Skip to main content

സ്വഹീഹു മുസ്‌ലിം (3)

ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും വീക്ഷണത്തില്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ദ്വിതീയ സ്ഥാനത്ത് നില്‍ക്കുന്ന ഗ്രന്ഥമാണ് സ്വഹീഹു മുസ്‌ലിം. പ്രഥമസ്ഥാനം സ്വഹീഹുല്‍ ബുഖാരിക്കാണ്. 'അസ്സ്വഹീഹുല്‍ മുസ്‌നദ്' എന്നാണ് ഈ ഗ്രന്ഥത്തിന്റെ യഥാര്‍ഥ നാമം. 'അല്‍ജാമിഉസ്സ്വഹീഹ്' എന്ന പേരിലും അറിയപ്പെടുന്നു. പൊതുവില്‍ 'സ്വഹീഹു മുസ്‌ലിം' എന്നാണ് പറഞ്ഞുവരുന്നത്.

സ്വഹീഹു മുസ്‌ലിമിന്റെ കര്‍ത്താവ് ഇമാം മുസ്‌ലിം, ഇമാം ബുഖാരിയുടെ ശിഷ്യനാണ്. അതുകൊണ്ടുതന്നെ ഗുരുനാഥന്റെ വ്യക്തിത്വവും രചനാശൈലിയും ശിഷ്യനെ സ്വാധീനിച്ചു. ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരി രചിച്ചപ്പോള്‍ ശിഷ്യന്‍ ഇമാം മുസ്‌ലിമും അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നു. പ്രബലവും കുറ്റമറ്റതുമായ ഹദീസുകള്‍ മനസ്സിലാക്കുന്നതിലും ന്യൂനതകള്‍ വ്യവഛേദിച്ചറിയുന്നതിലും തന്റെ സമകാലികരെ കവച്ചുവെച്ച് അദ്ദേഹം അത്യുന്നത പദവിയിലെത്തി.

മൂന്ന് ലക്ഷം ഹദീസുകള്‍ ശ്രവിച്ച ശേഷമാണ് ഇമാം മുസ്‌ലിം ഹദീസുകള്‍ തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ സതീര്‍ഥ്യന്‍ അഹ്മദുബ്‌നു സലമ പറയുന്നു: ''ഇമാം മുസ്‌ലിം സഹീഹിന്റെ രചനക്ക് ചെലവഴിച്ച പതിനഞ്ചു വര്‍ഷവും ഞാനദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഈ കൃത്യനിര്‍വ്വഹണത്തിന് ഇമാം അതീവ പരിഗണന നല്‍കി. ഹദീസുകള്‍ പൂര്‍ണ മികവോടെ തെരഞ്ഞടുക്കുന്നതിലും സ്ഫുടം  ചെയ്‌തെടുക്കുന്നതിലും കഠിനാധ്വാനം ചെയ്തു.'' ഇമാം മുസ്‌ലി പറയുന്നു: ''പ്രമാണത്തിന്റെ പിന്‍ബലമില്ലാത്ത ഒന്നും ഞാന്‍ ഈ മുസ്‌നദില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. തെളിവിന്റെ പിന്‍ബലത്തോട് കൂടിയേ ഞാനിതില്‍ നിന്ന് എന്തെങ്കിലും ഒഴിവാക്കിയിട്ടുള്ളൂ. ഞാന്‍ രചിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രന്ഥം/മുസ്‌നദ് അബൂസുര്‍അയെ കാണിച്ചു. ഈ ഹദീസുകള്‍ക്ക് ന്യൂനതയും വൈകല്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചവയെല്ലാം ഞാനതില്‍നിന്ന് ഒഴിവാക്കി. അപ്രകാരം ഇന്ന ഇന്ന ഹദീസുകള്‍ വൈകല്യമുക്തവും പ്രബലവുമാണെന്ന് അദ്ദേഹം പറഞ്ഞവയെല്ലാം ഞാന്‍ സ്വീകരിക്കുകയും ചെയ്തു''. 

