Skip to main content

പ്രവാചകന്മാരും മുഅ്ജിസത്തും

കേവലം അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതല്ല മുഅ്ജിസത്ത്. മറിച്ച് വെല്ലുവിളികള്‍ക്കു മുന്നില്‍ പ്രവാചകത്വം അനിഷേധ്യമാക്കുന്ന ദൃഷ്ടാന്തങ്ങളാണ് അവ. പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം (വഹ്‌യ്) ലഭിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. അവര്‍ക്ക് ലഭിക്കുന്ന ദൃഷ്ടാന്തങ്ങളും (മുഅ്ജിസത്തും) അപ്രകാരം തന്നെ. അത്‌കൊണ്ടാണ് താന്‍ ഇതുവരെ ഉപയോഗിച്ചിരുന്ന വടിയുടെ രൂപാന്തരത്തില്‍ മൂസാ നബി(അ) ഭയ ചകിതനായത്. ഈ ദൃഷ്ടാന്തങ്ങളാകട്ടെ യഥേഷ്ടം അവര്‍ക്ക് കൈകാര്യം ചെയ്യാവുന്നവയുമല്ല. അല്ലാഹു പറയുന്നു. ''ഒരു ദൂതനും അല്ലാഹുവിന്റെ അനുമതിയോടു കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാന്‍ കഴിയില്ല. (40:78) മൂസാനബിക്ക് ദിവ്യ ദൃഷ്ടാന്തമായിട്ടുള്ള വടി മുഖേന മറ്റു ചില അത്ഭുതങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അവയൊക്കെ മുഅ്ജിസത്തിന്റെ ഭാഗം തന്നെയാണ്  മൂസായോട് ഇസ്രാഈല്യര്‍ വെള്ളത്തിന് വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നല്‍കിയത് ആ വടികൊണ്ട് പാറയ്ക്കടിക്കാനായിരുന്നു. ''മൂസാനബി(അ) തന്റെ ജനതക്ക് വേണ്ടി വെള്ളത്തിന് അപേക്ഷിച്ച സന്ദര്‍ഭം (ശ്രദ്ധിക്കുക). അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക, അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി (2:60).

ഇബ്‌റാഹീം(അ) ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ നാട്ടിലും വീട്ടിലും ഉള്ള സാഹചര്യം തീര്‍ത്തും പ്രതികൂലമായിരുന്നു. വിഗ്രഹ നിര്‍മ്മാതാവായ പിതാവും അന്ധവിശ്വാസികളായ സമൂഹവും അഹങ്കാരിയായ രാജാവും അദ്ദേഹത്തിനെതിരില്‍ തിരിഞ്ഞു. ആശയപരമായ സംവാദത്തിലൂടെ അദ്ദേഹത്തെ നേരിടാന്‍ അവര്‍ അശക്തരായപ്പോള്‍ അഗ്നിക്കിരയാക്കാന്‍ തീരുമാനിച്ചു. ഒരു തീകുണ്ഡമൊരുക്കി അവരദ്ദേഹത്തെ അതിലിട്ടു. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ ഒരു പോറലുമേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുത്തിയത് മുഅ്ജിസത്ത് തന്നെയാണ്. അവര്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ചു കളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവും ആയിത്തീരുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത് (21:68-70).

ഈസാ നബിയുടെ(അ) ജനനവും ജീവിതാന്ത്യവും അദ്ദേഹത്തിന്റെ മാതാവിനെത്തന്നെയും ലോകത്തിന് ദൃഷ്ടാന്തമായി നമുക്ക് കാണാന്‍ കഴിയും. അവളെയും (മര്‍യം) മകനെയും നാം ലോകര്‍ക്ക് ദൃഷ്ടാന്തമാക്കുകയും ചെയ്തു (21:91) അദ്ദേഹം മുഖേനയും ഇസ്‌റാഈല്‍ ജനതക്ക് ഒട്ടേറെ ദിവ്യദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

''ഈസായോട് അല്ലാഹു പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു. മര്‍യമിന്റെ മകനായ ഈസാ തൊട്ടിലില്‍വെച്ചും മധ്യവയസ്‌കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്കു ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതരുന്ന സന്ദര്‍ഭത്തിലും എന്റെ അനുമതി പ്രകാരം കളിമണ്ണുകൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതിപ്രകാരം ജന്മാന്ധനെയും പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്തുകൊണ്ട്‌വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്‌റാഈല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ ഇതു പ്രത്യക്ഷമായ മാരണം മാത്രമാകുന്നു എന്നുപറഞ്ഞ അവസരത്തിലും നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്റെ മാതാവിനും ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക (5:110).

അത്യത്ഭുതകരങ്ങളായ നിരവധി മുഅ്ജിസത്തുകള്‍ നല്‍കപ്പെട്ട പ്രവാചകരത്രെ സുലൈമാന്‍ നബി(അ)യും പിതാവ് ദാവൂദ് നബി(അ)യും. അദ്ദേഹത്തിന് പര്‍വ്വതങ്ങളെയും പക്ഷികളെയും കീര്‍ത്തനം ചെയ്യുന്ന അവസ്ഥയില്‍ കീഴ്‌പെടുത്തിക്കൊടുക്കുകയും യുദ്ധ രംഗങ്ങളില്‍ സംരക്ഷണം നല്‍കുന്ന പടയങ്കി നിര്‍മ്മാണം പഠിപ്പിച്ചുകൊടുക്കുകയും ചെയ്തത് അല്ലാഹു നല്കിയ അനുഗ്രഹവും ദൃഷ്ടാന്തവുമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. (21:79-81) പക്ഷികളുടെ സംസാരം തിരിച്ചറിയാനുള്ള കഴിവ് സുലൈമാന്‍ നബിക്ക് ഉണ്ടായിരുന്നുവെന്നും (27:16) ഉറുമ്പുപോലുള്ള ജീവികളുടെ ആശയ വിനിമയം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ഖുര്‍ആന്‍ (27:18) വ്യക്തമാക്കുന്നു.

ഇതുപോലെ മറ്റു പല പ്രവാചകന്മാര്‍ക്കും അല്ലാഹു നല്കിയ മുഅ്ജിസത്തുകളെ കുറിച്ച് ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
 

Feedback