Skip to main content

തദാകിറുല്‍ ഖുര്‍ആന്‍

1925ല്‍ അഅ്‌സംഗഢില്‍ ജനിച്ച മഹാപണ്ഡിതനായ മൗലാനാ വഹീദുദ്ദീന്‍ ഖാന്‍  ഉര്‍ദുവില്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷയാണ് 'തദാകിറുല്‍ ഖുര്‍ആന്‍'. ആധുനിക ഇസ്‌ലാമിക ശാസ്ത്രങ്ങളിലും പൗരാണിക വിജ്ഞാനങ്ങളിലും വലിയ പാണ്ഡിത്യമുള്ള അദ്ദേഹം   1983 ല്‍ ആണ് ഇത് രചിക്കുന്നത്. എന്നാല്‍ ഈ മഹാഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് അറബി ഭാഷയില്‍ ആണ്. കെയ്‌റോവില്‍ നിന്ന് 'അത്തദ്കീറുല്‍ ഖവീം ഫീ തഫ്‌സീറില്‍ ഖുര്‍ആനില്‍ ഹകീം' എന്ന പേരില്‍ 2008ലാണ് അത് പുറത്തിറങ്ങിയത്. പിന്നീട് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷയിലേക്ക് 2011ലാണ് ഇത് മൊഴിമാറ്റം ചെയ്യപ്പെട്ടത്. ഇതിന്റെ പ്രസാധകരായ 'ഗുഡ് വേഡ് ബുക്‌സ്' ഇംഗ്ലീഷിന് സമാന്തരമായി അറബി മൂലവും കൊടുത്തിരുന്നു.

ഈ തഫ്‌സീറിന്റെ തത്ത്വത്തെക്കുറിച്ച് മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ ഏറെ വാചാലനാവുന്നുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ ആണ് ഇസ്‌ലാമിന്റെ അടിസ്ഥാന ഗ്രന്ഥം. അത് അല്ലാഹുവില്‍ നിന്നുള്ള വെളിപാടുകളാണ് എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന്‍ അവനെ തിരിച്ചറിയാനും സത്യത്തിലൂടെ ആത്മ സാക്ഷാത്കാരത്തിലെത്തുവാനും വേണ്ടിയാണ്. ദൈവത്തിന്റെ, സൃഷ്ടിപ്പിന്റെ പിന്നിലുള്ള തത്ത്വം ഖുര്‍ആന്‍ ആണ് വിവരിക്കുന്നത്. എന്തിനാണ് ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചത്, എന്തിനാണ് മനുഷ്യനെ ഭൂമിയില്‍ പ്രതിഷ്ഠിച്ചത്, മരണത്തിന് മുമ്പുള്ള അവന്റെ ജീവിതത്തിന് അനുസരിച്ചാണ് മരണശേഷം അവന് രക്ഷയോ ശിക്ഷയോ എന്ന് തീരുമാനിക്കപ്പെടുക തുടങ്ങിയതെല്ലാം മനസ്സിലാക്കിക്കൊടുത്ത്, മരണശേഷം നേരെ നടക്കുവാന്‍ ഇഹലോകത്ത് നേര്‍വഴി നടത്തുകയാണ് പരിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ഇതെല്ലാം മനസ്സിലാക്കാനുള്ള ഒരു ലളിത പാതയാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്റെ 'തദാകിറുല്‍ ഖുര്‍ആന്‍' എന്ന ഉര്‍ദു പരിഭാഷ.

ഖുര്‍ആനിലൂടെ ലഭിക്കുന്ന വെളിച്ചം, സമാധാനം, ദൈവത്തോടുള്ള അടുപ്പം, ഇതിലേക്ക് നയിക്കുന്നതോടൊപ്പം ഖുര്‍ആന്‍ ആവര്‍ത്തിച്ച് ബോധിപ്പിച്ചിട്ടുള്ള പഠനത്തിലേക്കും മനനത്തിലേക്കും ചിന്തയിലേക്കും ഈ തഫ്‌സീര്‍ വഴികാട്ടിയാവുന്നു.

Feedback