Skip to main content

സ്വഹീഹുല്‍ ബുഖാരിയുടെ സവിശേഷത

ഇതര ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് 'സ്വഹീഹുല്‍ ബുഖാരി'യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. ഇമാം ബുഖാരിക്ക് മുമ്പു ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് സ്വഹീഹുല്‍ ബുഖാരിയിലെ ഉള്ളടക്കം എന്നത് അതിന്റെ മുഖ്യസവിശേഷതയാണ്. ഹദീസുകള്‍ സ്വഹാബിയില്‍ നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ബുഖാരിയില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയും (റാവി) ആരില്‍ നിന്നാണോ റിപ്പോര്‍ട്ട് ചെയ്തത് ആ ഗുരുവും (ശൈഖ്) ഒരേ കാലത്ത് ജീവിച്ചവരാകണമെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് സംശയമന്യേ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമേ ഇമാം ബുഖാരി റിപ്പോര്‍ട്ട് സ്വീകരിക്കുമായിരുന്നുള്ളൂ. ഇങ്ങനെയൊരു നിബന്ധന സ്വീകരിച്ചത് അദ്ദേഹം മാത്രമാണ്.

ഹദീസുകള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന തലക്കെട്ടുകളും വിഷയക്രമീകരണവും മറ്റൊരു പ്രധാന സവിശേഷതയാണ്. അഗാധമായ പാണ്ഡിത്യവും ഗവേഷണസിദ്ധിയും വിളിച്ചറിയിക്കുന്നതാണ് പ്രസ്തുത തലക്കെട്ടുകള്‍. തലക്കെട്ടുകളിലെ സൂക്ഷ്മമായ സൂചനകളും നിഗമനങ്ങളും മനസ്സിലാക്കാന്‍ തന്നെ അഗാധമായ പാണ്ഡിത്യവും ഗവേഷണ വൈഭവവും കൂടിയേ തീരൂ. സുപ്രധാന വിഷയങ്ങളില്‍ താന്‍ എത്തിച്ചേര്‍ന്ന സുചിന്തിതമായ അഭിപ്രായങ്ങളിലേക്ക് തലക്കെട്ടുകള്‍ സൂചന നല്‍കുന്നു. ഖുര്‍ആനിക സൂക്തങ്ങളും ഹദീസുകളും ഉദ്ധരിച്ച് അഭിപ്രായങ്ങള്‍ സമര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ ഹദീസ് തന്നെ പല പ്രാവശ്യം ആവര്‍ത്തിച്ചുവെന്ന് ആരോപിക്കുന്നവര്‍ ഈ വസ്തുത ഉള്‍ക്കൊള്ളുന്നവരാണ്. ഹദീസുകള്‍ സമാഹരിക്കുക മാത്രമല്ല, ഗഹനമായ ഗവേഷണ മനനങ്ങള്‍ നടത്തി ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വിദഗ്ധനായ ഗവേഷകനും കൂടിയാണ് ഇമാം ബുഖാരി.

ആശയപരമായും ചിന്താപരമായും ഇമാം ബുഖാരിയോട് അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്ന മുന്‍ഗാമികളും പിന്‍ഗാമികളുമായ ധാരാളം പണ്ഡിതന്മാര്‍ സ്വഹീഹുല്‍ ബുഖാരിയെ അധികരിച്ച് ഗ്രന്ഥങ്ങള്‍ എഴുതിയെന്നത് അതിന്റെ പ്രാധാന്യവും മഹത്വവുമാണ് വിളിച്ചറിയിക്കുന്നത്. ചിലര്‍ അതിനു വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമെഴുതിയപ്പോള്‍ വേറെ ചിലര്‍ അതിലെ വ്യക്തികളെക്കുറിച്ചും തലക്കെട്ടുകളെക്കുറിച്ചും കര്‍മശാസ്ത്രപരമായ ഗവേഷണ ഫലങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ചിലര്‍ അതിനെ സംഗ്രഹിച്ചു, അതിലെ പദാവലിയുടെ ഭാഷാര്‍ഥങ്ങള്‍ വിശദീകരിച്ചു. പല രൂപത്തിലായി നൂറിലേറെ വ്യാഖ്യാനഗ്രന്ഥങ്ങള്‍ അറബിയിലും മറ്റുമായി അതിന് ഉണ്ടായി എന്നത് മനുഷ്യന്‍ ക്രോഡീകരിച്ച മറ്റൊരു ഗ്രന്ഥത്തിനും അവകാശപ്പെടാനാവില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ശൈഖുല്‍ ഇസ്‌ലാം അബ്ദുല്‍ ഫദ്ല്‍ അഹ്മദ്ബ്‌നു അലിയ്യുബ്‌നു ഹജറില്‍ അസ്ഖലാനി (ഹി.852) രചിച്ച 'ഫത്ഹുല്‍ബാരി'യാണ്. സൂക്ഷ്മ വിശകലനത്തിലും വൈജ്ഞാനിക അപഗ്രഥനത്തിലും മികച്ച നിലവാരം പുലര്‍ത്തുന്ന ഈ കൃതി മറ്റേതൊരു വിശദീകരണത്തെയും പിന്നിലാക്കും വിധം സമ്പൂര്‍ണവും സമഗ്രവുമാണ്. സര്‍ഖാവി പറഞ്ഞു: ''ഫത്ഹുല്‍ബാരി രചിച്ചതോടുകൂടി ബുഖാരിയോടുള്ള സമുദായത്തിന്റെ ബാധ്യത നിര്‍വഹിക്കപ്പെട്ടതായി കണക്കാക്കാവുന്നതാണ്''. ഹിജ്‌റ 817ല്‍ ഈ വിശദീകരണം എഴുതാന്‍ തുടങ്ങുന്നതിന് മുമ്പ് 'മുഖദ്ദിമ' എന്ന പേരില്‍ ഒരു ആമുഖം ഇബ്‌നു ഹജര്‍ രചിച്ചിരുന്നു. അല്പാല്‍പം എഴുതി ഒരു വാള്യം പൂര്‍ത്തിയായപ്പോള്‍ പണ്ഡിതന്മാരുടെ സദസ്സില്‍ അത് അവതരിപ്പിക്കുകയും സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി കണ്ടെത്തുകയും ചെയ്ത ശേഷമാണ് അതു പ്രസിദ്ധീകരിച്ചത്.

Feedback