Skip to main content

വിശുദ്ധ ഖുര്‍ആന്‍ (15)



മാനവരാശിയുടെ മുമ്പാകെ ഇന്ന് പ്രാചീനവും ആധുനികവുമായ കോടിക്കണക്കിന് ഗ്രന്ഥങ്ങളുണ്ട്. സാഹിത്യരചനകളും വൈജ്ഞാനിക ഗ്രന്ഥങ്ങളും ശാസ്ത്രസാങ്കേതിക രചനകളും മതദാര്‍ശനിക കൃതികളും ഉള്‍പ്പെടെ അതിബൃഹത്തായ ഗ്രന്ഥലോകമാണ് നമ്മുടെ മുന്നിലുള്ളത്. അനേകം സവിശേഷതകളാല്‍ അവയില്‍ നിന്നെല്ലാം വ്യതിരിക്തമായ ഒരു ഗ്രന്ഥമത്രെ വിശുദ്ധഖുര്‍ആന്‍. നമ്മുടെ മുമ്പിലുള്ള മറ്റ് ഗ്രന്ഥങ്ങളൊക്കെ എഴുതി പൂര്‍ത്തിയാക്കിയ ഗ്രന്ഥങ്ങളായി മനുഷ്യരുടെ മുമ്പില്‍ അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. അതില്‍നിന്ന് വ്യത്യസ്തമായി ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ശകലങ്ങളായി അല്ലാഹുവില്‍നിന്ന് ജിബ്‌രീല്‍ എന്ന മലക്ക് മുഖേന നബി(സ്വ)ക്ക് അവതരിപ്പിക്കപ്പെടുകയാണുണ്ടായത്. വിശുദ്ധ ഖുര്‍ആനിലെ ഓരോ വചനവും ഓരോ അധ്യായവും അവതരിപ്പിക്കുന്നതോടെ അവയുടെ ഉള്ളടക്കത്തിന്റെ തനിപ്പകര്‍പ്പായ ഒരു സമൂഹം വളര്‍ന്നു വരികയായിരുന്നു അവിടെ. വിശുദ്ധ ഖുര്‍ആന്‍ ഒരു പൂര്‍ണ ഗ്രന്ഥമായി മാനവരാശിക്ക് ലഭിക്കുമ്പോഴേക്കും അതിലെ ദൈവികാധ്യാപനങ്ങള്‍ക്ക് അനുസൃതം ജീവിക്കുന്ന ഉത്തമ സമൂഹത്തിന്റെ പിറവി അവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. സ്വന്തം ജീവിതം വിശുദ്ധഖുര്‍ആന് അനുരൂപമാക്കിത്തീര്‍ത്ത പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ)യുടെ ഉത്തമരായ അനുയായികള്‍ക്കും ലോകത്തിന് മുമ്പില്‍ അനുകരണീയ മാതൃകകളായി പ്രോജ്വലിച്ച് നില്‍ക്കാന്‍ സാധിച്ചത് അങ്ങനെയാണ്.

ദൈവദൂതന്മാരില്‍ അന്തിമനായ മുഹമ്മദ് നബി(സ്വ)ക്ക് അല്ലാഹു ഇറക്കിക്കൊടുത്ത വിശുദ്ധ ഖുര്‍ആന്‍ വേദഗ്രന്ഥങ്ങളില്‍ അവസാനത്തേതാണ്. ദൈവിക ഗ്രന്ഥങ്ങളുടെ അവതരണത്തിന് സമാപ്തി കുറിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായി എന്നും നിലകൊള്ളുന്നു. മാനവകുലത്തിനാകമാനം മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ടാണ് അതിന്റെ അവതരണമുണ്ടായത്. മുഹമ്മദ് നബി(സ്വ)ക്ക് 40 വയസ്സ് തികയുന്നതിനു മുമ്പെ ഏകാന്തത ഇഷ്ടമായിരുന്നു. മക്കയിലെ അബുഖൂബൈസ് മലയില്‍പ്പെട്ട ജബലുന്നൂറിലെ ഗുഹയില്‍ പോയി ധ്യാനത്തിലിരിക്കുക അദ്ദേഹത്തിനന്ന് പതിവായിരുന്നു. ധ്യാനനിരതനായി രാത്രികള്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഭാര്യ ഖദീജ(റ) ഭക്ഷണവും മറ്റ് അത്യാവശ്യസാധനങ്ങളും തയ്യാറാക്കിക്കൊടുക്കും. ഭാര്യയുടെ അടുത്ത് പോയി വീണ്ടും ഭക്ഷണവുമായി ഹിറായിലേക്ക് തന്നെ തിരിച്ചുവരും. സത്യമായി പുലരുന്ന സ്വപ്‌നദര്‍ശനങ്ങളായിരുന്നു അന്ന് നബി(സ്വ)ക്ക് ദിവ്യവെളിപാടിന്റെ പ്രാരംഭമായി വെളിപ്പെട്ടിരുന്നത്.

