Skip to main content

ഖുര്‍ആന്‍ മനുഷ്യരോട് (2)

വിശുദ്ധ ഖുര്‍ആന്‍ ഒരു വേദഗ്രന്ഥമാണ്. എന്നാല്‍ അത് മുസ്‌ലിംകളുടെ മാത്രം മതഗ്രന്ഥമാണ് എന്ന നിലയില്‍ ചുരുക്കാന്‍ കഴിയില്ല. സ്രഷ്ടാവായ അല്ലാഹു ദൂതന്‍മാരെ നിയോഗിക്കുന്നതും ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നതും ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയല്ല; മനുഷ്യവംശത്തിനാകമാനമാണ്. എന്നാല്‍ അത് അംഗീകരിച്ചവര്‍ അനുഗാമികളാവുന്നതു പോലെ അംഗീകരിക്കാത്തവര്‍ എതിര്‍ പട്ടികയില്‍ സ്വാഭാവികമായും വരികയാണ് പതിവ്. 

അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി. അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം ലോകാന്ത്യം വരേയുള്ള മനുഷ്യര്‍ക്കുള്ളതാണ്. ഒന്നാമത്തെ മനുഷ്യന്‍ (ആദം) മുതല്‍ മനുഷ്യ ചരിത്രത്തിന്റെ ഗതിവിഗതികളുടെ സൂചനകള്‍ ഖുര്‍ആനിലുണ്ട്. അവസാനത്തെ മനുഷ്യന്‍ വരെ അനുവര്‍ത്തിക്കേണ്ട മാനവിക മൂല്യങ്ങളും അതുള്‍ക്കൊള്ളുന്നു.

വിശുദ്ധ ഖുര്‍ആനില്‍ വിധിവിലക്കുകളും ഉപദേശ നിര്‍ദേശങ്ങളും നല്കുമ്പോള്‍ രണ്ടു തരത്തിലുള്ള അഭിസംബോധനകള്‍ കാണാം. ഒന്ന്: വിശുദ്ധ ഖുര്‍ആന്‍ തങ്ങളുടെ ജീവിത പ്രമാണമായി അംഗീകരിക്കുന്ന വിശ്വാസികള്‍. ഇവരെ അഭിസംബോധന ചെയ്യുമ്പോള്‍ 'യാ അയ്യുഹല്ലദീന ആമനൂ (ഹേ, വിശ്വസിച്ചവരേ) എന്നാണ് പ്രയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ മതത്തിന്റെ വിധി വിലക്കുകളാണ് വ്യക്തമാക്കിയിട്ടുള്ളത്. 

എന്നാല്‍ മനുഷ്യരാശിയുടെ പൊതു ശ്രദ്ധയിലേക്ക് കാര്യങ്ങള്‍ ഇട്ടു തരുമ്പോള്‍ 'യാ അയ്യുഹന്നാസ്' (മനുഷ്യരേ) എന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ അഭിസംബോധന. ഇങ്ങനെ മനുഷ്യ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങളടങ്ങിയ വാക്യങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്.
 

Feedback