പ്രബലവും നിവേദക പരമ്പര നബി(സ്വ)യിലേക്ക് ചേര്‍ക്കപ്പെട്ടതുമായ ഹദീസുകളാണ് സ്വഹീഹു മുസ്‌ലിമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അവ വിശദമായ സരണികളിലൂടെയും നിവേദക ശൃംഖലയിലൂടെയും നിരവധി അധ്യായങ്ങളായി ക്രോഡീകരിച്ചിരിക്കുന്നു. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍ ഹദീസ് സ്വീകരണത്തിന് സ്വീകരിച്ചിട്ടുള്ള ഉപാധികള്‍ ഇവയാണ്. 1) നിവേദക പരമ്പര പൂര്‍ണമായിരിക്കുക (ഇടമുറിയാത്തതായിരിക്കുക). 2) നിവേദകര്‍ ആദ്യാവസാനം വിശ്വസ്തരും പ്രബലരുമായിരിക്കുക. 3) ശാദ് അല്ലാതിരിക്കുക (തന്നേക്കാള്‍ പ്രബലരായ നിവേദകര്‍ നിവേദനം ചെയ്ത ഹദീസുകള്‍ക്ക് വിരുദ്ധമാവാതിരിക്കുക. 4) ഹദീസ്, ന്യൂനത ഉള്ളതല്ലാതിരിക്കുക. ഇമാം ബുഖാരി സ്വഹീഹുല്‍ ബുഖാരിയില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ തന്നെയാണിവ. പക്ഷേ ഹദീസ് നിവേദകന്‍ താന്‍ ഉദ്ധരിക്കുന്ന വ്യക്തിയെ കാണുകയും അയാളില്‍ നിന്ന് നേരിട്ട് ശ്രവിക്കുകയും ചെയ്തിരിക്കണമെന്ന ഇമാം ബുഖാരിയുടെ നിബന്ധനയോട് ഇമാം മുസ്‌ലിം വിയോജിക്കുന്നു. മുസ്‌ലിമിന്റെ വീക്ഷണത്തില്‍ നിവേദകര്‍ സമകാലികരായാല്‍ മതി. നേരിട്ട് കണ്ടുവെന്ന് സ്ഥിരപ്പെടണമെന്നില്ല.

വളരെ ഉത്തമമായ രീതിയിലാണ് ഇമാം മുസ്‌ലിം സ്വഹീഹ് സംവിധാനിച്ചിട്ടുള്ളത്. ഓരോ അധ്യായവും ശീര്‍ഷകവുമായി ബന്ധപ്പെട്ട ഹദീസുകള്‍ തനിക്ക് സ്വീകാര്യമായ നിവേദക പരമ്പരകളോടെ ഒരേ സ്ഥലത്ത് നല്‍കി. അതേസമയം അധ്യായങ്ങള്‍ക്കും ഉപാധ്യായങ്ങള്‍ക്കും അദ്ദേഹം നാമകരണം നല്‍കിയിട്ടില്ല. ഗ്രന്ഥത്തിന്റെ വലുപ്പം കൂടാതിരിക്കുകയെന്നതായിരുന്നു അതിനു കാരണം. മറ്റു പരിഗണനകളുമുണ്ടാകാം. നിലവില്‍ നാം കാണുന്ന അധ്യായങ്ങളുടെയും ഉപാധ്യായങ്ങളുടെയും ശീര്‍ഷകങ്ങള്‍ ഇമാം നവവിയെപോലെയുള്ള സ്വഹീഹു മുസ്‌ലിമിന്റെ വ്യാഖ്യാതാക്കള്‍ പില്‍ക്കാലത്ത് നല്‍കിയതാണ്.

സ്വഹീഹു മുസ്‌ലിമില്‍ ആകെ 12,000 ഹദീസുകളാണുള്ളത്. മൂന്ന് ലക്ഷം ഹദീസുകളില്‍ നിന്നാണ് ഇത് തിരഞ്ഞെടുത്തത്. 4000 ഹദീസുകളേ ആവര്‍ത്തനം കൂടാതെ ഉള്ളൂ. ഇമാം ദഹബി എഴുതുന്നു: 'സ്വഹീഹു മുസ്‌ലിമിലെ ഹദീസുകളുടെ ആവര്‍ത്തനത്തിന്റെ സ്വഭാവം ഇതാണ്. 'ഖുതൈബ എന്നോട് പറഞ്ഞു, ഇബ്‌നു റുംഹ്  എന്നെ അറിയിച്ചു എന്ന് തുടങ്ങുന്ന നിവേദനം, ഇരുവരും ഉദ്ധരിക്കുന്ന ഹദീസ് വചനം സമാനമാണെങ്കിലും, അല്ലെങ്കില്‍ ഒരു പദത്തില്‍ വ്യത്യാസം വന്നാലും അവ രണ്ട് ഹദീസ് ആയിട്ടാണ് ഇമാം മുസ്‌ലിം പരിഗണിച്ചത്. ഒരു ഹദീസിന്റെ ആവര്‍ത്തനങ്ങള്‍ ഒരേ സ്ഥലത്ത് നല്‍കിയിരിക്കുന്നു. നിവേദകസരണി കൂടുതലുള്ളപ്പോഴും ഹദീസ് മൂലവാക്യം (മത്‌ന്) കുറവുള്ളപ്പോഴുമാണ് അധികവും ആവര്‍ത്തനം വന്നിട്ടുള്ളത്'.

Feedback