Skip to main content

തൗഹീദ് (10)

ലോകത്ത് ഏതുകാലത്തുമുള്ള മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. ബഹുഭൂരിഭാഗം മതങ്ങളും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ദൈവസങ്കല്പത്തിന്റെ കാര്യത്തില്‍ മതവിശ്വാസികള്‍ ഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. തങ്ങള്‍ക്ക് ചുറ്റും കാണുന്ന ചെറുതും വലുതുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ പലതിനും ദിവ്യത്വം കല്പിച്ച് അവയെ വണങ്ങുകയും പലതിന്റെയും പേരില്‍ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഈ സങ്കല്പം തന്നെ കാലദേശങ്ങള്‍ക്കനുസരിച്ചും ജാതി വര്‍ഗങ്ങള്‍ക്കനുസരിച്ചും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവസങ്കല്പത്തിലും ആരാധനാ കാര്യത്തിലും ലോകത്ത് ഒരു കാലത്തും മനുഷ്യര്‍ക്കിടയില്‍ ഏകീഭാവമുണ്ടായിട്ടില്ല. എന്നാല്‍ പ്രപഞ്ചകര്‍ത്താവായ ഒരു അഭൗമശക്തിയെപ്പറ്റിയുള്ള ബോധം ഏത് കാലത്തും മനുഷ്യര്‍ക്കിടയില്‍ ഉണ്ടുതാനും. ദൈവ വിശ്വാസത്തെപ്പറ്റി ഇസ്‌ലാം നല്കുന്ന കാഴ്ച്ചപ്പാട് വളരെ വ്യക്തവും ലളിതവുമാണ്.


പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന്‍ ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേക കാലഘട്ടത്തിന്റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്വമാണ് തൗഹീദ്.


തൗഹീദ് എന്ന പദത്തിന്റെ അര്‍ഥം ഏകനാക്കുക, ഒന്നാക്കുക എന്നൊക്കെയാണ്. ബഹുദൈവത്വമെന്ന മിഥ്യാ സങ്കല്പത്തെയും അബദ്ധ ധാരണയെയും തിരുത്തി ആരാധന ഒരേയൊരു ദൈവത്തിലര്‍പ്പിക്കുക എന്നതാണ് തൗഹീദിന്റെ വിവക്ഷ. തൗഹീദ് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. നിരവധി പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഖുര്‍ആന്‍ സമര്‍ഥിച്ച ഈ കാര്യത്തെ പണ്ഡിതന്മാര്‍ വിശദീകരിച്ച പ്രയോഗമാണ് തൗഹീദ് എന്നത്. അല്ലാഹുവിന്റെ ഏകത്വമെന്നത് ഏതൊക്കെ തലങ്ങളിലാണ് എന്ന് അക്കാദമികമായി വിശകലനം ചെയ്ത് വിശദപഠനാര്‍ഥം തൗഹീദുര്‍റുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹിദുസ്വിഫാതി വല്‍ അസ്മാഅ് എന്നിങ്ങനെ വിഭജിച്ച് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.


''ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയങ്കിലും  താങ്കള്‍ക്കറിയുമോ?'' (വി.ഖു. 19:65). തൗഹീദിന്റെ ഇനങ്ങള്‍ ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിലെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാശയമായ ഏകദൈവാരാധനയെ കുറിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് തൗഹീദ്. ലാഇലാഹ ഇല്ലല്ലാഹ് (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെയാരുമില്ല) എന്ന പരിശുദ്ധ വാക്യം തൗഹീദിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കുള്ള ശക്തി ആരില്‍ നിക്ഷിപ്തമാണോ അവനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദ് (ഏകദൈവാരാധന) കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും സംഹാരവും അല്ലാഹുവിന്റെ മാത്രം അധീനത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

'നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു. അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചു തന്നവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു' (2:28,29). 

