Skip to main content

വ്യാജ ഹദീസുകളുടെ ഉത്ഭവം (2)

ഉപേക്ഷിക്കുക, കെട്ടിച്ചമക്കുക എന്നീ അര്‍ഥങ്ങളുള്ള വദ്അ് എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായ മൗദൂഅ് എന്ന രൂപമാണ് വ്യാജഹദീസുകളെ വ്യവഹരിക്കാന്‍ ഹദീസ് നിദാന ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. സ്വഹീഹായ ഹദീസിലെ ഏതെങ്കിലും പദം സ്വതാല്പര്യപ്രകാരം വിട്ടുകളയുക, ബോധപൂര്‍വം പദങ്ങള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുക, ഒരുകാര്യം പ്രവാചകന്‍(സ്വ) പറഞ്ഞതായി വ്യാജമായി ആരോപിക്കുക എന്നീ ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദമാണ് ഭാഷാപരമായി മൗദൂഅ്. എന്നാല്‍ മുഹമ്മദ് നബി(സ്വ) ഒരു കാര്യം പറഞ്ഞുവെന്നോ ചെയ്തുവെന്നോ അംഗീകരിച്ചുവെന്നോ വ്യാജമായി അവകാശപ്പെടുന്ന ഹദീസുകളാണ് സാങ്കേതികാര്‍ഥത്തില്‍ അല്‍ഹദീസുല്‍ മൗദൂഅ് അഥവാ വ്യാജ ഹദീസുകള്‍. വലിയ അപകടകാരികളായതുകൊണ്ട് ഇതിന്റെ നിജസ്ഥിതി സൂചിപ്പിക്കാതെ നിവേദനം ചെയ്യാന്‍ പാടില്ലെന്ന് പണ്ഡിതര്‍ ഏകോപിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ വിഷയകമായി വന്ന നബി(സ്വ)യുടെ ഗൗരവമേറിയ താക്കീത് ഇപ്രകാരമാണ്. ''കള്ളമാണെന്നറിഞ്ഞുകൊണ്ട് എന്നെ സംബന്ധിച്ച് ആരെങ്കിലും വല്ല വാര്‍ത്തയും സംസാരിച്ചാല്‍ അവര്‍ കള്ളവാദികളില്‍ ഒരുവനാണ്'' (മുഖദിമതു മുസ്‌ലിം).

വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ തല്പരകക്ഷികള്‍ ആദ്യമായി ശ്രമിച്ചതെപ്പോഴാണെന്ന് തീര്‍ച്ചയില്ല. പ്രവാചകന്റെ അനുചരന്മാര്‍ ആരും അതിന് മുതിരില്ല. അവിടുത്തെ ഉത്തമ ശിഷ്യന്മാര്‍ ഇതിന്റെ ഗൗരവത്തെക്കുറിച്ച് തികഞ്ഞ ബോധവാന്മാരായിരുന്നു. അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും കൂടിയായിരുന്നു അവര്‍ ഹദീസുദ്ധരിച്ചിരുന്നത്. 

അനസ്(റ) സഹാബികളെക്കുറിച്ച് പറയുന്നു. ''ഞങ്ങള്‍ കളവ് പറയാറില്ലായിരുന്നു. കളവ് പറയല്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.'' കളവ് പറയുന്നത് അതീവ ഗുരുതരമായ തെറ്റായി മനസ്സിലാക്കിയിരുന്ന സ്വഹാബിവര്യന്മാരുടെ സത്യസന്ധതയെ സംബന്ധിച്ച് ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക. ബര്‍റാഉബ്‌നു ആസിബ് പറയുന്നു. ''നബിയുടെ സംസാരങ്ങള്‍ നേരിട്ട് ശ്രവിക്കാനുള്ള അവസരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ലഭിക്കാറുണ്ടായിരുന്നില്ല. മറ്റു ഏര്‍പ്പാടുകളുമൊക്കെ ഉള്ളവരായിരുന്നല്ലോ ഞങ്ങള്‍. എന്നുവെച്ച് പ്രവാചകന്‍ പറഞ്ഞുവെന്നപേരില്‍ ഒരു കാര്യവും ഞങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ചിരുന്നില്ല.''

