Skip to main content

പള്ളികള്‍ (5)

ഇസ്‌ലാമിക സമൂഹത്തില്‍ പള്ളികള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയമെന്ന നിലയില്‍ മാത്രമല്ല, സാംസ്‌കാരികകേന്ദ്രവും കൂടിയായാണ് ഇസ്‌ലാം പള്ളിയെ കണക്കാക്കുന്നത്. സാഷ്ടാംഗം(സുജൂദ്) ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ 'മസ്ജിദ്' എന്നാണ് പള്ളിക്ക് അല്ലാഹു നല്‍കിയ പേര്. നമസ്‌കാരം നിര്‍വഹിക്കാനും അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താനും മുസ്‌ലിം സമൂഹത്തിന്റെ പൊതുകാര്യങ്ങള്‍ കൈകാര്യം ചെയ്യാനും പള്ളികള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

നബി(സ്വ)യുടെ മക്കാ ജീവിതകാലത്ത് മസ്ജിദുല്‍ഹറാം അല്ലാത്ത പള്ളിയുണ്ടായിരുന്നില്ല. പ്രവാചകത്വലബ്ധിക്കു ശേഷം പതിമൂന്നുവര്‍ഷം കഴിഞ്ഞ് യസ്‌രിബിലേക്കു പലായനം ചെയ്ത പ്രവാചകന്‍, യസ്‌രിബിന്റെ അതിര്‍ത്തിയിലെത്തി ഏതാനും ദിവസം താമസിച്ച 'ഖുബാ' എന്ന സ്ഥലത്താണ് ആദ്യമായി പള്ളി നിര്‍മിച്ചത്. 'മസ്ജിദുഖുബാ' എന്നറിയപ്പെട്ട ഈ പള്ളിയെപ്പറ്റി 'ഭക്തിയില്‍ സ്ഥാപിതമായ പള്ളി' എന്നാണ് ഖുര്‍ആന്‍ (9:108) പരിചയപ്പെടുത്തിയത്. ആദ്യമായി മുഹാജിറുകളെയും അന്‍സ്വാറുകളെയും കൂട്ടി നബി(സ്വ) അതില്‍ നമസ്‌കാരം നിര്‍വഹിച്ചു.

തുടര്‍ന്ന് നബി(സ്വ) യസ്‌രിബിലെത്തി. ബനുന്നജ്ജാര്‍ ഗോത്രത്തിന്റെ വാസസ്ഥലത്തിനു മുമ്പില്‍ നബി(സ്വ)യും അനുചരന്മാരും അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം പള്ളി പണിതു. അതാണു പ്രസിദ്ധമായ 'മസ്ജിദുന്നബവി'.  ഇഷ്ടികയും  ഈത്തപ്പനത്തടിയും ഓലയും ഉപയോഗിച്ചുണ്ടാക്കിയ ആ പള്ളി അതീവ ലളിതമായിരുന്നു. നബി(സ്വ) തന്റെ അനുയായികളോടൊപ്പം പള്ളി നിര്‍മാണത്തില്‍ സജീവമായി പങ്കുകൊണ്ടു. ഈ പള്ളിയാണ് പ്രവാചകന്റെ ആസ്ഥാനവും പിന്നീട് ഭരണകേന്ദ്രവും ആയിത്തീര്‍ന്നത്. യസ്‌രിബ് മദീനതുര്‍റസൂല്‍ എന്നറിയപ്പെടാന്‍ തുടങ്ങി. അതാണ് പ്രസിദ്ധമായ മദീന. മുസ്‌ലിംകള്‍ വര്‍ധിച്ചപ്പോള്‍ ഓരോ ദിക്കിലും പിന്നീട് പള്ളികള്‍ ഉയര്‍ന്നുവന്നു.

അല്ലാഹുവിന്റെ ഭവനം(ബൈതുല്ലാഹ്) എന്നാണ് പള്ളികളെ വിശേഷിപ്പിക്കുന്നത്. ''പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ കൂടെ മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്''(72:18). ഇങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കാന്‍ പള്ളി നിര്‍മിക്കുന്നത് മഹത്തായ പുണ്യകര്‍മമത്രെ. ''ആരെങ്കിലും അല്ലാഹുവിനുവേണ്ടി ഒരു പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അവനുവേണ്ടി ഒരു ഭവനം ഒരുക്കിവെക്കും'' (ബുഖാരി, മുസ്‌ലിം) എന്നു പ്രവാചകന്‍(സ്വ) പറഞ്ഞിട്ടുണ്ട്.

പള്ളി നിര്‍മിക്കുക എന്നാല്‍ കേവലം പണിതു വയ്ക്കുക എന്നതല്ല. അതില്‍ അല്ലാഹുവിനെ സ്മരിക്കാനും നമസ്‌കാരം നിലനിര്‍ത്താനും മറ്റു ഇസ്‌ലാമിക കര്‍മങ്ങള്‍ സജീവമായി നിര്‍വഹിക്കാനും ആളുകള്‍ വേണം. പള്ളിനിര്‍ മാണം പോലെ തന്നെ പള്ളി പരിപാലനവും ഏറ്റവും പുണ്യകരമായ പ്രവര്‍ത്തനമാണ്.

