Skip to main content

കാരണങ്ങളും പ്രേരകങ്ങളും

മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്റെയും(റ) നാലാം ഖലീഫ അലി(റ)യുടെയും ഭരണകാലത്തുണ്ടായിരുന്ന രാഷ്ട്രീയ ഭിന്നതകള്‍ രൂക്ഷത പ്രാപിച്ചത് വ്യാജഹദീസ് നിര്‍മിതിയുടെ നിമിത്തങ്ങളില്‍ ഒന്നാണ്. നബി(സ്വ)യുടെ പേരില്‍ വ്യാജകാര്യങ്ങള്‍ പറഞ്ഞുപരത്താന്‍ പ്രേരകമായ പല ഘടകങ്ങളുമുണ്ട്.

1)    രാഷ്ട്രീയ ഭിന്നത: രാഷ്ട്രീയമായ ചേരിതിരിവ് ന്യായീകരിക്കാന്‍ കക്ഷികള്‍ കള്ള ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതില്‍ ശീഅകളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മുന്‍പന്തിയില്‍ നിന്നത്. ഇവര്‍ അധികവും പേര്‍ഷ്യക്കാരാണ്. അഹ്‌ലുബൈതിനെ (നബി കുടുംബത്തെ) സ്‌നേഹിക്കുക എന്ന തിരശ്ശീലക്ക് പിന്നില്‍ നിന്നുകൊണ്ട് ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിത്തറയിളക്കുന്ന ധാരാളം ഹദീസുകള്‍ ഇവര്‍ കെട്ടിയുണ്ടാക്കി. അങ്ങനെ അവരുടെ (പേര്‍ഷ്യക്കാരുടെ) സാമ്രാജ്യം തകര്‍ത്ത മുസ്‌ലിംകളോട് അവര്‍ പ്രതികാരം ചെയ്തു. അലി(റ) ആണ് ഒന്നാം ഖലീഫയാവേണ്ടത് എന്ന ശീഈ വിശ്വാസത്തിന് പിന്‍ബലം നല്‍കാന്‍ കള്ള ഹദീസ് അവര്‍ ചമച്ചു. ഒരു ഉദാഹരണം: നബി(സ്വ)  ഹജ്ജത്തുല്‍ വിദാഅ് കഴിഞ്ഞു മടങ്ങുമ്പോള്‍ 'ഗദീറുഖൂം' എന്ന സ്ഥലത്ത് വെച്ച് സ്വഹാബിമാരെ എല്ലാവരെയും ഒരുമിച്ചുകൂട്ടി, അവരെല്ലാവരെയും സാക്ഷി നിറുത്തി അലി(റ)ന്റെ കൈപിടിച്ചുയര്‍ത്തികാട്ടി ഇങ്ങനെ പറഞ്ഞു. ''ഇത് എന്റെ വസ്വിയ്യ് ആണ് എന്റെ സഹോദരനും എന്റെ കാലശേഷം ഖലീഫ ആവേണ്ടവനുമാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരും ഇദ്ദേഹം പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക''. ഇതുകേട്ട ശിആ വിരുദ്ധരും അടങ്ങിയിരുന്നില്ല. അവരും റസൂലിന്റെ പേരില്‍ ഹദീസുകള്‍ നിര്‍മിച്ചു. ''സ്വര്‍ഗത്തിലെ എല്ലാ വൃക്ഷങ്ങളുടെ ഇലകളിലും ലാഇലാഹഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്, അബൂബക്ര്‍ സിദ്ദീഖ്, ഉമര്‍ ഫാറൂഖ്, ഉസ്മാന്‍ ദുന്നൂറൈന്‍ എന്ന് എഴുതിവെച്ചിട്ടുണ്ട്'' എന്നു പ്രചരിപ്പിച്ചു. 

ഇതുപോലെ മുആവിയയുടെ ആളുകള്‍ അദ്ദേഹത്തിനും അമവീ ഭരണത്തിനും വേണ്ടി ഹദീസുകള്‍ ചമയ്ക്കുകയുണ്ടായി. ഉദാഹരണം: വിശ്വസ്തര്‍ മൂന്നുപേരാണ് ഞാനും ജിബ്‌രീലും മുആവിയയും. അബ്ബാസിയ്യാക്കളും അവരുടെ ഭരണകൂടത്തെ മഹത്വവല്ക്കരിക്കാന്‍ വേണ്ടി ഹദീസുകള്‍ നിര്‍മിക്കുകയുണ്ടായി. എന്നാല്‍ ഖവാരിജുകള്‍ ഈ രംഗത്ത് വിശ്വസ്തരായിരുന്നു. അവര്‍ കള്ള ഹദീസുകളൊന്നും ചമച്ചില്ല. അവരുടെ കക്ഷിയെ പിന്തുണക്കാനും ശക്തിപ്പെടുത്താനും അബൂബക്ര്‍(റ) ഉമര്‍(റ) എന്നിവരെപ്പറ്റിയുള്ള സ്വഹീഹായ ഹദീസുകള്‍ നിഷേധിച്ചവരാണെങ്കിലും പുതുതായൊന്നും അവര്‍ ഉണ്ടാക്കിയില്ല.

