Skip to main content

അല്‍ മദീനത്തുല്‍ മുനവ്വറ (3)

സൗര്‍ ഗുഹയില്‍നിന്ന് യാത്ര തിരിച്ചതിന്റെ പന്ത്രണ്ടാം നാള്‍. നട്ടുച്ചനേരത്ത് ഒരു സമതല പ്രദേശത്തെത്തിയ നബി(സ്വ)യുടെയും അബൂബക്ര്‍ സ്വിദ്ദീഖിന്റെയും കണ്ണില്‍ ആ താഴ്‌വര തെളിഞ്ഞുവന്നു. രണ്ട് ശിലാപര്‍വ്വതങ്ങള്‍ക്കിടയിലെ, ഈത്തപ്പനകളാലും മുന്തിരിവള്ളികളാലും പച്ചയണിഞ്ഞു നില്‍ക്കുന്ന ജലസമൃദ്ധവും സമ്പന്നവുമായ ഭൂമി - യഥ് രിബ്.

നബി(സ്വ)യുടെ ഖസ്വാഅ് എന്ന ഒട്ടകം ഖുബാഇലെത്തി. നബി(സ്വ)യും സ്വിദ്ദീഖും അവിടെയിറങ്ങി. ഒരു പള്ളി പണിതു. പിന്നെ നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള അടുത്ത ഗ്രാമത്തിലെത്തി. അവിടെയും പള്ളി നിര്‍മിച്ചു. ചുറ്റിലും കുടുംബങ്ങള്‍ താമസമാക്കി. മുഹാജിറുകളും, അന്‍സ്വാറുകളും. കച്ചവടകേന്ദ്രങ്ങളായി. ചന്തയൊരുങ്ങി. യസ്രിബ് മെല്ലെമെല്ലെ ഒരു പട്ടണമാവുകയായിരുന്നു. യസ്‌രിബ് എന്നതിന്റെ അര്‍ഥമാകട്ടെ 'കുഴപ്പം' എന്നും. ഉത്തമ സ്വഭാവവും ലക്ഷണമൊത്ത മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച്‌വരുന്ന ഒരു മാതൃകാ സമൂഹത്തിന്റെ പട്ടണത്തിന് യോജിക്കാത്ത നാമം. നബി(സ്വ) അത് മാറ്റി. എന്നിട്ട് തന്റെ സ്വന്തം പട്ടണത്തെ നബി(സ്വ) സ്‌നേഹത്തോടെ വിളിച്ചു-മദീന. മദീനത്തുര്‍റസൂല്‍. റസൂലിന്റെ നേതൃത്വത്തില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമായി ലോകത്തിനഖിലം വെളിച്ചം പകര്‍ന്നുനല്‍കിയ മദീനയ്ക്ക് നൂറിലധികം പേരുകള്‍ പിന്നെയും വന്നു(അലി സംഹുദിയുടെ വഫാഉല്‍ വഫ നോക്കുക). എന്നാല്‍ പുണ്യമദീനയെ ലോകം വിളിച്ചത് മദീന മുനവ്വറ എന്നാണ്. പ്രശോഭിത നഗരം. അതേ, സത്യധര്‍മങ്ങളാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകാശിച്ചു നില്‍ക്കുന്ന നഗരം മദീന തന്നെയാണ്.

Feedback