Skip to main content

ലൈംഗികത: ഇസ്‌ലാമിക കാഴ്ചപ്പാട് (2)

സസ്യജന്തുജാലങ്ങളില്‍ മിക്കതിന്റെയും വംശവര്‍ധനവിന് ആധാരം അണ്ഡബീജ സങ്കലന പ്രക്രിയയാണ്. മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ലൈംഗികത എന്ന വികാരത്തെ മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സമഗ്രമായി സ്പര്‍ശിക്കുന്ന ജൈവപ്രേരണയായാണ് ഇസ്‌ലാം കാണുന്നത്. കേവലം വംശവര്‍ധനവിനുള്ള ഇണചേരലല്ല എന്നര്‍ഥം. വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ആഴത്തില്‍ സ്വാധീനിക്കുന്ന ദാമ്പത്യ വ്യവഹാരങ്ങളുടെ ആധാരശിലയായി അത് വര്‍ത്തിക്കുകയും ചെയ്യുന്നു.

അനിയന്ത്രിതമായ ലൈംഗികതയും ഏകോപനമില്ലാത്ത അതിലൈംഗികതയുമാണ് മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് വിഘാതമായിത്തീരുന്ന അപകടങ്ങളിലൊന്ന്. ആധുനിക ലൈംഗിക മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ മനുഷ്യന്റെ ലൈംഗികതൃഷ്ണയുടെ നിയന്ത്രണവും ഏകോപനവും ആരോഗ്യജീവിതത്തിന് അനുപേക്ഷണീയമാണ്. ദൈവഭയത്തിന്റെയും ധര്‍മബോധത്തിന്റെയും ചങ്ങലകള്‍ കൊണ്ട് മനുഷ്യരിലെ ലൈംഗികത എന്ന വികാരത്തെ അംഗീകൃതവും നീതിയുക്തവും വിവേചനപരവുമായി ക്രമപ്പെടുത്തണമെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. 

വിവാഹമെന്ന ഉറച്ച കരാറിലൂടെ ഇണകളായി ജീവിക്കാന്‍ സാമൂഹികാംഗീകാരം നേടുന്ന ദമ്പതികള്‍ അനുവദിക്കപ്പെട്ട മാര്‍ഗത്തില്‍ ഇണചേരുകയും ലൈംഗിക വികാരം ശമിപ്പിക്കുകയും അതിലൂടെ ജീവിതസുഖമനുഭവിക്കുകയും ചെയ്യുന്നത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മമാണെന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നു. അനുചരര്‍ അതുകേട്ട് ചോദിച്ചു. ഒരാള്‍ തന്റെ ലൈംഗികവികാരം ശമിപ്പിച്ചതിന് ദൈവത്തിന്റെ പ്രതിഫലമോ? നബി(സ്വ) പറഞ്ഞു: നിഷിദ്ധ മാര്‍ഗേണയാണ് നിങ്ങളത് ചെയ്തതെങ്കില്‍ നിങ്ങള്‍ക്കത് ശിക്ഷയ്ക്ക് കാരണമാകില്ലേ? അതേ എന്ന് അവര്‍ മറുപടി പറഞ്ഞു. എങ്കില്‍ അനുവദനീയമായ മാര്‍ഗത്തില്‍ അത്(വൈകാരികശമനം) കണ്ടെത്തുന്നതിന് പ്രതിഫലവുമുണ്ട് (സ്വഹീഹ് മുസ്‌ലിം).