മര്‍യം(റ)മിന്റെ മാതാവ് ഗര്‍ഭിണിയായിരിക്കെ, തന്റെ കുഞ്ഞിനെ ബൈത്തുല്‍മുഖദ്ദസ് പരിപാലനത്തിന്നായി നേര്‍ച്ചയാക്കിയ കാര്യം ഖുര്‍ആന്‍(3:35) ഉദ്ധരിക്കുന്നു. പള്ളിപരിപാലനം ഇന്ന് പലരും ഒരു തൊഴിലായി കാണുന്നു. അതുശരിയല്ല. അത് മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണ്. അത്യാവശ്യഘട്ടത്തില്‍ സ്ഥിരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ആളുകളെ ഏല്പിക്കുകയും കൂലികൊടുക്കുകയും ചെയ്യാം. എന്നാല്‍ പള്ളികള്‍ യഥോചിതം പരിപാലിക്കുക എന്നത് മുസ്‌ലിംകള്‍ സ്വമനസ്സാലെ ചെയ്യേണ്ടതാണ്.

''അല്ലാഹുവിന്റെ പളളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവര്‍ മാത്രമാണ്'' (9:18).

ആകാശഭൂമികളെ ചൈതന്യവത്താക്കുന്ന അല്ലാഹുവിന്റെ ദിവ്യപ്രകാശത്തെപ്പറ്റി വിവരിച്ചശേഷം ആ പ്രകാശം അല്ലാഹുവിന്റെ ഭവനമായ പള്ളികളിലാണുള്ളത് എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ''ചില ഭവനങ്ങളിലത്രെ (ആ പ്രകാശമുള്ളത്). അവ ഉയര്‍ത്തപ്പെടുവാനും അവയില്‍ അവന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു''(24:36). പരലോകശിക്ഷയെ ഭയപ്പെടുന്ന ആളുകളാണ് ആ ഭവനത്തില്‍ സ്ഥിരമായി ഉണ്ടാവുക എന്നും ഖുര്‍ആന്‍ (24:37) സൂചിപ്പിക്കുന്നു.

അല്ലാഹുവിന്റെ ഭവനമായ പള്ളികള്‍ ആരുടെയും സ്വന്തം വകയല്ല. അവിടെ ആരാധന നടത്തുന്നതിന് ആര്‍ക്കും വിലക്ക് കല്‍പിക്കപ്പെട്ടുകൂടാ.

''അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും അവയുടെ തകര്‍ച്ചക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അക്രമി ആരുണ്ട്?'' (2:114).

അതിക്രമകാരികളായ ഭരണാധികാരികള്‍ പള്ളികള്‍ പൊളിച്ചുനീക്കിയ സംഭവങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം ഈ ആയത്തിന്റെ വരുതിയില്‍ പെടുന്നു. എന്നാല്‍ സാമൂഹിക നന്മയുടെ പേരില്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പള്ളി പൊളിച്ച് മാറ്റുകയോ കൂടുതല്‍ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളില്‍ നിര്‍മിക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്. 

അല്ലാഹുവിന്റെ ഭവനങ്ങള്‍ അന്ധവിശ്വാസ ജടിലമായ ആചാരങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കുകയും മഖ്ബറകള്‍ കെട്ടിപ്പൊക്കി അല്ലാഹു അല്ലാത്തവരെ ആരാധിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചില മുസ്‌ലിം നാമധാരികളുടെ പ്രവര്‍ത്തനവും 'തകര്‍ച്ചക്കായി ശ്രമിക്കുക' എന്നതില്‍പ്പെടുന്നു. പള്ളികളുടെ ഭൗതികനാശവും ആശയപരമായ നാശവും ഒരുപോലെതന്നെ. മാത്രമല്ല, ഇത്തരം അന്ധവിശ്വാസങ്ങളെ എതിര്‍ക്കുകയും തൗഹീദിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് പള്ളിപ്രവേശം നിഷേധിക്കുന്ന സ്ഥിതി ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ, ഈ ആയത്ത് സഗൗരവം കണക്കിലെടുക്കണം. കൂടാതെ സാമ്പത്തികവും മാമൂല്‍ബന്ധിതവുമായ കാര്യങ്ങളുടെ പേരില്‍ പള്ളി ഭ്രഷ്ട് കല്പിക്കുന്നതും പാടില്ലാത്തതാണ്.

ദൈവസ്മരണക്കുവേണ്ടി പള്ളിയിലെത്തേണ്ട സമുദായത്തിന്റെ അര്‍ധഭാഗമായ സ്ത്രീകള്‍ക്ക് പള്ളിപ്രവേശം നിഷേധിക്കുന്നവര്‍ ഈ ആയത്തിന്റെ ആശയം ഓര്‍ക്കുക.''അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളികളില്‍ നിന്നു തടയരുത്'' (ബുഖാരി, മുസ്‌ലിം) എന്ന പ്രവാചകവചനവും ഇതോട് ചേര്‍ത്ത് വായിക്കണം.
 

Feedback