ഹിജ്‌റ 40-ാം വര്‍ഷംവരെ വ്യാജ ഹദീസുകള്‍ പ്രചരിപ്പിക്കുന്ന പ്രവണത ഉണ്ടായിരുന്നില്ലെന്നാണ് പണ്ഡിതന്മാരുടെ പൊതുനിഗമനം. എന്നാല്‍ ഖലീഫ ഉസ്മാന്‍(റ)ന്റെ ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കുതന്നെ വ്യാജഹദീസുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നെന്ന് ചില പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിം സമൂഹത്തില്‍ പല തരത്തിലുള്ള ഭിന്നതകളും പക്ഷപാതിത്വങ്ങളും ഉടലെടുക്കാന്‍ തുടങ്ങിയതോടെ വ്യാജഹദീസുകളും പ്രചരിക്കാന്‍ തുടങ്ങിയെന്ന കാര്യത്തില്‍ അവര്‍ ഏകാഭിപ്രായക്കാരാണ്. ഉസ്മാനുബ്‌നു അഫ്ഫാന്റെ(റ) ഭരണത്തിന്റെ അന്ത്യഘട്ടത്തില്‍ ഉത്ഭവിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ വധത്തില്‍ കലാശിക്കുകയും തുടര്‍ന്ന് അധികാരമേറ്റെടുത്ത അലിയുടെ(റ) കാലത്ത് അദ്ദേഹവും മുആവിയയും(റ) തമ്മില്‍ നടന്ന സംഘര്‍ഷങ്ങള്‍ രക്തപങ്കിലമായ യുദ്ധത്തിലേക്കെത്തുകയും മുസ്‌ലിംകള്‍ കക്ഷികളും വിഭാഗങ്ങളുമായി പിരിയുകയും ചെയ്യുകയുണ്ടായി. ഇതില്‍ ഭൂരിപക്ഷം അലി(റ)ക്കൊപ്പം ആയിരുന്നു. അലി(റ)യുടെ കക്ഷി എന്നറിയപ്പെട്ടിരുന്ന ശീഅത്തുഅലിയിലെ ചിലര്‍ പിന്നീട് ഖവാരിജുകളായി മാറി. അങ്ങേയറ്റം വേദനാജകനമായ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനും എതിര്‍കക്ഷികളെ വിമര്‍ശിക്കാനും ചിലര്‍ ഹദീസുകള്‍ ചമച്ചുതുടങ്ങിയത്. എന്നാല്‍ സ്വഹാബികള്‍ കളവ് പറയുകയോ അതില്‍ ബോധപൂര്‍വം പങ്കുചേരുകയോ ചെയ്തിട്ടില്ല. അവര്‍ക്കിടയില്‍ ഉത്ഭവിച്ച ഭിന്നതകളാകട്ടെ നേതൃത്വത്തെ സംബന്ധിച്ച വീക്ഷണ വ്യത്യാസങ്ങള്‍ മാത്രമാണ്. സ്വഹാബികളെ തുടര്‍ന്നുവന്ന താബിഉകളും നബി(സ്വ)യുടെ പേരില്‍ കളവ് പറയുക എന്നതില്‍ നിന്ന് മുക്തരായിരുന്നു.

മുസ്‌ലിം സമൂഹത്തില്‍ ഭിന്നതയും അന്ധമായ പക്ഷപാതിത്വങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏതു കുടില മാര്‍ഗവും അവലംബിക്കാന്‍ ധൃഷ്ടനായിരുന്ന അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണ് വ്യാജ ഹദീസുകളുടെ ആദ്യ പ്രചാരകന്‍ എന്നു കരുതപ്പെടുന്നു. അതേസമയം ഒരു കക്ഷി എന്ന നിലയില്‍ വ്യാജ ഹദീസുകള്‍ ഇദംപ്രഥമമായി പ്രചരിപ്പിച്ചത് അന്ധമായി അലി(റ)യുടെ പക്ഷം പിടിച്ച ശീഈകളാണ്. ശീഈകളുടെ സങ്കേതമായിരുന്ന ഇറാഖിലാണ് ആദ്യമായി വ്യാജഹദീസുകള്‍ പ്രചരിച്ചത്. ഇമാം സുഹ്‌രി ഇങ്ങനെ പറയാറുണ്ടായിരുന്നു. ''ഞങ്ങളുടെ അടുക്കല്‍നിന്ന് പുറപ്പെടുമ്പോള്‍ ഒരു ചാണ്‍ നീളമുള്ള ഹദീസ് ഇറാഖില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു മുഴം നീളമെങ്കിലുമുണ്ടായിരിക്കും''. ഇമാം മാലിക് ഇറാഖിനെ വ്യാജഹദീസുകളുടെ അച്ചുകൂടം എന്നു വിളിക്കാറുണ്ടായിരുന്നു. 

Feedback