Skip to main content

കൈക്കൂലി, കോഴ, നോക്കുകൂലി

ചില കാര്യങ്ങള്‍ നടന്നു കിട്ടുന്നതിനുവേണ്ടി അതു നിര്‍വഹിക്കേണ്ട വ്യക്തികള്‍ക്ക് രഹസ്യമായി നല്കുന്ന പ്രതിഫലമാണ് കൈക്കൂലിയും കോഴയും. സൗജന്യമായോ നിശ്ചയിച്ച പ്രതിഫലത്തിനോ ലഭിക്കേണ്ട വസ്തുക്കളും സേവനങ്ങളും സമയബന്ധിതമായി കിട്ടാതിരിക്കുമ്പോഴും നേരത്തെ ലഭിക്കാനും അര്‍ഹതയില്ലാത്തത് കിട്ടാനുമെല്ലാം നല്കുന്ന ധനവും ശിപാര്‍ശയുമെല്ലാം കൈക്കൂലിയാണ്. ഇതു നേര്‍ക്കുനേരെ നിശ്ചയിച്ച പ്രതിഫലമല്ലെന്നതിനാലും അയാള്‍ ആ കാര്യങ്ങള്‍ക്ക് നിശ്ചിതപ്രതിഫലം പറ്റുന്നുണ്ടെന്നതിനാലും അയാളെ ഉത്തരവാദിത്തം ഏല്പിച്ച വ്യക്തി ഈ പ്രതിഫലം വാങ്ങലോ ശിപാര്‍ശയോ അംഗീകരിക്കുന്നില്ലെന്നതിനാലുമെല്ലാം ഇത് നിഷിദ്ധമായ വരുമാനവും ഇടപാടുമാണ്. അതിനാല്‍ തന്നെ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും അതിന് സാക്ഷി നില്‍ക്കുന്നതും സഹായിക്കുന്നതുമെല്ലാം ഇസ്‌ലാം നിഷിദ്ധമാക്കി. ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമെല്ലാം ഇങ്ങനെ നല്കുന്ന പ്രതിഫലങ്ങളും സമ്മാനങ്ങളുമെല്ലാം നിഷിദ്ധമാണെന്ന് ഖുര്‍ആനില്‍ അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ''നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്''(2:188).

നബി(സ്വ) ഈ കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും ഇടനിലക്കാരനെയും അദ്ദേഹം ശപിച്ചു. (അഹ്മദ്)കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും നരകത്തിലാണെന്ന് അദ്ദേഹം പറഞ്ഞു (ദാരിമി) വിധി തീര്‍പ്പുകള്‍ അനുകൂലമാക്കാനായി കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്നും നബി(സ്വ) ഉണര്‍ത്തി( തുര്‍മുദി).

തനിക്ക് അര്‍ഹതപ്പെട്ടതല്ലാത്ത ഏതു കാര്യവും നേടിയെടുക്കാനുള്ള ഏതു ശ്രമവും കുറ്റകരമാണ്. എന്നാല്‍ ചില നീതികള്‍ നടപ്പാക്കി കിട്ടാന്‍ മറ്റു വഴികളില്ലാത്ത സന്ദര്‍ഭങ്ങളില്‍, നിര്‍ബന്ധ സാഹചര്യങ്ങളില്‍ നിഷിദ്ധങ്ങള്‍ അനുവദനീയമാകും എന്ന മാനദണ്ഡപ്രകാരം അനുവദനീയമാണ്. നിരപരാധിയായ ഒരു മനുഷ്യന്‍ കൊലയാളിയായി വധശിക്ഷക്ക് വിധിക്കപ്പെട്ടാല്‍, ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഇങ്ങനെ ന്യായീകരണമര്‍ഹിക്കുന്നു. പക്ഷേ, ഈ നിര്‍ബന്ധിതാവസ്ഥയുടെ പരിധിയും സാഹചര്യങ്ങളുമെല്ലാം നാളെ അല്ലാഹുവിന്റെ മുമ്പില്‍ കൃത്യമായി ബോധ്യപ്പെടുത്തേണ്ടി വരും എന്നുള്ള വിശ്വാസത്തോടെ വേണം ഇതിനെ സമീപിക്കാന്‍.  തങ്ങളുടെ ഗോത്രക്കാരി മോഷണക്കേസില്‍ ശിക്ഷിക്കപ്പെടുന്നതില്‍ അഭിമാനക്ഷയം ഭയപ്പെട്ടവര്‍ നബി(സ്വ)യുടെ അടുത്തേക്ക് ശിപാര്‍ശകരെ വിട്ടപ്പോള്‍, അദ്ദേഹം പ്രതികരിച്ചത് വളരെ കര്‍ശനമായിട്ടായിരുന്നു എന്നോര്‍ക്കുക.

