Skip to main content

ഫത്‌വ അഥവാ മതവിധി (4)

സുപരിചിതമായ ഒരു പ്രയോഗമാണ് ഫത്‌വാ എന്ന അറബി പദം. മതവിധി എന്നാണ് ഫത്‌വാ എന്നതിന് സാമാന്യമായി പരിഭാഷപ്പെടുത്താറുള്ളത്. എന്നാല്‍ മതത്തിന്റെ (ഇസ്‌ലാം) മൗലികമായ വിധികളും മതനിയമങ്ങളും(ശരീഅത്ത്) അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. മദ്യപാനം നിഷിദ്ധമാണെന്ന മതവിധി ഒരു ഫത്‌വയല്ല. അത് മൗലിക നിയമമാണ്. ഇസ്ലാമിക സാങ്കേതിക സംജ്ഞകളില്‍ അഞ്ചു വിധികള്‍ കാണാം. നിര്‍ബന്ധം (വാജിബ്), നിഷിദ്ധം (ഹറാം), അനുവദനീയം (ഹലാല്‍), നിര്‍ബന്ധമല്ലാത്ത പുണ്യകര്‍മങ്ങള്‍ (മന്‍ദൂബ്), അനഭിലഷണീയം (മക്‌റൂഹ്). ഇവയാണ് ആ അഞ്ചു നിയമങ്ങള്‍. ഇവ മതവിധികള്‍ എന്നറിയപ്പെടുമെങ്കിലും ഫത്‌വകളല്ല.

ഫത്‌വാ അല്ലെങ്കില്‍ ഫുത്‌യാ എന്ന അറബി പദത്തിന്റെ ക്രിയാരൂപം അഫ്താ എന്നാണ്. ഒരു കാര്യത്തെപ്പറ്റി ചോദിച്ചുവന്ന ആള്‍ക്ക് അത് വിശദീകരിച്ചുകൊടുത്തുകൊണ്ട് ദിശാബോധം നല്‍കുക എന്നാണതിന്റെ ആശയം. ഒരു പ്രത്യേക വിഷയത്തെപ്പറ്റി മതവിധി ആവശ്യമായി വന്ന ഒരാള്‍ക്ക് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആ പ്രശ്‌നത്തിന് പ്രതിവിധി നിര്‍ദേശിച്ചുകൊണ്ടുള്ള മതവിധിയാണ് ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ ഫത്‌വാ കൊണ്ടുദ്ദേശിക്കുന്നത്. 

ഫത്വാ രണ്ടു തരത്തിലുണ്ടാവാം. ഒന്ന്: ഒരു വ്യക്തിയോ ഒരു സംഘമോ അവര്‍ക്ക് തരണം ചെയ്യേണ്ട ഒരു പ്രശ്‌നത്തില്‍ അതിന്റെ മതിവിധിയെന്ത് എന്നന്വേഷിക്കുമ്പോള്‍ ആ സാഹചര്യത്തില്‍ നല്‍കുന്ന വിധിതീര്‍പ്പ്. രണ്ട്: ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സമൂഹത്തില്‍ വന്നുചേരുന്ന പൊതു വിഷയങ്ങളില്‍ മുസ്‌ലിം എന്ന നിലയില്‍ ഏതു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ മൗലിക പ്രമാണങ്ങളില്‍ വ്യക്തമായി പറഞ്ഞിട്ടുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി പണ്ഡിതന്മാര്‍ പുറപ്പെടുവിക്കുന്ന വിധികള്‍. 

അല്ലാഹു നബി മുഖേന വിശദീകരണം നല്‍കിയതിനും 'ഫത്‌വാ പറയുന്നു, ഫത്‌വാ തേടുന്നു' എന്നെല്ലാം വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 'ദായക്രമത്തിലെ ഒരു പ്രശ്‌നമായ 'കലാല'യുടെ വിഷയത്തില്‍ നിന്നോടവര്‍ മതവിധി തേടുന്നു. നീ പറഞ്ഞേക്കുക. അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു...' (4:176).

Feedback