ഇപ്രകാരം ഹിറാഗുഹയില്‍ ധ്യാനനിരതനായിരിക്കെ ഒരു ദിവസം ജിബ്‌രീല്‍ വന്ന് സൂറത്തുല്‍ അലഖിലെ (96ാം അധ്യായം) ആദ്യവചനങ്ങള്‍ ഓതിക്കൊടുത്തു. "സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു" (96:1-5). നിരക്ഷരനായ മുഹമ്മദ് നബി(സ്വ) വിഹ്വലനായിട്ടാണ് ദിവ്യവെളിപാടിന് ശേഷം ഭാര്യ ഖദീജ(റ)യുടെ അടുത്തേക്ക് തിരിച്ച് പോയത്. വീട്ടിലെത്തിയ മുഹമ്മദ് നബി ഭാര്യ ഖദീജയോട് പറഞ്ഞു: "എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ".  അൽപനേരം കഴിഞ്ഞപ്പോള്‍ നബിയില്‍ നിന്ന് ഭയം വിട്ടുമാറി. നടന്ന സംഭവങ്ങളൊക്കെ വിശദീകരിച്ചു. ഭാര്യയുടെ സാന്ത്വനവാക്കുകള്‍ മുഹമ്മദ് നബിക്ക്(സ്വ) ധൈര്യമേകി. അല്ലാഹു താങ്കളെ ഒരിക്കലും കൈയൊഴിയുകയില്ലെന്ന് പറഞ്ഞുകൊണ്ട് ഖദീജ(റ) അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും അദ്ദേഹം കുടുംബത്തിലും സമൂഹത്തിലും ഒക്കെ ചെയ്യാറുണ്ടായിരുന്ന സത്കര്‍മ്മങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് വാഴ്ത്തുകയും ചെയ്തു. ദിവ്യസന്ദേശത്തിന്റെ പൊരുളറിയാന്‍ ഖദീജ(റ) ഭര്‍ത്താവിനെയും കൂട്ടി വേദവിജ്ഞാനീയങ്ങളില്‍ അവഗാഹമുള്ള തൻ്റെ പിതൃവ്യപുത്രന്‍ വറകതുബ്‌നുനൗഫലിന്റെ സമീപമെത്തി. മുന്‍ പ്രവാചകന്മാരുടെ അരികിലേക്ക് വന്ന ജിബ്‌രീല്‍ മാലാഖയാണ് ഹിറാഗുഹയില്‍ വന്നിരിക്കുന്നതെന്ന് വറഖത് പറഞ്ഞു. നിന്റെ ജനത ഇതിന്റെ പേരില്‍ നിന്നെ പുറത്താക്കുന്ന ഘട്ടമുണ്ടാവുമ്പോള്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിന്നെ ഞാന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മൂന്ന് വര്‍ഷത്തോളം പിന്നീട് വഹ്‌യ് ഉണ്ടായില്ല.

അങ്ങനെയിരിക്കെയാണ്, ഒരു ദിവസം നബി(സ്വ) മക്കയിലൂടെ നടന്നുനീങ്ങവെ ആകാശത്ത് നിന്ന് അദ്ദേഹം ശബ്ദം കേട്ടത്. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍നിന്ന് കണ്ട മലക്ക് ആകാശഭൂമികള്‍ക്കിടയില്‍ ഒരു കസേരയില്‍ ഇരിക്കുന്നത് കണ്ടു. ചകിതനായി വീട്ടിലേക്ക് ഓടിയ പ്രവാചകന്‍ ഭാര്യയോട് പുതപ്പിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സൂറത്തുല്‍ മുദ്ദസിറിന്റെ ആദ്യഭാഗം (96:3-5) അവതരിച്ചു. അതിനെ തുടര്‍ന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അല്പാല്‍പമായും ചിലപ്പോള്‍ അല്പം സുദീര്‍ഘമായും നബി(സ്വ)യുടെ വിയോഗം വരെ വഹ്‌യ് തുടര്‍ന്നു. ഇങ്ങനെ ദിവ്യവെളിപാടായി കിട്ടിയ ദൈവിക വചനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446