കൈക്കൂലിയുടെ പൊടിപോലും ഇസ്‌ലാം അനുവദിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന സമ്മാനങ്ങളെയും പാരിതോഷികങ്ങളെയുമെല്ലാം അത് കൈക്കൂലിയുടെ ഗണത്തിലാണുള്‍പ്പെടുത്തുന്നത്. വേതനത്തിനപ്പുറം കൈപ്പറ്റുന്നതെല്ലാം വഞ്ചിച്ചെടുക്കുന്ന താണെന്നാണ് നബി(സ്വ) ഉദ്യോഗസ്ഥരെ ഓര്‍മപ്പെടുത്തിയത്. അസദ് ഗോത്രത്തിലെ സകാത് ശേഖരിക്കാനയച്ച വ്യക്തി നാട്ടുകാര്‍ നല്കിയ പാരിതോഷികങ്ങളുമായി വന്നപ്പോള്‍, നീ മാതാവിന്റെയോ പിതാവിന്റെയോ കൂടെ വീട്ടിലിരുന്നാല്‍ ഇത് കിട്ടുമായിരുന്നോ എന്ന് കോപത്തോടെ പ്രതികരിക്കുകയും, അനര്‍ഹമായത് നേടിയെടുത്തവന്‍ അതുമായി അല്ലാഹുവിനെ സമീപിക്കേണ്ടി വരുമെന്ന് താക്കീതു നല്കി പ്രഭാഷണം നടത്തുകയും  ചെയ്തു(ബുഖാരി). യഹൂദികളുടെ ഈത്തപ്പനത്തോട്ടത്തിന്റെ നികുതി പിരിക്കാനായി നബി(സ്വ) നിയോഗിച്ച അബ്ദുല്ലാഹിബ്‌നു റവാഹക്ക് നാട്ടുകാര്‍ സമ്മാനം നല്കിയപ്പോള്‍ 'അത് കൈക്കൂലിയാണ്, അന്യായമായത് ഞങ്ങള്‍ക്ക് തിന്നാന്‍ പാടില്ലെ'ന്നു പറഞ്ഞ് അദ്ദേഹം പിന്മാറാനുള്ള കാരണം ഇതായിരുന്നു.

നമ്മുടെ നാട് കൈക്കൂലിയും കോഴയുമില്ലാതെ ഒരു സേവനവും നടക്കാത്തവിധത്തില്‍ അധഃപതിച്ചിരിക്കുന്നു. വീടു വെക്കാനും വൈദ്യുതി ലഭിക്കാനും കച്ചവടം തുടങ്ങാനും ഉദ്യോഗം ലഭിക്കാനുമെല്ലാം പല പേരുകളിലറിയപ്പെടുന്ന കോഴ നല്‌കേണ്ടതുണ്ട്. ന്യായമായ ഈ കാര്യങ്ങള്‍ നടന്നു കിട്ടണമെങ്കില്‍ മറ്റുമാര്‍ഗമില്ലാതാവുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മതവും രാജ്യവും നിഷിദ്ധമാക്കിയ കാര്യങ്ങള്‍ക്ക് തലവെച്ചുകൊടുക്കും മുമ്പ് അതല്ലാത്ത എല്ലാ മാര്‍ഗങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അല്പം താമസിച്ചാലും കുറച്ച് ബുദ്ധിമുട്ടിയാലും കൈക്കൂലിയില്ലാതെ നേടിയെടുക്കുന്നതിലാണ് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക.

ഇത്തരം അധര്‍മങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണം ഇതിന് വിധേയമാകുന്നവര്‍ പ്രതികരിക്കുന്നില്ല എന്നതാണ്. തിന്മകള്‍ക്കെതിരെ ആവുന്ന വിധത്തിലെല്ലാം പ്രതികരിക്കാനും പ്രതിരോധിക്കാനും ബാധ്യതതയുള്ളവരാണ് മുസ്‌ലിംകള്‍. ''ഇസ്രാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും, മര്‍യമിന്റെ മകന്‍ ഈസാ(അ)യുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം  കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്തു കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ''(5 : 78,79). 

