Skip to main content

ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ (14)

ഏതൊരു സമൂഹത്തിനും സക്രിയമായി മുന്നോട്ടു നീങ്ങാന്‍ പിന്നിട്ട വഴികള്‍ പരിശോധിക്കണം. അതാണ് ചരിത്രമെന്നു പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ ചരിത്ര പഠനത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുന്‍കാല ദൈവദൂതന്‍മാരുടെയും അവരുടെ ജനതകളുടെയും ചരിത്രം പേര്‍ത്തും പേര്‍ത്തും ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. നബി(സ)ക്ക് അത് ആശ്വാസദായകമായിരുന്നു. പില്കാലക്കാര്‍ക്ക് അത് പാഠമായി നിലനില്ക്കുന്നു. ചരിത്രം തേടിപ്പോകുമ്പോള്‍ സ്വാഭാവികമായും ചരിത്രം കുറിച്ച സ്ഥലങ്ങളും പഠനവിധേയമാകും. വിശുദ്ധ ഖുര്‍ആന്‍ ചരിത്രപഠനത്തിന് പ്രാധാന്യം മാത്രമല്ല പ്രോത്സാഹനവും നല്കിയിട്ടുണ്ട്. 'ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ പോയി നോക്കൂ' എന്ന വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ''(നബിയേ, ലോകത്തോടു) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ'' (6:11). 27:69, 29:20, 30:42, 34:18 എന്നീ ആയത്തുകളിലും ഇതേ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്. 

എന്നാല്‍ ചരിത്രപ്രാധാന്യം എന്നതും പുണ്യകരം എന്നതും തികച്ചും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ജറുസലേം പുണ്യസ്ഥലവും ഈജിപ്തിലെ പിരമിഡുകള്‍ ചരിത്ര പ്രധാനവും ആണ്. മസ്ജിദുന്നബവി പുണ്യസ്ഥലവും മസ്ജിദുല്‍ ഖിബ്‌ലതൈനി ചരിത്ര സ്മാരകവുമാണ്. സ്വഫാ മല പുണ്യസ്ഥലവും ഹജ്ജിന്റെ ഭാഗവുമാണ്. എന്നാല്‍ ഹിറാഗുഹയും ജബലുന്നൂര്‍ മലയും ചരിത്രപ്രധാന സ്ഥലം മാത്രമാണ്. ഇവ രണ്ടും വേര്‍തിരിച്ചറിയാത്ത ചിലര്‍ ചരിത്ര പ്രാധാന്യം പുണ്യകരമായി കരുതുന്നു. തത്ഫലമായി പലസ്ഥലങ്ങളുടെയും ചരിത്ര പ്രാധാന്യം പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ടതിനു പകരം അവിടങ്ങളില്‍ ആചാരങ്ങള്‍ മെനയാന്‍ ചിലആളുകള്‍ തുനിയുന്നു. അതുകൊണ്ടാണ് ഇസ്‌ലാമിക ചരിത്രത്തില്‍ പ്രാധാന്യമുള്ള ഏതാനും സ്ഥലങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത്. 

Feedback
  • Tuesday Sep 17, 2024
  • Rabia al-Awwal 13 1446