും ചെയ്യും.

ഗ്യാലക്‌സികള്‍ പരസ്പരം ദ്രുതഗതിയില്‍ അകലുകയാണെന്ന് നാം മനസ്സിലാക്കി. വിദൂര ഗ്യാലക്‌സികളില്‍ നിന്നുള്ള പ്രകാശത്തിന് 'ചുവപ്പുനീക്കം' (Redshift) സംഭവിക്കുന്നത് അതുകൊണ്ടാണ്. പ്രപഞ്ച സീമകളിലേക്ക് നിരീക്ഷണം നടത്തുന്ന ഗവേഷകര്‍ക്ക് ആ ചക്രവാളങ്ങള്‍ റോസ് വര്‍ണത്തിലുള്ള ചായം ചിന്തിയ പോലെ തോന്നുന്നതും അതുകൊണ്ടാണ്. ''വാനലോകത്തെ പിളര്‍ത്തുകയും അത് റോസ് വര്‍ണത്തിലുള്ള ചായക്കൂട്ടാവുകയും ചെയ്തത്'' എന്ന ഖുര്‍ആന്‍ വചനത്തില്‍ പ്രയോഗിച്ച ശഖ്വ (പിളര്‍ത്തി) എന്ന പദത്തിന്റെ അതേ അര്‍ഥം കിട്ടുന്ന ripped എന്ന വാക്കാണ് ഗവേഷകര്‍ ഈ അവസ്ഥാ വിശേഷത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ചതെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്.
 

Feedback