അബൂബക്ര്‍(റ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ ഈ ആയത്ത് പാരായണം ചെയ്യുന്നവരാണല്ലോ. ''സത്യവിശ്വാസികളേ നിങ്ങള്‍ നിങ്ങളുടെ കാര്യം ശ്രദ്ധിക്കുക. നിങ്ങള്‍ സന്‍മാര്‍ഗത്തിലായിരുന്നാല്‍ വഴിപിഴിച്ചവര്‍ നിങ്ങള്‍ക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല''(5:105). എന്നാല്‍ നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിരുന്നു: അക്രമിയെ കണ്ടിട്ട് ആളുകള്‍ അവന്റെ കൈപിടിക്കുന്നില്ലെങ്കില്‍ അവരെ മുഴുവനും അല്ലാഹുവിന്റെ ശിക്ഷ പിടികൂടിയേക്കാം. (അബൂദാവൂദ്, തിര്‍മിദി, നസാഈ). ഈ ശിക്ഷയാവാം ഇന്ന് എല്ലാവരെയും ബാധിക്കുന്ന വിധത്തില്‍ കോഴയും കൈക്കൂലിയും വ്യാപകമായത്.

അന്യായമായത് നേടിയെടുക്കാനാണ് കൈക്കൂലിയെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ശാപമുള്ളതാണവന്‍ നേടിയെടുത്തതെന്നതില്‍ സംശയമില്ല. നരകത്തിലെ തീക്കട്ടയാണവന്‍ നേടിയതെന്നാണ് നബി(സ) അതിനെ വിശേഷിപ്പിക്കുന്നത്.

നോക്കു കൂലി


തൊഴിലാളി അവകാശത്തിന്റെയും ട്രേഡ് യൂണിയന്‍ ശക്തിയുടെയും മറവില്‍ നമ്മുടെ നാട്ടില്‍ നടമാടുന്ന സാമ്പത്തിക കൊള്ളയാണ് നോക്കുകൂലി. കൈക്കൂലിപോലെ അന്യായമായ വരുമാനമാണ് നോക്കുകൂലിയും. മറ്റൊരാളുടെ അധ്വാനത്തിന് താന്‍ പ്രതിഫലം പറ്റുന്നതില്‍ യാതൊരു ധാര്‍മികതയുമില്ല.താന്‍ ചെയ്യേണ്ട ജോലി മറ്റൊരാള്‍ ചെയ്തു എന്നതാണ് നോക്കുകൂലിക്കു ന്യായമായി പറയാറുള്ളത്. നാട്ടു നിയമമനുസരിച്ച് ചില ജോലികള്‍ നിശ്ചയിക്കപ്പെട്ടവര്‍ക്കേ പാടുള്ളൂവെങ്കിലും ശേഷിയുള്ള ആര്‍ക്കും സ്വതന്ത്രമായി ജോലിചെയ്യാനും കഴിവുറ്റ ആരെയും അതിന് ചുമതലപ്പെടുത്താനും ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. ഇവിടെ സമൂഹ നന്മയില്‍ ഭരണാധികാരികളും മറ്റും നിശ്ചയിക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുണ്ടെങ്കിലും ആരും അക്രമിക്കപ്പെടാന്‍ പാടില്ലെന്ന വശവും പ്രധാനമാണ്. ഒരു തൊഴിലാളിയോടുള്ള ന്യായമല്ലാത്ത വെറുപ്പോ അമിതമായ ലാഭമോഹമോ കാരണത്താല്‍ തൊഴില്‍ മുടക്കുന്നത് ശരിയല്ല. മറ്റു തൊഴില്‍ അസാധ്യമായ വിധത്തില്‍ അന്യായമായാണ് തടയപ്പെട്ടതെങ്കില്‍ അയാള്‍ക്ക് കൂലിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ അയാളുടെ കഴിവുകേടോ വിശ്വസ്തതില്ലായ്മയോ അമിതകൂലിയോ കാരണമാണ് മറ്റൊരാളെ തൊഴിലിന് ഏര്‍പ്പെടുത്തിയതെങ്കില്‍, അല്ലെങ്കില്‍ ഉടമക്ക് സ്വയം ചെയ്തതാണെങ്കില്‍ അതിന്റെ പേരില്‍ കൂലി കൈപ്പറ്റാനോ, ചെറിയ ഒരംശമെങ്കിലും ആവശ്യപ്പെടാനോ പാടില്ലാത്തതാണ്.

വിദേശ തൊഴില്‍ റിക്രൂട്‌മെന്റിന്റെ പേരിലും തൊഴിലാളികളെ സപ്ലൈ ചെയ്യുന്നതിന്റെ പേരിലുമെല്ലാം ചെലവും അധ്വാനക്കൂലിയുമല്ലാതെ അവരില്‍ നിന്ന് വന്‍തുക വാങ്ങുന്നതും കമ്മീഷനായി വേതനം പറ്റുന്നതും ഇതുപോലെ നിഷിദ്ധമായ നോക്കു കൂലിയാണ്.

Feedback