2) നിരീശ്വരത്വം: ഇസ്‌ലാമിനെയും ഇസ്‌ലാമിക ഭരണത്തെയും വെറുക്കുന്നവരായിരുന്നു നിരീശ്വരവാദികള്‍. ഇസ്‌ലാമിന്റെ തായ്‌വേരറുക്കാന്‍ ഏത് ദുഷ്ടമാര്‍ഗവും അവലംബിക്കാന്‍ അവര്‍ ഉത്സുകരായിരുന്നു. ഇസ്‌ലാം മനുഷ്യര്‍ക്ക് നല്‍കുന്ന നീതിയും സമാധാനവും മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും എല്ലാം അവരെ അല്‍ഭുതപ്പെടുത്തി. കൂട്ടമായി ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് അവരെ അസഹ്യപ്പെടുത്തി. അതിനാല്‍ ഇസ്‌ലാമിക ദര്‍ശനം, സദാചാരം, വിധിവിലക്കുകള്‍, വൈദ്യം എന്നീ കാര്യങ്ങളില്‍ ജനമനസ്സുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് നിരീശ്വരവാദികള്‍ വ്യാജഹദീസുകളെ ഉപയോഗപ്പെടുത്തി. ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന നാലായിരം ഹദീസുകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ കരീമുബ്‌നു അബില്‍ ഔജാഅ് സമ്മതിച്ചത് വധശിക്ഷ നടപ്പാക്കാനായി ഹാജരാക്കിയ സന്ദര്‍ഭത്തിലായിരുന്നു.

3) വര്‍ഗ്ഗീയതയും വിഭാഗീയതയും: ഭാഷ, ദേശം, ഗോത്രം, വംശം തുടങ്ങിയ കാര്യങ്ങളുടെ പേരിലുള്ള വിഭാഗീയതയും ഹദീസ് ചമയ്ക്കുവാന്‍ കാരണമായി. ഇസ്‌ലാം ഉച്ചാടനം ചെയ്ത ഇത്തരം വിഭാഗീയതകളെ താലോലിക്കാനും നബി(സ്വ)യുടെ പേര് തന്നെ ഉപയോഗപ്പെടുത്തുകയുണ്ടായി. പേര്‍ഷ്യക്കാര്‍ അവരുടെ ഭാഷയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് നബി(സ്വ)യുടെ പേരില്‍ ഹദീസ് നിര്‍മിച്ചു. 'അല്ലാഹു ദേഷ്യം പിടിച്ചാല്‍ അറബിഭാഷയിലും സംതൃപ്തനായാല്‍ പേര്‍ഷ്യന്‍ ഭാഷയിലും വഹ്‌യ് നല്‍കും'. ഈ പേര്‍ഷ്യന്‍ വിഭാഗീയതയെ അറബി വര്‍ഗീയവാദികള്‍ നേരിട്ടത് ഇങ്ങനെ. 'തീര്‍ച്ചയായും അല്ലാഹു കോപിച്ചാല്‍ പേര്‍ഷ്യന്‍ ഭാഷയിലും സംതൃപ്തനായാല്‍ അറബി ഭാഷയിലും വഹ്‌യ് ഇറക്കിക്കൊണ്ടിരിക്കും'.

4) വഅദും കഥ പറച്ചിലും: ജനങ്ങളെ ഉപദേശിക്കുന്നവരാണ് കഥാകാരന്മാര്‍. ഉപദേശങ്ങള്‍ ജനസ്വാധീനം നേടാനും അവരെ കരയിപ്പിക്കാനും ആവേശം കൊള്ളിക്കാനും കള്ളകഥകള്‍ ചേര്‍ത്തിപറയും.

5) തര്‍ഗീബ്, തര്‍ഹീബ് (പ്രോത്സാഹിപ്പിക്കുകയും, ഭയപ്പെടുത്തുകയും) എന്നിവക്ക് വേണ്ടി ഹദീസ് കെട്ടിയുണ്ടാക്കാമെന്നാണ് ചിലരുടെ വിശ്വാസം. അങ്ങനെ ഫദാഇലുല്‍ അഅ്മാല്‍ (കര്‍മങ്ങളുടെ മഹത്വം) വിവരിക്കുന്ന ധാരാളം കള്ള ഹദീസുകള്‍ പ്രചരിപ്പിക്കപ്പെട്ടു.

