Skip to main content

അല്ലാഹുവിന്റെ കോടതി

സ്രഷ്ടാവായ അല്ലാഹു തന്റെ സൃഷ്ടികളുടെ കാര്യത്തില്‍ സമ്പൂര്‍ണ അധികാരവും സര്‍വാ ധിപത്യവും ഉള്ളവനാണ്. അവന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമോ സ്വാതന്ത്ര്യമോ ഇല്ല. എന്നിരുന്നാലും അല്ലാഹു അവന്റെ അടിമകളോട് ഒരു കാര്യത്തിലും ഒട്ടും അനീതി കാണിക്കുന്നില്ല. ഓരോരുത്തരും അര്‍ഹിക്കുന്നത് പൂര്‍ണമായി നല്‍കികൊണ്ട് ശരിയായി നീതി നടപ്പാക്കുകയാണ് അല്ലാഹു ചെയ്യുന്നത്. വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നന്നായി വിധി നടത്തുന്നവനായ അല്ലാഹുവിന്റെ വിചാരണയും വിധിതീര്‍പ്പും രക്ഷാ ശിക്ഷകളുമെല്ലാം നീതിയില്‍ അധിഷ്ഠിതമാണെന്ന് അവന്‍ വ്യക്തമാക്കുന്നു. 'നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ദിവസത്തെ സൂക്ഷിച്ചു കൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. അവരോ  (ഒട്ടും) അനീതി കാണിക്കപ്പെടുകയുമില്ല. (2:281)

വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പുണ്യംചെയ്തവര്‍ക്കുള്ള പ്രതിഫലം അല്ലാഹു പാഴാക്കി കളയുകയോ ചെയ്യാത്ത തെറ്റിന് ശിക്ഷ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു പാപം ചെയ്തവര്‍ക്ക് പശ്ചാത്താപത്തിലൂടെ അതില്‍നിന്ന് മോചിതരാകാനും സ്വര്‍ഗം നേടിയെടുക്കാനുമുള്ള അവസരങ്ങളും നല്‍കുന്നത് നീതിപൂര്‍വകമായ നിലപാട് തന്റെ അടിമകളോട് കാണിക്കുന്നതിന്റെ ഭാഗമാണ്. നന്മകള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുന്നു. ഒരു നന്മക്ക് പത്തിരട്ടിയും എഴുനൂറ് ഇരട്ടിയും അതിനുമപ്പുറം പരിധിയില്ലാതെ നല്കുന്നു. എന്നാല്‍ തിന്മക്ക് തത്തുല്യമായ ശിക്ഷ മാത്രമേ നല്കൂ. ഇത് അല്ലാഹു നല്കിയ വലിയ ഒരു ഔദാര്യമാണ്.

നന്മയാകട്ടെ തിന്മയാകട്ടെ ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ഫലം ഓരോരുത്തരും അനുഭവിക്കേണ്ടതാണ്. നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും. ഒരാളും മറ്റൊരാളുടെ പാപഭാരം ചുമക്കേണ്ടിവരില്ല. അല്ലാഹു പറയുന്നു ''ഏതൊരാളും ചെയ്തുവെക്കുന്നതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കും. ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ് (6:164).

എന്നാല്‍ ഒരാളുടെ വാക്കോ പ്രവര്‍ത്തനങ്ങളോ മറ്റൊരാള്‍ ദുര്‍മാര്‍ഗത്തില്‍ അകപ്പെടാന്‍ കാരണമായിട്ടുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന ദുഷ്‌കര്‍മത്തിന്റെ പാപഭാരം കൂടി പിഴപ്പിച്ച വ്യക്തിക്ക് ഏല്‍പിക്കപ്പെടുകയും അവര്‍ ശിക്ഷക്ക് അര്‍ഹരായിത്തീരുകയും ചെയ്യും. അല്ലാഹു പറയുന്നു. ''നിങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വേറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്'' (29:13).

സ്വയം പിഴച്ചുപോയതിന്റെയും വ്യാജം കെട്ടിപ്പറഞ്ഞതിന്റെയും വിവരമില്ലാത്തവരെ വഴിപിഴപ്പിക്കാന്‍ ശ്രമിച്ചതിന്റെയും കുറ്റങ്ങള്‍ക്ക് പുറമെ, ആ വഴിപിഴച്ചവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്കൊക്കെ കാരണക്കാരായതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരായിത്തീരുന്നു. നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന്ന് അവനെ പിന്‍പറ്റിയവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരുത്താതെ അവരുടെ അതേ രൂപത്തിലുള്ള പ്രതിഫലം ലഭിക്കുന്നതാണെന്നും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന് അവനെ പിന്‍പറ്റിയവരുടെ കുറ്റത്തില്‍ ഒരു കുറവും വരുത്താതെ അവരുടെ കുറ്റങ്ങളുടെ അത്ര കുറ്റം ഉണ്ടായിരിക്കുമെന്നും മുസ്‌ലിം ഉദ്ധരിച്ച ഒരു നബി വചനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.
 

Feedback