അവിഹിതമാര്‍ഗത്തിലൂടെ ലൈംഗിക ഉത്തേജനവും വൈകാരികശമനവും ഇസ്‌ലാം വിലക്കി. വിവാഹമെന്ന ശരിയായ മാര്‍ഗമാണ് ഒരു മുസ്‌ലിം തന്റെ ലൈംഗികതയുടെ കടിഞ്ഞാണിട്ട് സമാധാന ജീവിതത്തിന് തെരഞ്ഞെടുക്കേണ്ട വഴി എന്ന് റസൂല്‍(സ്വ) ഉണര്‍ത്തി. അത് ജനനേന്ദ്രിയത്തെയും കണ്ണിനെയും തെറ്റായ വഴിയിലേക്ക് നീങ്ങാതെ സദാചാരാധിഷ്ഠിതജീവിതത്തിന് കരുത്തു പകരുകയും ചെയ്യുന്നു. വിവാഹത്തിന് സാധ്യമാവാതെ വന്നാല്‍ വ്രതമനുഷ്ഠിച്ച് ആത്മനിയന്ത്രണമേര്‍പ്പെടുത്തണമെന്നും റസൂല്‍(സ്വ) ഉപദേശിച്ചു (ബുഖാരി, മുസ്‌ലിം).

ആര്‍ത്തവഘട്ടത്തിലും വ്രതത്തിന്റെ പകല്‍വേളകളിലും പ്രസവാനന്തര നാളുകളിലും ഇണയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് ഇസ്‌ലാം നിഷിദ്ധമായി കാണുന്നു. അതാണ് പ്രകൃതിയുടെ താത്പര്യവും. ലൈംഗികവികാരത്തിന്റെ അതിപ്രസരത്തെ ഉദാത്ത വഴികളിലൂടെ തിരിച്ചുവിട്ട് മാന്യത പുലര്‍ത്തി ജീവിക്കാനാണ് വിവാഹത്തിന് സാധ്യമാകാത്തവരോട് അല്ലാഹു കല്പിക്കുന്നത്. അല്ലാഹു പറയുന്നു: ''വിവാഹംകഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് സ്വാശ്രയത്വം നല്‍കുന്നതുവരെ സന്മാര്‍ഗനിഷ്ഠ നിലനിര്‍ത്തട്ടെ'' (24:33).

ലൈംഗികസദാചാരം നഷ്ടപ്പെട്ടുപോകുന്നതിന് മിക്കപ്പോഴും ഹേതുവാകുന്ന സാഹചര്യം അന്യസ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള അമാന്യവും അവിഹിതവുമായ സമ്പര്‍ക്കമാണ്. വിശ്വാസികള്‍ നോട്ടത്തിലും നടത്തത്തിലും വസ്ത്രധാരണത്തിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ (24:30,31) വിവരിച്ചു തന്നത് ഇസ്‌ലാം അനുവദിച്ചുതന്ന ലൈംഗികതയുടെ പരിധി ലംഘിക്കാതിരിക്കാനാണ്. സ്ത്രീയും പുരുഷനും ഒരിടത്ത് തനിച്ചായാല്‍ മൂന്നാമനായി അവരുടെകൂടെ പിശാചുണ്ടാകുമെന്ന് നബി(സ്വ) താക്കീത് നല്‍കി. സ്ത്രീ തനിച്ച് ദീര്‍ഘയാത്ര ചെയ്യുന്നത് വിലക്കുകയും ചെയ്തു. നഗ്നത മറയ്ക്കുന്ന മാന്യമായ വസ്ത്രധാരണരീതി നിഷ്‌കര്‍ഷിച്ചതിലെ ഒരു യുക്തി മനുഷ്യമനസ്സ് വഴി തെറ്റാന്‍ അവസരം കൊടുക്കാതിരിക്കുകയാണ്.

ഉന്നതവും ഉദാത്തവും പ്രകൃതിക്കിണങ്ങുന്നതുമാണ് ലൈംഗികതയോടുള്ള ഇസ്‌ലാമികസമീപനം. അവിഹിതവേഴ്ചയ്ക്ക് കഠിനമായ ശിക്ഷയും ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഉദാരലൈംഗികതയാണ് പുരോഗമനം എന്ന് വാദിച്ചവരെല്ലാം അതിന്റെ ദുരന്ത ഫലം അനുഭവിക്കുകയാണ്.
 

Feedback