Skip to main content

വിവാഹം (37)

ഇണകളായിക്കൊണ്ടാണ് എല്ലാ വസ്തുക്കളെയും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഇണചേരുന്നതിലൂടെ ജന്തുവര്‍ഗങ്ങള്‍ അവയുടെ വംശം നിലനിര്‍ത്തുന്നു. ഭൂമിയിലെ വൃക്ഷലതാദികളും ജന്തുവര്‍ഗങ്ങളും മറ്റും ഇണകളായി നിലകൊള്ളുന്നു എന്നത് ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആനില്‍ (36:36) എടുത്തുപറയുന്നുണ്ട്. ഇതര ജന്തുവര്‍ഗങ്ങളില്‍നിന്ന് വ്യത്യസ്തമായ സവിശേഷതകളാണ് മനുഷ്യര്‍ക്കുള്ളത്. വംശവര്‍ധനവിന്നാധാരമായ ഇണചേരുക എന്ന പ്രകൃതി വ്യവസ്ഥയ്ക്ക് മനുഷ്യന്‍ വിധേയനാകുമ്പോള്‍ ധാര്‍മിക ചിട്ടയും സദാചാര നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്ന് സ്രഷ്ടാവ് അനുശാസിച്ചു. പ്രകൃതിയുടെ താത്പര്യമായ വംശവര്‍ധനവിനപ്പുറം മരണപര്യന്തം ഒരിണയെ ജീവിതപങ്കാളിയാക്കുക എന്നതാണ് മനുഷ്യന്റെ അവസ്ഥ. ഈ നിയമവ്യവസ്ഥയുടെ പേരാണ് വിവാഹം. വിവാഹമെന്ന ഉറച്ച കരാറിലൂടെ അവര്‍ ഇണചേര്‍ന്ന് ജീവിക്കേണ്ട ദമ്പതികളായി മാറുന്നു.

ലൈംഗികത പാപമാണെന്നു കരുതി അവ വര്‍ജിച്ച് ബ്രഹ്മചര്യം സ്വീകരിക്കുക എന്ന നിലപാട് മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്. ആത്മീയ ഉത്ക്കര്‍ഷത്തിലേക്കുള്ള മാര്‍ഗം ബ്രഹ്മചര്യമാണെന്ന കാഴ്ചപ്പാടിനെ ഇസ്‌ലാം നിരാകരിക്കുന്നു. വിവാഹം ചെയ്യാതെ മൃഗതുല്യജീവിതം നയിക്കുന്ന തരത്തില്‍ ലൈംഗികതയെ കയറൂരിവിടുന്നതും സമൂഹത്തിന്റെ ഭദ്രതയ്ക്കും മാനവികതയ്ക്കും കനത്ത പ്രഹരമേല്‍പ്പിക്കും. ഇവിടെയാണ് മനുഷ്യപ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന മതമായ ഇസ്‌ലാം വിവാഹമെന്ന കര്‍മത്തിന്റെ പവിത്രത നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യുത്പാദനശേഷിയുടെ പ്രായമെത്തിയാല്‍ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇണചേരാനും സന്താനോല്പാദനത്തിനുമുള്ള ആന്തരിക ചോദനക്ക് നിയമാനുസൃതമായ അവസരം വേണ്ടതിനാല്‍ ഇസ്‌ലാം വിവാഹമെന്ന സംവിധാനം ഏര്‍പ്പെടുത്തി. വിവാഹിതരാവുന്നതോടെ മതത്തിന്റെ പകുതി ഒരാള്‍ നിറവേറ്റി എന്ന് റസൂല്‍(സ്വ) പറഞ്ഞത് അതിന്റെ ലക്ഷ്യത്തിലേക്കുള്ള സൂചനകൂടിയാണ്. നബി(സ്വ) പറഞ്ഞു. യുവസമൂഹമേ, നിങ്ങളില്‍ ദാമ്പത്യത്തിന്റെ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിവുള്ളവര്‍ വിവാഹം ചെയ്യുക, ദൃഷ്ടികള്‍ താഴ്ത്തുന്നതിനും ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്നതിനും അതാണ് അഭിലഷണീയം. അതിന് സാധ്യമല്ലാത്തവര്‍ വ്രതമനുഷ്ഠിക്കട്ടെ. അതാണ് അവന് സൂക്ഷ്മതയുള്ള മാര്‍ഗം (സ്വഹീഹുല്‍ബുഖാരി 5065).

ആത്മീയതയുടെ ഉന്നതിയിലെത്താന്‍ ബ്രഹ്മചര്യത്തിലേക്ക് നീങ്ങുകയും, ഇങ്ങനെയുള്ളവര്‍ക്കേ ഭക്തിയുടെ പാരമ്യത്തില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് തെറ്റിദ്ധരിക്കുകയും ചെയ്ത ചില സ്വാഹാബികള്‍ നബി(സ്വ)യുടെ ആരാധനാക്രമം അന്വേഷിച്ച് വീട്ടില്‍വന്നു. അത് വിവരിച്ചു കേട്ടപ്പോള്‍ തങ്ങള്‍ അനുഷ്ഠിക്കുന്ന ആരാധനാകര്‍മങ്ങള്‍ വളരെ കുറവായിട്ടുതോന്നി. എന്നിട്ട് അവര്‍ സ്വയം ആശ്വാസംകൊണ്ടു. നബിയുടെ പദവി അത്യുന്നതമല്ലേ? അവിടുന്ന് ചെയ്തതും ചെയ്യാനിരിക്കുന്നതുമായ ചെറുപിഴവുകള്‍ പോലും അല്ലാഹു പൊറുത്തുകൊടുത്തിട്ടില്ലേ? അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. ഞാന്‍ രാത്രിയില്‍ മുഴുവന്‍ നമസ്‌കരിക്കും. മറ്റൊരാള്‍ പറഞ്ഞു. ഞാന്‍ നിത്യവും നോമ്പനുഷ്ഠിക്കും. മൂന്നാമന്‍ പറഞ്ഞു. ഞാന്‍ സ്ത്രീകളെ വര്‍ജിക്കും, വിവാഹിതനാവുകയില്ല. നബി(സ്വ) ഈ വിവരമറിഞ്ഞപ്പോള്‍ അവരോട് ആരാഞ്ഞു. ഇങ്ങനെയൊക്കെ പറഞ്ഞത് നിങ്ങളാണോ? എന്നാല്‍ അല്ലാഹു സത്യം, ഞാന്‍ നങ്ങളെക്കാള്‍ അല്ലാഹുവിനെ ഭയക്കുന്നവനും ഭക്തനുമാണ്. പക്ഷേ, ഞാന്‍ നോമ്പനുഷ്ഠിക്കുകയും നോമ്പുപേക്ഷിക്കുകയും ചെയ്യാറുണ്ട്. രാത്രിയില്‍ ഉറങ്ങുകയും എഴുന്നേറ്റു നമസ്‌കരിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ ഭാര്യയുമായി ബന്ധപ്പെടാറുണ്ട്. എന്റെ ഈ ചര്യയോട് ആരെങ്കിലും എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ അവര്‍ എന്റെ കൂട്ടത്തില്‍ പെട്ടവരല്ല (ആയത്തുല്‍മറാം പേജ് 208).
 

Feedback
  • Thursday Apr 25, 2024
  • Shawwal 16 1445