Skip to main content

മുഅ്ജിസത്ത് (3)

മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനത്തിന്നായി അല്ലാഹു തെരഞ്ഞെടുത്തയച്ച പ്രവാചകന്മാര്‍ അല്ലാഹുവിനാല്‍  നിയുക്തരായവരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ അല്ലാഹു ചില ദൃഷ്ടാന്തങ്ങള്‍ പ്രവാചകന്മാര്‍ മുഖേന വെളിപ്പെടുത്താറുണ്ട്. അത്തരം ദിവ്യദൃഷ്ടാന്തങ്ങള്‍ക്ക് അടയാളങ്ങള്‍ എന്നും സാങ്കേതികമായി മുഅ്ജിസത്ത് എന്നും പറയുന്നു. ഇത്തരം ദിവ്യദൃഷ്ടാന്തങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ച പദം മുഅ്ജിസത്ത് എന്നല്ല; ആയത്ത് എന്നാണ്. മുഅ്ജിസത്ത് എന്ന പദത്തിന് കഴിവ്‌കെടുത്തുന്നത് അഥവാ തോല്‍പ്പിക്കുന്നത് എന്നാണ് ഭാഷയില്‍ അര്‍ത്ഥം. പണ്ഡിതന്മാര്‍ സാങ്കേതികമായി മുഅ്ജിസത്തിന് നല്‍കുന്ന നിര്‍വ്വചനം ഇപ്രകാരമാണ്. ''പ്രവാചകനാണെന്ന് വാദിക്കുന്ന ഒരാള്‍ നിഷേധികളെ വെല്ലുവിളിക്കുമ്പോള്‍ അദ്ദേഹം മുഖേന പ്രകടമാകുന്ന ഒരസാധാരണ സംഭവമാണിത്. അതുപോലൊന്നു കൊണ്ടുവരന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അശക്തരാവുന്നു'' മുഅ്ജിസത്ത് ആരുടെ മുമ്പാകെ സംഭവിക്കുന്നുവോ അവര്‍ക്ക് അതിനെ നേരിടാന്‍ കഴിയാത്തതിനാലാണ് അതിന്ന് ആ പേര് ലഭിച്ചത് എന്ന് ഫത്ഹുല്‍ബാരിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം ദൃഷ്ടാന്തങ്ങള്‍ എല്ലാ പ്രവാചകന്മാര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് വിശ്വസിക്കത്തക്ക വിധത്തിലുള്ള ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടല്ലാതെ എന്റെ മുമ്പ് ഒറ്റ പ്രവാചകനും ഉണ്ടായിട്ടില്ല (മുസ്‌ലിം).

എന്നാല്‍ എല്ലാ പ്രവാചകന്മാരുടെയും മുഅ്ജിസത്തുകള്‍ ഖുര്‍ആനില്‍ എടുത്ത് പറഞ്ഞിട്ടില്ല. പ്രവാചകന്മാര്‍ക്ക് ലഭിച്ച ദൃഷ്ടാന്തങ്ങളില്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞതില്‍ നിന്ന് നാല് കാര്യങ്ങള്‍ നമുക്ക് ബോധ്യപ്പെടും.
 
(1) മുഅ്ജിസത്ത് അഥവാ ദിവ്യദൃഷ്ടാന്തങ്ങള്‍ അസാധാരണമായ സംഭവമായിരിക്കും. (2) അത് പ്രവാചകന്മാരുടെ ഇച്ഛാനുസരണം സംഭവിക്കുന്ന ഒന്നല്ല, അവര്‍ക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാനും കഴിയില്ല. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകന്മാരിലൂടെ അത് വെളിപ്പെടുത്തുന്നു. ഒരുവേള പ്രവാചകന്മാര്‍പോലും അതിന്റെ പേരില്‍ അത്ഭുതപ്പെടുന്നു. (3) സ്വന്തം നിയോഗത്തെപ്പറ്റി പ്രവാചകന് തന്നെ ബോധ്യം നല്‍കുന്നതോടൊപ്പം പ്രവാചകത്വ നിഷേധികളായ എതിരാളികള്‍ക്ക് അത് വെല്ലുവിളിയായിരിക്കും. (4) ആ വെല്ലുവിളി നേരിടാനോ അത് പോലെയൊന്ന് അവതരിപ്പിക്കാനോ മറ്റുള്ളവര്‍ക്ക് സാധ്യമല്ല. കാരണം അത് അമാനുഷികമാണ്. 

ചിന്തിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ദൈവദൂതന്റെ നിയോഗത്തെപ്പറ്റി ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു അവ കാണിച്ചെന്ന് വരാം. എന്നാല്‍ പ്രവാചകത്വം അംഗീകരിക്കാത്തവരെ നിര്‍ബന്ധമായി അംഗീകരിപ്പിക്കാനുള്ള മാര്‍ഗമല്ല മുഅ്ജിസത്ത്. പല സമൂഹങ്ങളും അനാവശ്യമായ തര്‍ക്കത്തിന് വേണ്ടി നിരന്തരം അത്ഭുത ദൃഷ്ടാന്തങ്ങള്‍ കാണിക്കാനാവശ്യപ്പെടുകയുണ്ടായി. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹു അത് നിരസിക്കുകയാണ് ചെയ്തത്. നബി(സ)യുടെ ജനതയും തര്‍ക്കത്തിനായി പലതും ആദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.

അവര്‍ പറഞ്ഞു ''ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത്‌വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാക്കിതരികയും അതിന്നിടയിലൂടെ നീ സമൃദ്ധമായി  അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌വരെ. അതല്ലെങ്കില്‍ നീ ജല്‍പ്പിച്ചത്‌പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷണം കഷണമായി നീ വീഴ്ത്തുന്നതുവരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടംകൂട്ടമായി നീ കൊണ്ടുവരുന്നത്‌വരെ. അല്ലെങ്കില്‍ ആകാശത്തേക്ക് നീ കയറിപ്പോവുകയും ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കിത്തരികയും ചെയ്യുന്നതുവരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയില്ല. (നബിയേ) പറയുക എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍ ഞാനൊരു ദൂതനായ മനുഷ്യന്‍ മാത്രമല്ലേ? (17:90-93).

മുഅ്ജിസത്ത് പ്രവാചകന്മാര്‍ യഥേഷ്ടം കാണിച്ചിരുന്ന അത്ഭുത വിദ്യകളായിരുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്ത് അത് പ്രവാചകന്മാരിലൂടെ സംഭവിച്ചിരുന്നു എന്ന് മാത്രം. പ്രവാചകത്വത്തിന്റെ തെളിവുകളായി അല്ലാഹു നല്‍കുന്ന മുഅ്ജിസത്താകുന്ന ദൃഷ്ടാന്തങ്ങള്‍ വിനയമുള്ള മനസ്സുകളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടും അഹങ്കാരപൂര്‍വ്വം പിന്മാറിപ്പോകുന്നവര്‍ക്ക്, വരാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള ഒരു താക്കീത് കൂടിയാണ് ദിവ്യദൃഷ്ടാന്തങ്ങള്‍. അല്ലാഹു പറയുന്നു. ഭയപ്പെടുത്തുവാന്‍ വേണ്ടിയല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നില്ല താനും (17:59).
 

Feedback