Skip to main content

നമസ്‌കാരവും തൗഹീദും

ഏകദൈവ വിശ്വാസവും ഏകദൈവാരാധനയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാമത്തേത്. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നാഥന്‍, അതിന്റെ ഉടമസ്ഥന്‍ എന്നീ നിലകളില്‍ (റുബൂബിയ്യത്ത്) അല്ലാഹുവിനുള്ള ഏകത്വം പോലെ, ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന (ഉലൂഹിയ്യത്ത്) അര്‍ഥത്തിലുള്ള  ഏകത്വത്തിലും വിശ്വസിക്കുന്നവനേ മുസ്‌ലിമാവുകയുള്ളൂ. ഭൂമിയിലെ ഏതൊരു ശക്തിയും ദൈവത്തിന്റെ സൃഷ്ടിയും, അവന്റെ സംരക്ഷണത്തിലുള്ളതുമായിരിക്കെ അവയെ ആരാധിക്കുന്നത് ദൈവത്തോടുള്ള ധിക്കാരമാണ്. അതുകൊണ്ടുതന്നെ ബഹുദൈവ വിശ്വാസവും ബഹുദൈവാരാധനയും മഹാപാതകമാണെന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു: ''അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. സകല വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സര്‍വ കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു'' (6:102).

പ്രസ്തുത വിശ്വാസത്തിന്റെ പ്രകടമായ നിദര്‍ശനമാണ് നമസ്‌കാരം. അല്ലാഹുവിന്റെ മുമ്പില്‍ മാത്രം സാഷ്ടാംഗം ചെയ്യാന്‍ അത് പരിശീലിപ്പിക്കുന്നു. അവനല്ലാത്ത സകല ആരാധ്യരില്‍ നിന്നും അത് മനുഷ്യനെ മോചിപ്പിക്കുകയും ചെയ്യുന്നു. അതിലെ ഓരോ വചനങ്ങളും പ്രാര്‍ഥനകളും ഏകദൈവാരാധനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നവയാണ്. നമസ്‌കാരത്തിലെ ആദ്യ വചനമായ 'അല്ലാഹു അക്ബര്‍' (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നത് തന്നെ ഇക്കാര്യം സ്പഷ്ടമാക്കുന്നു. പിന്നീട്, നമസ്‌കരിക്കുന്നവന്‍ തന്റെ ഓരോ ചലനങ്ങളിലും ഇതാവര്‍ത്തിക്കുകകൂടി ചെയ്യുമ്പോള്‍ അല്ലാഹു അല്ലാത്തവരാരും തന്റെ ജീവിതത്തില്‍ അവനെപ്പോലെ വലിയവരല്ലെന്ന് താന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. നമസ്‌കാരത്തില്‍ പ്രവേശിച്ച ഉടനെ അവന്‍ അല്ലാഹുവിനോട് ഒരു പ്രതിജ്ഞചെയ്യുന്നുണ്ട്. 

അതില്‍ താന്‍ കലര്‍പ്പില്ലാത്ത തൗഹീദിന്റെ ധ്വജവാഹകനാണെന്നും ബാഹ്യവും ആന്തരികവുമായ ബഹുദൈവത്വത്തിന്റെ (ശിര്‍ക്ക്) സര്‍വരൂപ-ഭാവങ്ങളില്‍ നിന്നും താന്‍ സമ്പൂര്‍ണമായി മുക്തി നേടിയിരിക്കുന്നുവെന്നും അവന്‍ നെഞ്ചില്‍ കൈവെച്ച് ദൃഢസ്വരത്തില്‍ പറയുന്നു. സര്‍വസ്വവും അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് അവന്‍ ഇപ്രകാരം പറയേണ്ടിയിരിക്കുന്നു. ഖ്വുര്‍ആന്‍ പറഞ്ഞു: ''പറയുക: നിശ്ചയം, എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. (അവന്) കീഴ്‌പ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്'' (6:162,163).

''നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുകയുള്ളൂ, നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുകയുമുള്ളൂ,'' (സൂറഃ അല്‍ ഫാതിഹ) എന്ന വചനത്തിലൂടെ തൗഹീദിന്റെ അടിസ്ഥാന ശിലകള്‍ സുസ്ഥാപിതമാവുന്നു. സര്‍വസ്തുതികളും അല്ലാഹുവിനര്‍പ്പിച്ച ശേഷം പറയപ്പെടുന്ന ഈ വചനം, അല്ലാഹുവല്ലാത്തവരെ പൂജിക്കുന്നതിനെയും അവരോട് സഹായത്തിനായി പ്രാര്‍ഥിക്കുന്നതിനെയും ശക്തിയായി എതിര്‍ക്കുന്നു. ഇപ്രകാരം തൗഹീദിനെ അനുസ്മരിപ്പിക്കുകയും ദൃഢമാക്കുകയും ചെയ്യുന്ന പ്രസ്തുത വചനങ്ങള്‍ നമസ്‌കാരത്തിനിടയില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. ശേഷം അതില്‍ അല്ലാഹുവിന്നായി റുകൂഉം (നമിക്കുക) സുജൂദും (സാഷ്ടാംഗം) ചെയ്യേണ്ടതുമുണ്ട്. അപ്പോള്‍ അവന്റെ മുന്നില്‍ പ്രതിരൂപങ്ങളോ പ്രതിഷ്ഠകളോ മറ്റെന്തെങ്കിലും ആരാധ്യവസ്തുക്കളോ ഇല്ല. അവന്റെ മനസ്സുപോലെ അവന്റെ ശരീരവും അല്ലാഹുവിന് മാത്രമായി സമര്‍പ്പിക്കപ്പെടുന്നു. ഇത് മറ്റാരെയും വണങ്ങുകയില്ലെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാന്‍ അവനെ സഹായിക്കുന്നു. ഇതൊക്കെ തൗഹീദിനെ ഭദ്രമാക്കുന്നതില്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പങ്ക് എത്രമാത്രമാണെന്ന് വരച്ചുകാണിക്കുന്നു.

Feedback