Skip to main content

അല്ലാഹുവിന്റെ സത്ത

പരമാണു മുതല്‍ നക്ഷത്രജാലങ്ങള്‍ വരെയുള്ള ചെറുതും വലുതുമായ പ്രാപഞ്ചിക വസ്തുക്കളുടെയെല്ലാം സ്രഷ്ടാവാണ് അല്ലാഹു. പ്രപഞ്ചത്തിലെ സകലമാന പ്രതിഭാസങ്ങളും കാരണത്തെ തേടുന്നു. കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം കാരണങ്ങളാവശ്യമില്ലാത്ത ഒരു മഹാശക്തിയില്‍ എത്തിച്ചേരുന്നു. ആ പരാശക്തി പ്രപഞ്ചത്തിന് ഉപരിയായതും പദാര്‍ഥാതീതവുമായിരിക്കണം. അപ്പോള്‍ സകലമാന പ്രതിഭാസങ്ങളുടെയും അടിസ്ഥാനകാരണമായ അല്ലാഹു എന്ന പരാശക്തിയുടെ സത്ത പ്രപഞ്ചത്തിന് ഉപരിയായതും പദാര്‍ഥാതീതവുമാണെന്ന് സാരം. മനുഷ്യന്റെ കഴിവുകള്‍ക്കും പഞ്ചേന്ദ്രിയങ്ങളിലൂടെ അവന്‍ നേടുന്ന അറിവിനും പരിമിതികളുണ്ട്. പദാര്‍ഥാതീതനായ അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് സ്ഥലകാല ബന്ധനത്തിലുള്ള മനുഷ്യബുദ്ധിക്ക് നിഗമനങ്ങളിലെത്തുക സാധ്യമല്ല. അല്ലാഹുവിന്റെ വിശദീകരണങ്ങള്‍ സ്വീകരിക്കുക മാത്രമാണ് മനുഷ്യന് നിര്‍വാഹമുള്ളത്. വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ മൊഴികളും അല്ലാഹുവിനെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയും അവ പരിമിതമായ നമ്മുടെ മസ്തിഷ്‌കപരിധിക്കകത്ത് വിശദീകരിക്കാന്‍ അസാധ്യമായതാണെങ്കില്‍ ‘അല്ലാഹുവിനറിയാം' എന്നു മാത്രം വിനീതമായി പറയുകയും ചെയ്യുന്ന രീതിയാണ് സച്ചരിതരമായ പൂര്‍വപണ്ഡിതന്മാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്.

അല്ലാഹുവിനെ സംബന്ധിച്ച പരാമര്‍ശങ്ങളിലൊരിടത്തും സത്ത എന്ന അര്‍ത്ഥമുള്ള (ദാത്ത്) എന്ന പദം ഖുര്‍ആന്‍ പ്രയോഗിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പ്രയോഗിച്ച ‘ദാത്തി'ന് സത്തയെന്ന വിവക്ഷയില്ല. എന്നാല്‍ ചില നബിവചനങ്ങളില്‍ ദാത്ത് എന്ന പദം സത്ത എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. ‘അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക. അവന്റെ സത്തയെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കരുത്’ (ത്വബ്‌റാനി).

അല്ലാഹുവിന്റെ സത്തയെക്കുറിച്ച് ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട ഏക കാര്യം അവന്‍ അഹദ് (ഏകന്‍) ആണ് എന്നതാണ്. ഈ പദാര്‍ഥലോകത്തിലെ ഒരു വസ്തുവിനും പരമമായ ഏകത്വമവകാശപ്പെടാന്‍ കഴിയില്ല. പദാര്‍ഥത്തെയും പ്രപഞ്ചത്തെയും പടച്ച അല്ലാഹുമാത്രമാണ് എല്ലാ അര്‍ഥത്തിലും ഏകനായിട്ടുള്ളവന്‍. പദാര്‍ഥത്തിന്റെ മൗലിക സ്വഭാവമായ ‘ബഹുത്വം' അവന്റ സത്തയില്‍ ഇല്ലാത്തതിനാല്‍ അവന്‍ ഏകനായി നിലനില്‍ക്കുന്നു. അവന് ആരുടെയും അശ്രയം ആവശ്യവുമില്ല. അവന്റെ സത്തക്കു തുല്യമായി ഒരു വസ്തുവുമില്ല. വളരെ ലളിതമായി ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നു. 

‘‘പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു പരാശ്രയം വേണ്ടാത്തവനും സകലര്‍ക്കും ആശ്രയമായിട്ടുള്ളവനുമാകുന്നു. അവന്‍ പിതാവോ സന്തതിയോ അല്ല. അവന് തുല്യമായി ഒന്നും തന്നെയില്ല'' (112:1-4).

അവന്‍ പിതാവോ സന്തതിയോ അല്ലയെന്ന ഖുര്‍ആന്‍ പരാമര്‍ശം അല്ലാഹുവിന്റെ സത്തയെ സംബന്ധിച്ച് നിലനിന്നിരുന്ന രണ്ട് മൂഢവിശ്വാസങ്ങളെ തിരുത്തുകയാണ് ചെയ്യുന്നത്. ക്രിസ്ത്യാനികള്‍ യേശു ദൈവപുത്രനാണെന്ന് വാദിക്കുക വഴി യഥാര്‍ഥത്തില്‍ ദൈവിക സത്തയുടെ ഏറ്റവും വലിയ സവിശേഷതയായ ഏകത്വത്തെ നിഷേധിക്കുയാണ് ചെയ്യുന്നത്. മാലാഖമാര്‍ ദൈവപുത്രികളായി സങ്കല്‍പ്പിക്കപ്പെട്ടിരുന്ന സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് പരമമായ ഏകത്വമെന്ന ദൈവികസത്തയുടെ സവിശേഷപ്രകൃതിക്ക് വിരുദ്ധമായ വിശ്വാസമാണ്. അല്ലാഹുവിന്റെ സത്ത തന്നെ നമ്മുടെ വിശദീകരണത്തിന് അതീതമായ സ്ഥിതിക്ക് അവന്റെ മുഖം, കൈ, കണ്ണ്, സിംഹാസനം തുടങ്ങിയവയൊന്നും തന്നെ നമ്മുടെ വിശദീകരണത്തിന് വഴങ്ങുന്നതല്ല.

Feedback