ഒരുവന്‍ ആരാധിക്കപ്പെടാന്‍ അര്‍ഹനാകണമെങ്കില്‍ ഈ കഴിവുകളെല്ലാം(സൃഷ്ടി, സ്ഥിതി, സംഹാരം) അവനായിരിക്കണം. അത് അല്ലാഹുവിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. ആരാധനയുടെ ഏതെങ്കിലുമൊരിനം സൃഷ്ടികള്‍ക്കു നല്‍കുന്നത് മേല്‍പറഞ്ഞ കഴിവുകളുടെ ഏതെങ്കിലും ഒരിനം സൃഷ്ടികള്‍ക്കു വകവെച്ചുകൊടുക്കലാണ്. ഒരാള്‍ക്ക് ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധിക്കുന്നത് ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയുടെ സാക്ഷ്യവചനം ഉരുവിട്ടുകൊണ്ടാണ്. 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹമായി ഒന്നുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്നതിന്റെ പൊരുള്‍ രണ്ട് കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഒരു ദൈവവുമില്ല അഥവാ ആരാധ്യനുമില്ല എന്ന നിഷേധവശവും അല്ലാഹു എന്ന യാഥാര്‍ഥ ആരാധ്യനെ സ്ഥിരീകരിക്കലും. അഥവാ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല എന്ന സാക്ഷ്യ വചനം ഉരുവിടുന്നതോടു കൂടി ആരാധനാ കര്‍മ്മങ്ങളുടെ അണു അളവ് പോലും അല്ലാഹു അല്ലാത്തവര്‍ക്ക് അവകാശപ്പെടാനോ കൊടുക്കാനോ പാടില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കുകയാണ് ചെയ്യുന്നത്. 

മനുഷ്യര്‍ ആരാധിച്ചു പോന്നിരുന്ന അനേകം ശക്തികളും മൂര്‍ത്തികളും ഉണ്ടായിരുന്നു. അവയൊന്നും ആരാധനക്ക് അര്‍ഹമല്ല എന്നും സാക്ഷാല്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പല സമൂഹങ്ങള്‍ക്കും കുലദൈവങ്ങള്‍ സങ്കല്‍പ്പിക്കപ്പെടുന്നതുപോലെ അറബികളുടെ കുലദൈവത്തിന്റെ പേരല്ല അല്ലാഹു. സാക്ഷാല്‍ ആരാധ്യന്‍(അല്‍ഇലാഹ്), ആരാധിക്കപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍  'ഇലാഹ്' എന്ന പൊതുനാമത്തെ 'അല്‍' എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍ക്കരിച്ചതാണ് അല്ലാഹു എന്ന പദം.

സൃഷ്ടി സ്ഥിതി സംഹാര കഴിവുകള്‍ ആര്‍ക്കാണോ ഉള്ളത് അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ എന്ന ഇസ്‌ലാമിന്റെ മൗലികാദര്‍ശത്തിലേക്ക് ആണ് മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ചത്. പ്രാര്‍ത്ഥന ആരാധന തന്നെയാണെന്ന് വിശുദ്ധഖുര്‍ആനില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുപറയുന്നു. 'അല്ലാഹുവിന് പുറമെ അന്ത്യനാള്‍ വരെ ഉത്തരം നല്‍കാത്തവരോട് പ്രാര്‍ത്ഥിക്കുന്നവരേക്കാള്‍ ഏറ്റവും വഴിപിഴച്ചവന്‍ മറ്റാരുണ്ട്? അവരോ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധരഹിതരുമാകുന്നു. ജനങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവര്‍ക്ക് ശത്രുക്കളായി മാറുകയും ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'.(46:5,6)

പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍  മറ്റൊരു ദൈവത്തെ സ്വീകരിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിരോധിക്കുന്നു. 'അതിനാല്‍ അല്ലാഹുവോട് കൂടി മറ്റൊരു ദൈവത്തെ നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത്. (അങ്ങനെ പ്രാര്‍ത്ഥിക്കുന്ന പക്ഷം) നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്'.(26:213).

ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയുടെ എല്ലാ ആശയങ്ങളേയും വിശാലാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധവചനം.

'അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല'എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു.(തുഹ്ഫ വാള്യം:1 പേജ്:8)
 

Feedback