6) കര്‍മശാസ്ത്രഭിന്നത: കര്‍മശാസ്ത്ര ഭിന്നതകള്‍ക്കനുസരിച്ച് കക്ഷിത്വം നിലവില്‍ വരികയും ഓരോ വിഭാഗവും തങ്ങളുടെ ഇമാമിനെയും മദ്ഹബിനെയും ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ മദ്ഹബുകളുടെ വീക്ഷണ വ്യത്യാസമനുസരിച്ച് പ്രമാണങ്ങള്‍ രചിക്കാന്‍ തുടങ്ങി. നമസ്‌കാരത്തില്‍ കൈയുയര്‍ത്താത്ത ഹനഫികള്‍ പറയുന്നു. ''ആരെങ്കിലും റുകൂഇല്‍ കൈ ഉയര്‍ത്തിയാല്‍ അവന് നമസ്‌കാരമില്ല''. ഇല്‍മുല്‍ കലാമിന്റെ (ദൈവശാസ്ത്രം) ആളുകളും തങ്ങള്‍ക്കിടയിലെ വീക്ഷണ വ്യത്യാസങ്ങള്‍ക്ക് ഉപോദ്ബലകമായി ഹദീസുകള്‍ പടച്ചുവിടുകയുണ്ടായി.

7) പുണ്യകര്‍മത്തിനുള്ള പ്രേരണ: ഭൗതിക പരിത്യാഗികളും ആരാധനാ തല്പരരുമായ ആളുകള്‍ ഹദീസ് നിര്‍മിച്ച് ഉപയോഗപ്പെടുത്തിയത് പുണ്യകര്‍മത്തിന് ജനങ്ങളെ പ്രേരിപ്പിക്കാനും അവരില്‍ നന്മ വര്‍ദ്ധിപ്പിക്കാനും വേണ്ടിയായിരുന്നു. ഹദീസിന്റെ വിഷയത്തില്‍ കളവ് പറയാന്‍ യാതൊരു മനസാക്ഷിക്കുത്തും അവര്‍ക്കില്ലായിരുന്നു. കറാമിയ്യ എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം തര്‍ഗീബ്-തര്‍ഹീബ് (പ്രോത്സാഹനവും നിരുത്സാഹപ്പെടുത്തലും) മാത്രം ഹദീസുണ്ടാക്കാം എന്ന വാദക്കാരായിരുന്നു.

8) ഭരണാധിപന്മാരുടെ പ്രീതിയും പ്രസിദ്ധിയും: ഭരണാധിപന്മാരുടെ താത്പര്യം സംരക്ഷിക്കാനും അവരുടെ അടുക്കല്‍ പേരും പ്രശസ്തിയും സമ്പാദിച്ച് പണമുണ്ടാക്കാനും അബ്ബാസിയ കാലഘട്ടത്തില്‍ ചിലര്‍ വ്യാജ ഹദീസുകളെ ഉപയോഗപ്പെടുത്തി. 

ഒരിക്കല്‍ ഗിയാസ്ബ്‌നു ഇബ്രാഹീം എന്ന പണ്ഡിതന്‍ മഹ്ദിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം മാടപ്രാവുമായി കളിക്കുകയായിരുന്നു. ഉടനെ ആ പണ്ഡിതന്‍ പറഞ്ഞു: ''റസൂല്‍(സ്വ) പറഞ്ഞു. ഒട്ടകത്തിലും കുതിരയിലും മാടപ്രാവിലും മാത്രമേ മത്സരമുള്ളൂ.'' ഒട്ടകവും കുതിരയും മാത്രം പരാമര്‍ശിക്കപ്പെട്ട പ്രവാചകന്റെ ഹദീസിലേക്ക് മാടപ്രാവിനെ കൂട്ടിചേര്‍ക്കുകയായിരുന്നു. 

ചില ഭക്ഷണവസ്തുക്കളുടെയും മരുന്നുകളുടെയും വസ്ത്രങ്ങളുടെയും പ്രചാരണത്തിനായി ഹദീസുകള്‍ ചമച്ചുണ്ടാക്കി. 

മനുഷ്യബുദ്ധി തിരസ്‌കരിക്കുകയും അസംഭവ്യമെന്ന് സംശയലേശമന്യേ പ്രഖ്യാപിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍പോലും ഹദീസെന്നപേരില്‍ കെട്ടിച്ചമച്ചു. ഉദാഹരണം: നൂഹ് നബിയുടെ കപ്പല്‍ കഅ്ബ ഏഴുതവണ പ്രദക്ഷിണം നടത്തുകയും ഇബ്രാഹിം മഖാമില്‍ രണ്ടു റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു.
 

Feedback